PERSPECTIVES

ആവേശം അല തല്ലിയ ആദ്യ റൗണ്ട്‌ മത്സരങ്ങൾക്ക് ശേഷം ഖത്തർ വേൾഡ് കപ്പ് അതിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങളിലേക്ക് കടക്കുകയാണ്.

അനാവശ്യ വിവാദങ്ങൾ കൊണ്ട് ടൂർണമെന്റിന്റെ ശോഭ കെടുത്താൻ ശ്രമിച്ച പാശ്ചാത്യൻ മാധ്യമങ്ങളുടെ നെറികെട്ട ശ്രമങ്ങൾക്ക് മുന്നിൽ നെഞ്ചും വിരിച്ച് കൊണ്ട് ഖത്തർ എന്ന കൊച്ചു രാജ്യം തലയുയർത്തി നിൽക്കുന്ന അതിമനോഹരമായ കാഴ്ച കണ്ടുകൊണ്ടാണ്‌ വേൾഡ് കപ്പിന് തിരശീല ഉയർന്നത് .സംഘാടന മികവ് കൊണ്ട് വിമർശകരുടെ വായടിപ്പിച്ച ഖത്തർ ഉൽഘാടന ദിനത്തിലെ കണ്ണഞ്ചിപ്പിക്കുന്ന പരിപാടികൾ ലോകത്തെ ഞെട്ടിച്ചു.

ആതിഥേയർ നിരാശ പെടുത്തിയ ഗ്രൂപ്പ് എ

സംഘാടനത്തിലെ മികവ് ഖത്തറിന് കളിക്കളത്തിൽ കാണിക്കാനായില്ല. കളിച്ച മൂന്ന് കളിയും തോറ്റ് 2006 ൽ സൗത്ത് ആഫ്രിക്കക്ക് ശേഷം ആദ്യ റൗണ്ടിൽ പുറത്താകുന്ന ആതിഥേയ രാജ്യമായി ഖത്തർ .

കോഡി ക്യാപ്‌കോ യുടെ മികവിൽ നെതെര്ലാന്ഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറിയപ്പോൾ കളിയുടെ അവസാന നിമിഷത്തിൽ ക്യാപ്റ്റൻ കോലുബാലിയുടെ ഗോളിൽ സെനഗലും അവസാന 16 ൽ ഇടം പിടിച്ചു .

വിയർക്കാതെ ഇംഗ്ളണ്ട്, തല ഉയർത്തി ഇറാൻ

ഗ്രൂപ്പ് ബി യിൽ രണ്ട് ജയവും ഒരു സമനിലയുമായി ഇംഗ്ലണ്ട് ഒന്നാമതായി മുന്നേറിയപ്പോൾ നിർണായക മത്സരത്തിൽ ഇറാനെ ക്രിസ്റ്റിൻ പുളിസിച്ചിന്റെ ഗോളിൽ മറികടന്ന് അമേരിക്ക ഗ്രൂ പ്പ് ബി യിലെ രണ്ടാം സ്ഥാനക്കാരായി. ഗ്രൂപ്പിൽ നിന്നും മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും ഏഷ്യൻ സാന്നിധ്യം ഇറാൻ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. 1958 നു ശേഷം ആദ്യമായി വേൾഡ് കപ്പിനെത്തിയ ഗാരെത് ബെയ്‌ലിന്റെ വെയിൽസ്‌ ആരാധകരെ നിരാശപ്പെടുത്തി.

വിറച്ചും വിറപ്പിച്ചും ഗ്രൂപ്പ് സി

ഖത്തറിന്റെ സ്വന്തം അയൽക്കാരായ സൗദി ടൂർണമെന്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയുമായാണ് ഗ്രൂപ്പ് സി യിൽ തുടങ്ങിയത്. സൗദിയെ നിസ്സാരക്കാരായി കണ്ട മെസിയെയും കൂട്ടരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പ്രകടനമാണ് സൗദി പുറത്തെടുത്തത്. ഹെർവ് റെണാൾഡ്‌ എന്ന തന്ത്ര ശാലിയായ കോച്ചും അതിർത്തി കടന്നെത്തിയ വലിയ സൗദി ആരാധകരും ചരിത്രത്തിലെ വലിയ നാണക്കേടിലേക്ക് അർജന്റീനയെ തള്ളി വിട്ടു .

സൗദിയോട് ആദ്യ കളിയിൽ തോറ്റ് ആരാധകരെ വിഷമ വൃത്തത്തിൽ ആക്കിയെങ്കിലും മെക്സിക്കോയെയും പോളണ്ടിനേം തോല്പിച്ച് ഗ്രൂപ്പ് സി യിൽ നിന്നും ചാമ്പ്യന്മാരായിട്ടാണ് അര്ജന്റീന മുന്നേറിയത്. ഗോൾ ശരാശരിയിൽ മെക്സികോയെ മറികടന്ന് ലെവൻഡോസ്‌കിയുടെ പോളണ്ടും അവസാന 16 ഇൽ എത്തി.

ഗ്രൂപ്പ് ഡി യിൽ പതിവ് ശാപം ഏറ്റില്ല

മുൻ ചാമ്പ്യന്മാർ ആദ്യ റൗണ്ടിൽ പുറത്താകുന്ന പതിവ് തെറ്റിച്ച ഫ്രാൻസ് ആദ്യ രണ്ടു കളിയും ജയിച്ച് അവസാന 16 ഇൽ എത്തിയ ആദ്യ ടീം ആയി. ടൂർണമെന്റിൽ കറുത്ത കുതിരകൾ ആകും എന്ന് വിശ്വസിച്ചിരുന്ന ഡെന്മാർക് ഗ്രൂപ്പ് ഡി യിൽ നിരാശ പെടുത്തി. ആവേശം കൊള്ളിച്ചത് ഓസ്ട്രേലിയ ആണ് . മുൻ ചാമ്പ്യന്മാരും കഴിഞ്ഞ യൂറോ സെമി ഫൈനലിസ്റ്റുകളും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും എടുത്തുപറയത്തക്ക കളിക്കാർ ഒന്നും ഇല്ലാതെ അവസാന 16 ൽ എത്തി സ്വപ്നതുല്യ നേട്ടം കൈവരിക്കാൻ അവർക്കായി .

അടിമുടി മുടി നാടകീയത - ഗ്രൂപ്പ് ഇ

ടൂർണമെന്റിലെ ഏറ്റവും നാടകീയത നിറഞ്ഞ ഗ്രൂപ്പ് ആയിരുന്നു ഗ്രൂപ്പ് ഇ. LGBT അനുകൂല നിലപടെടുത്ത ജർമനി, ടീം ഫോട്ടോയിൽ വാ മൂടി കൊണ്ട് പ്രതിഷേധിച്ചു. ഏഷ്യൻ പ്രതീക്ഷ ജപ്പാനു മുന്നിൽ വമ്പൻമാർ മുട്ടുകുത്തുന്ന കാഴ്ച ഏവരെയും അമ്പരപ്പിച്ചു. സ്പെയിനെയും ജര്മനിയെയും തോല്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറിയപ്പോൾ ജർമനിക്ക് തുടർച്ചയായ രണ്ടാം വേൾഡ് കപ്പിലും ആദ്യ റൗണ്ടിൽ പുറത്തായി വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. കോസ്റ്റാറിക്കയെ മികച്ച സ്‌കോറിൽ പുറത്താക്കിയത് അവസാന നിമിഷം സ്പെയിനിനു തുണയാകുകയായിരുന്നു .

ബെൽജിയം = ദുരന്തം

ഗ്രൂപ്പ് F യിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല . കൊട്ടിഘോഷിച്ചു വന്ന ബെൽജിയത്തിന്റെ പതനം ആയിരുന്നു എടുത്തു പറയേണ്ടത്. പ്രായാധിക്യം വന്ന കളിക്കാരും ഡ്രസിങ് റൂമിലെ അസ്വാരസ്യങ്ങളും ബെൽജിയത്തെ നാണക്കേടിന്റെ പടുകുഴിയിൽ വീഴ്ത്തി. കയ്യടി നേടിയത് മൊറോക്കോ ആണ്. ഹക്കിം സിഎച്ചും അഷറഫ് ഹക്കിമിയും ഖത്തറിൽ സ്ഥിര താമസമാക്കിയ മൊറോക്കൻ സമൂഹവും ഒരേ മനസോടെ ടീമിന് വേണ്ടി അധ്വാനിച്ചപ്പോൾ ഒരു കളിയും തോൽക്കാതെ മൊറോക്കോ അവസാന 16 ഇൽ ഇടം കണ്ടെത്തി. മധ്യനിരയുടെ കരുത്തിൽ ക്രോയേഷ്യയും അവസാന 16 ലേക്ക് പ്രയാണം ചെയ്തു . തോറ്റെങ്കിലും കാനഡ അവരുടെ കേളി മികവു കൊണ്ട് കാണികളുടെ മനം നിറച്ചു .

കാനറിക്കും കാൽ വഴുതി

അവസാന ദിനം കാമറൂൺ ബ്രസീലിനെ അട്ടിമറിച്ചതായിരുന്നു ഗ്രൂപ്പ് ജി യുടെ പ്രത്യേകത. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിക്ക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ ബ്രസീലിനെ വിൻസെന്റ് അബൂബക്കറിന്റെ ഗോളിൽ മറികടന്നപ്പോൾ ലുസൈൽ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ മുക്കാൽ ലക്ഷത്തോളം ബ്രസീൽ ആരാധകർ നാണിച്ചു തലതാഴ്ത്തി. കളിയെക്കാൾ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള സെർബിയ -സ്വിസ് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സെർബിയയെ തോല്പിച്ച് സ്വിസ്സർലാൻഡ് അടുത്ത റൗണ്ടിൽ പ്രവേശിച്ചു .

കൊറിയ -മറ്റൊരു ഏഷ്യൻ വണ്ടർ

ഏഷ്യൻ ടീമുകളുടെ മികച്ച പ്രകടനം ഒരിക്കൽ കൂടി കണ്ട ഗ്രൂപ്പ് ആയിരുന്നു ഗ്രൂപ്പ് H . അവസാന ദിനം അപ്രതീക്ഷിതമായി റൊണാൾഡോയുടെ പോർട്ടുഗലിനെ തോൽപിച്ച കൊറിയ പ്രീ ക്വാർട്ടറിൽ അപ്രതീക്ഷിത സാനിധ്യം ആയി. ഘാനയെ രണ്ട് ഗോളിന് പിന്നിലാക്കി പ്രീ ക്വാർട്ടറിലേക്ക് കുതിക്കുകയായിരുന്ന സുവാരസിന്റെ ഉറുഗ്യയെ കണ്ണീരിൽ ആഴ്ത്തിക്കൊണ്ടാണ് കൊറിയ പോർചുഗലികിനെ വീഴ്ത്തിയത് . കൊറിയയുടെ വിജയത്തോടെ ഉറുഖ്യക്ക് പ്രീ ക്വാട്ടറിലേക്കുള്ള വഴി അടഞ്ഞു.

ആർക്കും ആരെയും തോൽപിക്കാൻ കഴിയുന്ന ഒരു വേൾഡ് കപ്പാണ് ഈ വേൾഡ് കപ്പ്. ഒരു എതിരാളിയും ചെറിയ എതിരാളി അല്ല. ഇനിയുള്ളതെല്ലാം 90 മിനിറ്റിന്റെ മരണകളികൾ ആണ് .

കാത്തിരിക്കാം ഡിസംബർ 18 നു ലുസൈൽ സ്റ്റേഡിയത്തിൽ കപ്പ് ഉയർത്തുന്ന ആ കൈകൾ ആരുടേതാണന്നറിയാൻ.


ഈയുഗം