കഴിഞ്ഞ ദിവസം കുമളിയിൽ / തേക്കടി ഒന്ന് കറങ്ങാൻ പോയപ്പോഴാണ് റോഡ് അരികിൽ മറിച്ചിട്ട നിലയിൽ ഈ മൈൽ കുറ്റി കണ്ടത്.
ഒറ്റക്കല്ലിൽ തീർത്ത ഇത് പോലെത്തെ മൈയിൽ കുറ്റികൾ എൻ്റെ ചെറുപ്പക്കാലത്ത് ഒരു പാട് വഴിയരുകളിൽ കണ്ടിരുന്നു. ഇപ്പോൾ തീരെ കാണാറില്ല.
അത് കൊണ്ട് തന്നെ എനിക്ക് ഒരു കൗതുകം തോന്നി.
അതിൽ കാണിക്കുന്ന ''69 " എന്ന് പറയുന്നത് കോട്ടയത്ത് നിന്നും കുമളിലേയ്ക്ക് ഉള്ള ദൂരമാണ്. അത് അടയാളപ്പെടുത്തിയിരിക്കുന്നത് മൈൽസിലാണ്, കിലോമീറ്ററിൽ അല്ല.
കെ.കെ റോഡ് അഥവാ കോട്ടയം - കുമിളി റോഡിലെ കോട്ടയം ഭാഗത്ത് നിന്നുള്ള അവസാനത്തെ മൈയിൽ കുറ്റിയാണത്.
ബ്രിട്ടീഷുകാർ സ്ഥാപിച്ച മൈയിൽ കുറ്റി ആകുമെന്ന പ്രതീക്ഷയിലാണ് ഞാൻ ഫോട്ടോ എടുത്തത്.
അങ്ങനെയാണെങ്കിൽ അതിന് നൂറ്റമ്പത് വർഷത്തിന് മുകളിൽ എങ്കിലും പഴക്കം കാണും.
ഇപ്പോഴത്തെ പുതിയ ചൂണ്ടുപലകകൾ ഒക്കെ വന്നപ്പോൾ മൈൽ കുറ്റികൾ അപ്രസക്തമായി. റോഡ് വലുതാക്കി ടാർ ചെയ്തപ്പോൾ, ആരോ പിഴുത് അരുകിൽ തള്ളിയതാണ്.
ഇതിൻ്റെ പഴക്കം എത്ര കാണും എന്ന് അറിയാൻ ഞാൻ ഗൂഗിളിൽ ചില അന്വേഷണങ്ങൾ നടത്തി.
പഴക്കം അറിയാൻ പറ്റിയില്ലങ്കിലും, കെ. കെ റോഡിനെപ്പറ്റി താഴെ പറയുന്ന കുറെ പുതിയ അറിവുകൾ അത് നൽകി.
1. 1863 ൽ റാണി ലക്ഷ്മി ഭായിയുടെ ഭരണകാലത്താണ് കെ.കെ റോഡിൻ്റെ പണി ആരംഭിക്കുന്നത്.
2. ഇതിന് കാരണമായത് 1845 യിൽ മുണ്ടക്കയത്ത് എത്തിയ മിഷനറി ബേക്കർ ജൂനിയറാണ്.
അന്ന് മുണ്ടക്കയം തൊട്ട് കുമളി വരെ നടപ്പാത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏലവും, കുരുമുളകും, തേയിലയിലും കണ്ണ് വെച്ച് വ്യാപാരത്തിന് വന്ന ബ്രിട്ടീഷുകാർക്ക് ചരക്ക് നീക്കത്തിന് റോഡ് അത്യാവശമാണെന്ന് മനസ്സിലായി. അവരുടെ അഭ്യർത്ഥന പ്രകാരം അന്നത്തെ തിരുവതാംകൂർ ദിവാനായിരുന്നു നടപ്പാത കാളവണ്ടി പാതയായി വികസിപ്പിച്ചത്.
3. ഘോരവനത്തിലൂടെ കേവലം കാളവണ്ടി പാത ഉണ്ടാക്കാൻ മാത്രം എട്ട് വർഷം എടുത്തു. നാല് ഘട്ടമായിട്ടാണ് പണി പൂർത്തികരിച്ചത്.
4. നാല് വർഷം കൊണ്ട് കോട്ടയം തൊട്ട് മുണ്ടക്കയം വരെയും, പിന്നെ നാല് വർഷം കൊണ്ട് മുണ്ടക്കയം തൊട്ട് കുമളി വരെയും ഘട്ടം ഘട്ടമായി പണിയുകയായിരുന്നു.
5. ഓരോ ദേശത്തെയും ആയിരങ്ങളാണ് റോഡ് നിർമാണത്തിൽ പങ്കാളികളായത്. ഘോരവനങ്ങളും, ആഴമേറിയ കൊക്കകളും ചെങ്കുത്തായ പാറകെട്ടുകളും പേമാരിയും പ്രളയവും വന്യമൃഗങ്ങളുടെ ആക്രമണവും എല്ലാം റോഡ് പണി അതീവ ദുഷ്കരമാക്കി. ഒരു യുദ്ധത്തിനു പോകുന്ന പോലെയാണ് അന്ന് റോഡ് പണിക്ക് ആളുകൾ പോയിരുന്നത്. കാരണം പല ആളുകളും തിരിച്ചു വരില്ലായിരുന്നു.
6. സായിപ്പുമാരുടെ മേൽനോട്ടത്തിൽ, ആദിവാസികളെയും, നാട്ടുകാരെയും കൊണ്ടാണ് പാത പണി ആരംഭിച്ചത്. റോഡ് പണിക്ക് സായിപ്പുമാർ കുതിരപ്പുറത്ത് ഇരുന്ന് നേതൃത്വം നൽകി.
രണ്ടായിരം ആളുകൾ വരെ ഒരു ദിവസം പണി ചെയ്ത് സമയം ഉണ്ട്. പലരും മലമ്പനിയും തുള്ളൽ പനിയും പിടിച്ച് മരണപ്പെട്ടു.
7. കെ.കെ റോഡിൻ്റെ പണിയുടെ സമയത്ത് ഏറ്റവും വലിയ അപകടം ഉണ്ടായത് പാമ്പാടിയിലാണ്.
ഒരു വലിയ പാറപൊട്ടിക്കുന്നതിനിടയിൽ പണിയുന്ന ആളുകളുടെ മേലേക്ക് ആ പാറ മറിഞ്ഞു വീഴുകയായിരുന്നു. എത്ര പേർ മരിച്ചു എന്നത് ഇന്നും അജ്ഞാതമാണ്. അവരെ പാമ്പാടി കാളച്ചന്തയുടെ സമീപത്താണ് മറവ് ചെയ്തത്.
പാമ്പാടിയിൽ സായിപ്പുമാർ കൂടാരമടിച്ചു പണിക്ക് നേതൃത്വം നൽകിയ സ്ഥലത്തിന് കൂടാരകുന്ന് എന്ന പേരു വീണു.
8. റോഡ് പണി മുണ്ടക്കയത്ത് എത്തിയപ്പോൾ, മുമ്പോട്ട് വഴി നിർണ്ണയിക്കുവാൻ പറ്റാത്ത അവസ്ഥയായി.
തുടർന്ന് ആനാത്താര നോക്കിയായിരുന്നു വഴി കണ്ട് പിടിച്ചത്. അതായത് ഇപ്പോൾ കാണുന്ന കെ. കെ റോഡ് നൂറ്റാണ്ടുകൾ മുൻപ് ആനകൾ സഞ്ചരിച്ച വഴികളായിരുന്നു.
9. വിഷമുള്ളുകളും, ഉഗ്രവിഷ പാമ്പുകളും ഉള്ള വനങ്ങൾ വെട്ടി തെളിക്കാൻ മടിച്ച പണിക്കാരെയും, നാട്ടുകാരെയും, ആദിവാസികളെയും കൊണ്ട് പണി എടുപ്പിക്കാൻ സായിപ്പുമാർ ഒരു എളുപ്പവഴി കണ്ടെത്തി.
ഈ സ്ഥലങ്ങളിൽ എല്ലാം വെളളി, സ്വർണ്ണ നാണയങ്ങൾ വിതറും. ഇത് കരസ്ഥമാക്കാൻ വേണ്ടി, എല്ലാവരും കാട് വെട്ടി തെളിച്ച് വെടുപ്പാക്കും. കുറെ ആളുകൾ ഇതിനിടയിൽ പാമ്പ് കടിയേറ്റ് മരിക്കും.
ബാക്കിയുള്ളവർക്ക് സ്വർണ്ണവും, വെള്ളിയും കിട്ടും.
സായിപ്പുമാർക്ക് പണിയും നടന്നു കിട്ടും. കൂലി കൊടുക്കാതെ പണിയെടുപ്പിക്കാൻ ഉള്ള ഒരു തന്ത്രം കൂടിയായിരുന്നു ഇത്.
അങ്ങനെ ഏറ്റവും കൂടുതൽ സ്വർണ്ണം വിതറിയ സ്ഥലത്തിന് പൊൻകുന്നം എന്ന് പേര് കിട്ടി. പൊൻകുന്നത്ത് ആയിരുന്നു ഏറ്റവും കൂടുതൽ വിഷമുള്ളുകൾ ഉള്ള ചെടികളും വിഷപ്പാമ്പുകളും ഉണ്ടായിരുന്നത്.
10. 164 വർഷം മുൻപ് നടവഴിയായിരുന്ന കാട്ട് പാതയാണ് കെ. കെ റോഡെന്ന് ചരിത്ര രേഖകൾ പറയുന്നു. ശ്രീചിത്ര തിരുനാൾ മഹാരാജാവാണ് കെ.കെ റോഡ് ഉദ്ഘാടനം ചെയ്തത്. അന്നദ്ദേഹം കോട്ടയം തൊട്ട് കുമളി വരെ ഈ റോഡിലൂടെ സഞ്ചരിക്കുകയുണ്ടായി. പിന്നീട് പ്രധാനമന്ത്രിയായ നെഹ്റുവും ഈ റോഡിലൂടെ സഞ്ചരിക്കുകയുണ്ടായി. റോഡ് ടാർ ഇട്ടത് 64 വർഷങ്ങൾക്ക് മുമ്പാണ്.
എട്ടു സീറ്റുള്ള ഉള്ള കരി ഉപയോഗിച്ചുള്ള ബസ്സുകളാണ് ആദ്യം സർവീസ് നടത്തിയത്. ഈ ബസ്സുകളെ കരിവണ്ടി എന്നാണ് അന്ന് വിളിച്ചിരുന്നത്.
11. 150 വർഷങ്ങൾക്കു മുമ്പ് കോട്ടയത്ത് നിന്ന് കുമളിലേക്ക് കാളവണ്ടി സർവീസ് ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും.
എത്ര ദിവസം കൊണ്ടാണ് കാള വണ്ടി കുമളിയിൽ എത്തുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ.
12. ബ്രിട്ടീഷുകാർ കച്ചവടത്തിനും, നായാട്ടിനും വേണ്ടി ആനത്താര നോക്കി സഞ്ചരിച്ചതാണ് കെ.കെ റോഡിൻ്റെ അടിസ്ഥാനം. ഇതിൻ്റെ നിർമാണത്തിന് ആയിരങ്ങളാണ് മരിച്ചത്.
13. ഇന്ന് ഈ റോഡ് NH 183 കൊല്ലം - തേനി ഹൈവേയുടെ ഭാഗമാണ്.
NB - പല പല ചരിത്രരേഖകളും പല രീതിയിൽ പറയുന്നത് കൊണ്ട് ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഊഹാപോഹങ്ങൾ ആകാൻ സാധ്യതയുണ്ട്. പല രേഖകൾ വായിച്ചതിൽ നിന്ന് വിശ്വസിക്കാമെന്ന് തോന്നിയത് മാത്രമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. പലയിടത്തും വർഷങ്ങൾ ഒക്കെ പല രീതിയിൽ ആണ് പറഞ്ഞിരിക്കുന്നത്.
അങ്ങനെ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള, ബ്രിട്ടീഷുകാർ ഇട്ട മൈയിൽകുറ്റി, റോഡ് സൈഡിൽ നിന്ന് നിസ്സാരമായി കണ്ടു പിടിച്ച് സന്തോഷത്തിൽ ഇരുന്ന എന്നോട് എൻ്റെ പിതാവാണ് ആദ്യത്തെ വെടിപൊട്ടിച്ചത്.
കുറ്റിയിൽ കാണുന്ന 9 എന്ന പുതിയ ലിപി വന്നിട്ട് അൻപ്പത് വർഷങ്ങൾ മാത്രം ആയിട്ടുള്ളുവെന്ന്.
മൈയിൽകുറ്റിയുടെ പഴക്കം എത്രയെങ്കിലും ആകട്ടെ, ആ മൈയിൽകുറ്റി കാരണം ഇത്രയും ചരിത്രം പഠിക്കാൻ എനിക്ക് സാധിച്ചു.
കെ.കെ റോഡിൻ്റെ പണിക്കിടയിൽ മരിച്ചു വീണ ആയിരങ്ങൾക്ക് ഈ കുറിപ്പ് സമർപ്പിക്കുന്നു.
ഈയുഗം ന്യൂസ്