PERSPECTIVES

അനേകായിരം ചെറുതും വലുതുമായ കൂറകൾ ഉടലാകെ പാഞ്ഞു നടക്കുന്നതായി സ്വപ്നം കണ്ടു കൊണ്ടാണ് അവൾ എഴുന്നേറ്റത്. ശീതീകരണിയുടെ മുരൾച്ചയും വെള്ളം ഇറ്റിറ്റായി തകരപ്പാത്തിയിലേക്ക് വീഴുന്ന ശബ്ദവും മാത്രം കേൾക്കാം, സ്വീകരണമുറിയിലെ നീളൻ സോഫയിൽ കിടന്നാണ് ഉറങ്ങിപ്പോയത്. രാത്രി ഇക്കാടും മോളോടും സംസാരിച്ച് സംസാരിച്ചങ്ങനെ ഉറങ്ങിപ്പോയതാണ്. ഒറ്റയ്ക്കാണെന്ന് തോന്നിപ്പിക്കാത്തവണ്ണം അവരെപ്പോഴും അവളുടെ വിരൽത്തുമ്പിൽ ചേർന്നു നിന്നിരുന്നു. ഒരു വാട്ട്സ്ആപ് വിളിക്കപ്പുറത്ത്.

നാട്ടിൽ നിന്നും വന്ന ഇക്കാടെ ഉമ്മയെ തിരിച്ചയയ്ക്കാനാണ് ഇക്കയും മോളും അവരോടൊപ്പം നാട്ടിൽ പോയത്. വാരാന്ത്യ അവധി ദിവസങ്ങളും, നാട്ടിടവഴികളിലൂടെ നടന്നു തീർക്കാൻ രണ്ടു ദിവസങ്ങളും കൂട്ടിയെടുത്ത് അവരു പോട്ടേന്ന് ചോദിച്ചപ്പോൾ നാലു ദിവസത്തെക്കെങ്കിലും മടുപ്പിൻ്റെ യാന്ത്രിക ദിനസരികൾക്ക് ഒരു മാറ്റമാവുമല്ലോന്ന് കണക്കു കൂട്ടിയവൾ അവരുടെ കൂടെ പോവാതെ ഫ്ലാറ്റിലെ ഏകാന്തതയിൽ സ്വർഗ്ഗം തീർത്തു. ഇഷ്ടമുള്ള വേഷമണിഞ്ഞ്, ഇടക്ക് രണ്ട് നൃത്തചുവടുവെച്ച്, വായ്ക്ക് രുചിയായി കഴിക്കാനുള്ളത് തലാബാത്തിലൂടെ ഓർഡർ ചെയ്ത്, കണ്ടു തീർക്കാനുള്ള സിനിമകളുടെ ബക്കറ്റ് ലിസ്റ്റ് തീർത്ത്, യാതൊരു അലോസരങ്ങളും അലട്ടാതെ എഫ്.ബി യിലും വാട്ട്സ്ആപ് സൗഹൃദ കൂട്ടായ്മകളിലും അർമാദിച്ച്, തോന്നുമ്പോൾ ഉറങ്ങി, അലാറങ്ങളുടെ വിളി കേൾക്കാതെ ഉണർന്ന് ജീവിതം ആഘോഷമാക്കിയതിനിടയിൽ, അവൾക്ക് മടുക്കാൻ തുടങ്ങി. നാളെ അവർ തിരിച്ചെത്തുമെന്ന ആശ്വാസത്തിലേക്കാണ് ഇടിത്തീ പോലെ വിമാനങ്ങളെല്ലാം റദ്ദാക്കിയ വാർത്ത വന്നത്.

എന്നത്തേതിനേക്കാൾ പകപ്പോടെ ഇക്ക വിളിച്ചപ്പോൾ അവൾ അയാളെ ആശ്വസിപ്പിച്ചു, അയാളിലെ അവൾക്ക് മാത്രമറിയാവുന്ന ഭീരുവിനെ ആവോളം കളിയാക്കി. രാക്ഷസൻ കോട്ട പോലെ സുദൃഢമായ ഈ ഫ്ലാറ്റിനുള്ളിൽ ഒരിത്തിരി കുഞ്ഞൻ കൊറോണക്കും കടക്കാനാവില്ലെന്ന് അവൾ വെല്ലുവിളിച്ചു. എല്ലാം എത്രയും പെട്ടെന്ന് ശരിയാവും, നാട്ടിലെ സ്വച്ഛന്ദതയിൽ മുഴുകി സമാധാനിക്കൂയെന്ന് പറഞ്ഞവൾ ഒരു വേള സജലങ്ങളായ അയാളുടെ മിഴികളെ തുടക്കാതെ തുടച്ചു.

വാർത്തകളിലൂടെ കടന്നു വരുന്ന ഭീതികളിൽ നിന്നും രക്ഷപ്പെടാൻ എന്തു വഴിയെന്നോർത്തവൾ തല പുകച്ചു. ആദ്യത്തെ ദിവസം കൂട്ടുകാരെയും ബന്ധുക്കളെയുമൊക്കെ തിരഞ്ഞുപിടിച്ചു വിളിച്ചു. അഹന്തയുടെയും, പരദൂഷണത്തിൻ്റെയും വിഷകാറ്റേറ്റ് വിളറി വെളുത്തപ്പോൾ, അതവൾക്ക് വേഗം മടുത്തു. പലപ്പോഴായി കൊണ്ടുവന്ന് കാക്കക്കും പൂച്ചക്കും കൊടുക്കാതെ ഒതുക്കി വെച്ചിരുന്ന പുസ്തകക്കൂമ്പാരങ്ങളിലവൾ അഭയം പ്രാപിച്ചു. 'വല്ലിയും' 'ആരാച്ചാരും' 'അമ്പലമണികളും' പേർത്തും പേർത്തും വായിച്ചു കൊണ്ടിരുന്നു.

പിന്നീടങ്ങോട്ട് സ്വസ്ഥമായ ഉറക്കമില്ലാത്ത രാത്രികളിൽ അവളുടെ നെഞ്ചിലെ ആസ്ത്മാക്കാരിയുടെ സ്ഥിരം കുറുകലിൻ്റെ സ്വരം കൂടി വന്നു. രാത്രിയുടെ അവസാന യാമങ്ങളിൽ ഒരിറ്റു ശ്വാസത്തിനായ് കേണുകൊണ്ടവൾ തുറന്നു വെച്ച ജനാലക്കരികിൽ നിന്നു. തൊട്ടടുത്ത ഫ്ലാറ്റിലെ ഒറ്റ ചുമരിനപ്പുറത്ത് രാവെളുക്കുവോളം 'പബ്ജി' കളിക്കുന്ന അറബിപ്പയ്യൻ്റെ ആക്രോശങ്ങൾ അവളെ ഇടക്കിടെ അലോസരപ്പെടുത്തുകയും ചിലപ്പോൾ ആശ്വസിപ്പിക്കുകയും ചെയ്തു. സ്വിച്ചിട്ടാൽ പരക്കുന്ന പ്രകാശം പോലെ പെട്ടെന്ന് വെളിച്ചം പരക്കുന്ന ഈ നാടിൻ്റെ പ്രഭാതങ്ങളെയും മേഘക്കൂട്ടങ്ങൾ വർണചിത്രം രചിക്കാത്ത നരച്ച ആകാശത്തെയും അവൾക്കിഷ്ടമില്ലായിരുന്നു. വായ ആവോളം തുറന്നു വെച്ചവൾ ഭ്രാന്തമായി ശ്വസിക്കുമ്പോഴും കണ്ണടച്ച് മനസ് കൊണ്ട് തൻ്റെ നാടിൻ്റെ പച്ചപ്പിനെ താലോലിക്കും.

ശ്വാസംമുട്ടൽ പതിയെ, കുത്തുന്ന നെഞ്ചുവേദനയിലേക്ക് കളം മാറി ചവിട്ടിയ ദിവസം അവൾ ഗൂഗിളിൽ പരതി കൊണ്ടിരുന്നു. ഉറക്കമില്ലായ്മ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഭക്ഷണത്തിന് മണവും രുചിയുമില്ലാത്തത്, ലക്ഷണങ്ങളെല്ലാം കുടഞ്ഞെടുത്തവൾ നിരവധി നിഗമനങ്ങളിലെത്തി. ഹൃദ്‌രോഗം, കിഡ്നി പ്രവർത്തനരഹിതമാവുക, കാൻസർ എന്നു തുടങ്ങി കേൾക്കാനിമ്പമുള്ള ഒരു മാതിരിപ്പെട്ട അസുഖങ്ങളൊക്കെ തിരഞ്ഞു കഴിഞ്ഞു. മൃത്യുവിൻ്റെ കാലൊച്ച അടുത്തെത്തിയ പോലെ. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തപ്പോഴാണ് നെഞ്ചുവേദനയോടൊപ്പം അവൾക്ക് കാൽമുട്ടിൽ കമ്പി കൊളുത്തി വലിക്കുന്ന വേദന തോന്നിയത്.

ഒരു വേള എഴുന്നേറ്റിരുന്നവൾ കൂട്ടുകാരിയെ വിളിച്ചു. അങ്ങോട്ടെന്തെങ്കിലും പറയുന്നതിനു മുൻപെ കഴിഞ്ഞ രാത്രി പൊടുന്നനെ കുഴഞ്ഞു വീണു മരിച്ച അയൽക്കാരിയെ കുറിച്ച് പറഞ്ഞവൾ വിതുമ്പി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഗൾഫിൽ പലയിടത്തായി കുഴഞ്ഞു വീണും ഉറക്കത്തിലും മരിച്ച അനേകരുടെ കണക്കുകൾ എടുത്തു പറഞ്ഞവൾ ആവേശഭരിതയായി. തൻ്റെ ഹൃദയം നിലച്ചുപോവുമോന്ന് ഭയന്നൊരു നിമിഷത്തിൽ അവൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മെല്ലെ ഫോൺ കാൾ കട്ടാക്കി. തുടർന്നും അവൾ തിരിച്ച് വിളിച്ചപ്പോൾ, ഫോണിൽ ചാർജില്ലെന്ന് വാട്ട്സ്ആപ് സന്ദേശമയച്ച് ഫോൺ ഓഫാക്കി വെച്ചു.

അയൽക്കാരെ സഹായത്തിനു വിളിച്ച് ആശുപത്രിയിൽ പോവാനയാൾ ആവർത്തിച്ച് പറഞ്ഞപ്പോൾ സഹികെട്ടവൾ ശ്വാസം ആഞ്ഞു വലിച്ച് കൊണ്ട് പുറത്തേക്കിറങ്ങി. ശ്മശാന മൂകത നിറഞ്ഞു നിൽക്കുന്ന അകത്തളങ്ങൾ. ജീവിതത്തിൻ്റെ നൈരന്തര്യതാളം നഷ്ടപ്പെട്ടിരിക്കുന്നു. വാതിൽപ്പടിയിലെ മണിയടിച്ചിട്ടും ആരും വരാതിരുന്നപ്പോൾ അവരുറങ്ങുകയാവുമെന്നവൾ ഉറപ്പിച്ചു. തിരിച്ചു വന്ന് ഇക്കാട് പറഞ്ഞു കൊണ്ടിരുന്നപ്പോൾ മോളാണ് പറഞ്ഞത് "ഉമ്മാ ആംബുലൻസ് വിളിക്കൂ, ഒന്നുകിൽ അവരു വേണ്ട മരുന്നെത്തിക്കും അല്ലെങ്കിൽ അവരു വന്നു ചെക്ക് ചെയ്യും." അല്ലെങ്കിലും ഇന്നിൻ്റെ മക്കൾ പ്രായോഗികമതികളാണ്. വികാരങ്ങളേക്കാൾ വിവേകമാണവരിൽ പലരിലും!

ഡോക്ടർക്ക് ഫോൺ ചെയ്ത് അക്ഷമയോടെ കാത്തിരിക്കുമ്പോൾ അവളുടെ ഹൃദയം പടപടാ മിടിച്ച് കൊണ്ടിരുന്നു. പരീക്ഷാപേപ്പർ കയ്യിൽ കിട്ടുന്ന സമയത്ത് തോന്നാറുള്ളതു പോലെ വയറ്റിൽ നിന്നെന്തൊക്കെയോ ഉരുണ്ടു കയറി. ലക്ഷണങ്ങളെല്ലാം ചോദിച്ച ഡോക്ടർ തനിക്ക് കോവിഡാവാൻ സാധ്യതയുണ്ടെന്ന് പറഞ്ഞപ്പോൾ അവൾ ചിരിയോടെ നിഷേധിച്ചു. വീട്ടിൽ ആരുമില്ല, ഞാൻ പുറത്തിറങ്ങിയിട്ടില്ല,മഞ്ഞപ്പിത്തം പിടിച്ചവന് കാണുന്നതെല്ലാം മഞ്ഞയാവുമെന്ന് പറഞ്ഞ് ഉള്ളിൽ ചിരിച്ച അവൾ, കയ്യിൽ കിട്ടിയവരെയെല്ലാം നിങ്ങൾ കോവിഡ് രോഗിയാക്കുമോയെന്ന് കളി പറഞ്ഞു, ''എനിക്ക് നെഞ്ച് വേദനയാണ്, പനിയും ജലദോഷവുമൊന്നുമില്ല, ഞാൻ പുറം ലോകം കണ്ടിട്ട് നാളെത്രയായെന്നോ?" എന്നു തിരിച്ചു ചോദിച്ചു.

"നിങ്ങൾക്ക് ഭക്ഷണം കൊണ്ടുവരുന്നത്, പഴങ്ങൾ പച്ചക്കറി "

ഒരു വേള അവൾ നിശ്ശബ്ദയായി. കണ്ണുകളിൽ വെള്ളം നിറയുന്നു. നെഞ്ച് പൊടിയുന്നു. മോളെ, ജീവനായ ഇക്കാനെ, അവരെയൊന്നും കാണാതെ താനങ്ങ് പോകുമോ? മൃത്യുവിൻ്റെ മരവിപ്പിക്കുന്ന തണുപ്പ് ചുറ്റിപിടിക്കാനായുന്ന പോലെ. കോവിഡ് പരിശോധനക്കായി വീട്ടിലേക്ക് വരുമെന്ന് പറഞ്ഞപ്പോൾ ദുർബലമായ ശബ്ദത്തിൽ മൂളി.

നിരന്തരമായ ഫോൺ വിളികൾ അവഗണിച്ച് കൊണ്ട് കിടക്കുമ്പോൾ ശ്വാസം കിട്ടാതെ കുറുകുന്ന നെഞ്ചിൽ അന്നോളം കാത്തു വെച്ചിരുന്ന പരിഭവങ്ങളും വിദ്വേഷങ്ങളും കുമിഞ്ഞുകൂടി വീർപ്പുമുട്ടിച്ചു. മരണത്തിനെ കുറിച്ചുള്ള ചിന്തകൾ മാത്രം ഉള്ളിൽ നിറഞ്ഞു. ആശ്വസിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയാതിരുന്നപ്പോൾ അവൾ അംഗശുദ്ധി വരുത്തി അള്ളാഹുവിനു മുന്നിൽ സുജൂദിൽ കിടന്ന് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.

രാത്രിയിൽ സ്വാബ് ടെസ്റ്റ് എടുക്കുമ്പോൾ എന്തോ അവൾ ചെറുപ്പത്തിൽ ഉമ്മ ചെവിയിൽ കുഞ്ഞു കോഴി തൂവൽ ഇട്ട് തിരിച്ചിരുന്നതോർത്ത് പുഞ്ചിരിച്ചു. അന്ന് രാത്രി മുഴുവൻ ഉറക്കത്തിലും ഉണർച്ചയിലും മരിച്ചു മൺമറഞ്ഞ നിരവധി ആത്മാക്കളുടെ ഓർമ്മകളുടെ കൂടെയായിരുന്നവൾ.

പിറ്റേന്ന് രാവിലെ ആശുപത്രിയിൽ നിന്നും വിളിച്ച് കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞപ്പോഴും അവൾ പുഞ്ചിരിച്ചു. കാത്തിരുന്ന അതിഥി കടന്നു വന്നതു പോലെയുള്ള വികാരമായിരുന്നു. രണ്ടാഴ്ചത്തേക്കുള്ള വസ്ത്രങ്ങൾ എടുത്ത്, ആശുപത്രിയിൽ നിന്നും വരുന്ന വണ്ടിയിൽ പോവാൻ തയ്യാറാവാൻ പറഞ്ഞിരുന്നു. അവൾ ഞൊടിയിടയിൽ തയ്യാറായി. അപ്പോഴേക്കും മനസ്സിലെ സങ്കടക്കടലെല്ലാം വറ്റി നിർവികാരമായി. വണ്ടി വരുന്നതുവരെ വീടിൻ്റെ മുക്കിലും മൂലയിലും അവൾ കാണാതായതെന്തോ തിരയുന്ന കുഞ്ഞിനെ പോലെ പരതി നടന്നു. ഇനിയും തിരിച്ചു വരാൻ സാധ്യതയില്ലാത്ത പോലെ.

ആശുപത്രിയിൽ ആസ്ത്മക്കാരിക്കുള്ള പ്രത്യേക പരിശോധനകളൊക്കെ കഴിഞ്ഞ് ഐസൊലേറ്റഡ് മുറിയിലേക്ക് മാറിയപ്പോഴാണ് മോളെ വിളിച്ചത്. ചങ്കിലെ വേദനകൾ ഒളിപ്പിച്ച് എന്നത്തേയും പോലെ അവളോട് കുസൃതികൾ പറഞ്ഞു. ഞാൻ മരിച്ചാലും ഉപ്പയെ വേറെ പെണ്ണ് കെട്ടിക്കരുതെന്ന് തമാശ പറഞ്ഞപ്പോൾ എത്ര ശ്രമിച്ചിട്ടും തൊണ്ടയിടറി. ഇവിടെ പരിശോധനക്ക് നഴ്സ് വന്നിട്ടുണ്ടെന്ന് പറഞ്ഞ് വീഡിയോ കോൾ കട്ടാക്കി.

ആൻ്റിബയോട്ടിക്ക് ഗുളികകൾ കഴിച്ച് നെഞ്ചിലെ കനം കുറഞ്ഞൊരു സന്ധ്യയിലാണത് സംഭവിച്ചത്. വൈകുന്നേരത്തെ സ്ഥിരം പരിശോധനകൾക്കായി നടുത്തളത്തിൽ എത്തിയതായിരുന്നവൾ. മുന്നിൽ ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരുന്ന അറബി പെട്ടെന്നൊരു ശബ്ദത്തോടെ പിന്നിലേക്ക് മറിഞ്ഞു. നിശ്ശബ്ദമായി മയക്കത്തിലേക്ക് വീണ പോലെ. മരണദൂതൻ്റെ ഗന്ധം അവിടമാകെ നിറഞ്ഞതായി തോന്നി. കയ്യുറകളും സുരക്ഷിത വേഷവും അണിഞ്ഞ് ഡോക്ടറും നഴ്സും അയാളുടെ നെഞ്ചിൽ ആഞ്ഞമർത്തി. ഒരു വേള 'അസ്റാഈലി'ൻ്റെ * വസ്ത്രത്തിൻ്റെ കിരുകിരുപ്പ് അടുത്തടുത്ത് വരുന്നതു പോലെ. അവൾ ഓടി ചെന്ന് അയാളുടെ ശല്ക്കങ്ങൾ പൊതിഞ്ഞത് പോലുള്ള വരണ്ട ചുണ്ടുകളിൽ വിടർത്തി കൃത്രിമ ശ്വാസം നൽകി. അയാളൊന്ന് ഞരങ്ങി ചുമച്ചപ്പോൾ അവൾ കിതപ്പോടെ പിറകിലേക്ക് മാറി.

"നിങ്ങൾ? "

"ഞാനൊരു അധ്യാപികയാണ്. ഫസ്റ്റ് എയിഡ് അറിയാം"

പേരറിയാത്ത ഒരു പാട് വേദനകൾക്കിടയിലും അവളുടെ നെഞ്ചിൽ മഞ്ഞുമഴ പെയ്തു. ഒരു ജീവനെ ഭൂമിയിൽ പിടിച്ചു നിർത്തിയ ആഹ്ലാദം. നോവിൻ്റെ നീരു പൊതിഞ്ഞ അവളുടെ ഹൃദയം ആഹ്ലാദത്തോടെ തുടിച്ചു. എല്ലാ വേദനകളും മറികടന്നവൾ നോവുകൾക്ക് മേൽ അധീശത്വം സ്ഥാപിച്ച രാജ്ഞിയായി. ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന ആശ ഓരോ രോമകൂപങ്ങളെയും ത്രസിപ്പിച്ചു. പ്രിയപ്പെട്ടവൻ്റെ നിറഞ്ഞ കണ്ണുകളോടെയുള്ള മൗനം അവളുടെ നോവുകളുണക്കാനുള്ള അമൃതായി. ഈ ഭൂമിയിൽ താനൊരാൾക്കേറ്റവും പ്രിയപ്പെട്ടവളാണെന്നറിഞ്ഞപ്പോൾ അവൾ മരണത്തോട് തിരിഞ്ഞ് നിന്ന് കൊഞ്ഞനം കുത്തി.

വേദനകളുടെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴെല്ലാം അവൾ അള്ളാഹുവിന് മുന്നിൽ സുജൂദിൽ * കിടന്ന് വഴക്കിട്ടു, മുസല്ല * കൾ അവളുടെ കണ്ണുനീർ വീണ് കുതിർന്നു. കരുണാമയനായ അള്ളാഹു അവളെ ചേർത്തണക്കുന്നതായി തോന്നി. രുചിഗന്ധ മുകുളങ്ങളെല്ലാം പണി മുടക്കിയിട്ടും വൈറസിനെ തോൽപ്പിക്കാനായി അവൾ നല്ല ഭക്ഷണം കഴിച്ചു. ചുക്കും കുരുമുളകും പൊടിച്ചിട്ട കരുപ്പട്ടി കാപ്പി കുടിക്കുമ്പോൾ പനി വന്നാൽ കാപ്പി കുടിപ്പിക്കാൻ പിന്നാലെ ഓടാറുള്ള ഉമ്മയെ ഓർത്തു. കാലം കാത്തു വെച്ച പ്രതികാരം. അവൾ തനിയെയിരുന്ന് മന്ദഹസിച്ചു.

കൊറോണ നെഗറ്റീവായി വീട്ടിലേക്ക് മടങ്ങുമ്പോൾ മിശ്രവികാരങ്ങളാൽ കലുഷമായിരുന്നു മനസ്സ്. വീണ്ടും തൻ്റെ ഏകാന്തഗോപുരത്തിലേക്ക്. ആശുപത്രിയുടെ കനത്ത നിശ്ശബ്ദത പൊതിഞ്ഞു നിൽക്കുന്ന ഇടനാഴികൾ പിന്നിട്ട് വണ്ടി വരുന്നത് കാത്ത് ഇരിക്കുമ്പോഴാണ് ആ കരച്ചിൽ കേട്ടത്. ഗ്ലൗസും മുഖാവരണ വുമണിഞ്ഞിരിക്കുന്ന ആ കുടുംബത്തിൽ നിന്നും തനിക്കേറെ പരിചിതമായ ഒരു കുസൃതി സ്വരം.

"നൂറാ "

"മിസ്"

എന്നത്തേയും പോലെ വിടർത്തിയ കൈകളോടെ അവളോടി വന്നെന്നെ കെട്ടിപ്പിടിച്ചു കിലുകിലെ ചിരിച്ചു. മുഖം മറച്ചാലും ചില ശബ്ദങ്ങൾ, പരിചിത ഗന്ധങ്ങൾ. അവളുടെ ഉമ്മ നൂറയെ ഓടി വന്നെടുക്കുമ്പോഴാണ്, കൊറോണയെക്കുറിച്ചെനിക്കോർമ്മ വന്നത്.

"ഏയ് പേടിക്കേണ്ട, എനിക്ക് കൊറോണ നെഗറ്റീവായതാ."

നൂറയുടെ ഉമ്മയുടെ കണ്ണുകളിലെ വിഹ്വലത തിരിച്ചറിഞ്ഞപ്പോൾ ഞാൻ മെല്ലെ പറഞ്ഞു. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തിനേ കരയുന്നതെന്ന് ചോദിച്ചപ്പോൾ അവര് പറഞ്ഞു.

"തനിക്കും ഭർത്താവിനും നൂറക്കും കൊറോണ പോസിറ്റീവാണ്. നൂറയുടെ താഴെയുള്ള കുഞ്ഞിനു മാത്രം നെഗറ്റീവാണ്. അവനെ ഏറ്റെടുക്കാൻ കൂട്ടുകാരാരും തയ്യാറല്ല. എന്തു ചെയ്യണമെന്നറിയില്ല. എൻ്റെ കുഞ്ഞിന് കൂടി കൊറോണ പോസിറ്റീവ് ആവാൻ പ്രാർത്ഥിക്കുകയാണ് ഞാൻ മിസ്" പറഞ്ഞു തീർന്നതും മുളചീന്തുന്നതു പോലെ പൊട്ടിപ്പൊട്ടിക്കരഞ്ഞവർ.

ബലമായവൾ ആ കുഞ്ഞിനെ വാരിയെടുത്ത് മാറോട് ചേർത്തു. "നിങ്ങൾ വരുന്നത് വരെ ഞാൻ നോക്കിക്കോളാമിവനെ." പിന്നിൽ മിണ്ടാനാവാതെ നിൽക്കുന്ന നൂറയുടെ മാതാപിതാക്കളെ ഒന്നു കൂടി നോട്ടത്താൽ ആശ്വസിപ്പിച്ച് കുഞ്ഞാവയുടെ വസ്ത്രങ്ങളുടെ ബാഗ് തൻ്റെ ബാഗുകളുടെ കൂടെ വെച്ചവൾ നടന്നു. തൻ്റെ ഏകാന്തതയിലേക്ക് കടന്നു വന്ന രാജകുമാരനെ മാറോടടക്കിപ്പിടിച്ച് മൂർദ്ദാവിൽ ചുണ്ടമർത്തിക്കൊണ്ട്.

******************************************************** അസ്റാഈൽ = മരണത്തിൻ്റെ മാലാഖ സുജൂദ് = നെറ്റി ഭൂമിയിൽ വെച്ച് ദൈവത്തെ പ്രണമിക്കുക മുസല്ല = നമസ്കരിക്കുന്നതിനുള്ള പായ


ഈയുഗം