PERSPECTIVES

ജനാധിപത്യവാദികളില്‍ പലരും കരുതുന്നത് ഫാഷിസ്റ്റ് വിപത്തിനെപറ്റിയുള്ള ബോധം ഇന്ത്യന്‍ ജനതക്കുണ്ടായിത്തീര്‍ന്നുവെന്നാണ്. സത്യത്തില്‍ പുനഃപരിശോധിക്കേണ്ട ഒരു ആശയമാണിത്. ഫാഷിസ്റ്റ് അപകടത്തെ അതിന്റെ സൂക്ഷ്മതയില്‍, സമഗ്രതയില്‍, ആഴത്തില്‍ ഇന്ത്യൻ ജനത മനസ്സിലാക്കിയിട്ടുണ്ടോ എന്ന് ആലോചിക്കുമ്പോള്‍ നടുക്കത്തോടെ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം ഇനിയും അത് വേണ്ടവിധം തിരിച്ചറിയാത്ത വലിയൊരു വിഭാഗം ഇന്ത്യയിൽ നിലനില്‍ക്കുന്നു എന്നുള്ളതാണ്.

ഒരു പക്ഷേ ഫാഷിസത്തിന് പരോക്ഷ പ്രചോദനമായിത്തീരുന്നത്, ഇത്രയേറെ ഭീകരതകളും ജനാധിപത്യധ്വംസന നടപടികളും കൈകൊണ്ടിട്ടും ഫാഷിസത്തിന് കുറ്റബോധം കൂടാതെ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നത് ഇന്ത്യന്‍ ജനത വേണ്ടവിധം ഫാഷിസ്റ്റ് വിപത്തിനെ തിരിച്ചറിയുന്നില്ല എന്നുള്ളതുകൊണ്ടാണ്. നിരവധി വലതുപക്ഷ പാര്‍ട്ടികളില്‍ ഒരു പാര്‍ട്ടിമാത്രമായി ഫാഷിസ്റ്റ് രാഷ്ട്രീയത്തെ തിരിച്ചറിയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജനാധിപത്യവാദികളില്‍ ഒരു വിഭാഗം ഫാഷിസം അപകടമാണെന്ന് തിരിച്ചറിയുന്നുണ്ട്. പക്ഷെ, വെറും അപകടം എന്ന അര്‍ത്ഥത്തില്‍ തിരിച്ചറിയപ്പെടുന്നതുകൊണ്ട് ഫാഷിസത്തെ അഭിമുഖീകരിക്കാനോ അതിനെ പരാജയപ്പെടുത്താനോ കഴിയില്ല.

ഫാഷിസ്റ്റ് അപകടം ഇതിനുമുമ്പ് ഇന്ത്യന്‍ ജനത അനുഭവിച്ച എല്ലാ അപകടങ്ങളില്‍നിന്നും മൗലികമായി വ്യത്യസ്തമാണ് എന്ന് തിരിച്ചറിയാന്‍ പറ്റണം.

2014 വ്യത്യസ്തമാവുന്നത്.

2014 നു മുമ്പും ഇന്ത്യയില്‍ ഒട്ടേറെ ജനാധിപത്യവിരുദ്ധകാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ 2014 ന് ശേഷമുള്ള ജനാധിപത്യവിരുദ്ധതക്ക് മൗലികമായിട്ടുള്ള ചിലവ്യത്യസ്തകള്‍ കണ്ടെത്താന്‍ കഴിയും. 16-ാം ലോകസഭയുടെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ വരുന്നു. ഇത് വലിയൊരു വഴിത്തിരിവാണ്. കാരണം, 2002 ലെ ഗുജറാത്ത് വംശഹത്യ ഇന്ത്യയുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.

1983 ലെ നെല്ലി കൂട്ടക്കൊലയുണ്ട്. ഒരു പക്ഷേ, നമ്മുടെ പൊതുബോധത്തില്‍നിന്നുതന്നെ മായ്ച്ചുകളയപ്പെട്ട ഒരു വലിയ ഭീകരസംഭവമായിരുന്നു അത്. ആ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച തിവാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തുറന്നു നോക്കിയിട്ടില്ല. ആ വംശഹത്യ നടത്തിയതിന്റെ പേരില്‍ ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല. നെല്ലിയിലെ വംശഹത്യ അതിഭീകരം തന്നെയാണ് പക്ഷേ, അത് 1983 ല്‍ സംഭവിച്ചതാണ്. രണ്ടായിരാമാണ്ടിലാണ് ഗുജറാത്ത് വംശഹത്യ സംഭവിക്കുന്നത്. ഇത് സത്യത്തില്‍ ലോകം മുഴുവന്‍ അപലപിച്ച ഒന്നാണ്. നരേന്ദ്രമോദി അന്ന് ഗുജറാത്തിലെ മുഖ്യമന്ത്രിയാണ്. ഈ മുഖ്യമന്ത്രി ലോകത്തിനുമുമ്പില്‍ തൊഴുകൈയോടെ അപേക്ഷിച്ചിട്ടും ലോകത്തിലെ രാഷ്ട്രങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിനുമുമ്പില്‍ വാതിലുകള്‍ കൊട്ടിയടക്കുകയാണ് ചെയ്തത്. പക്ഷേ അങ്ങനെയുള്ള ഒരാള്‍ ഈ വംശഹത്യയുടെ എല്ലാ വിധ ഭീകരതകളില്‍ നിന്നും വലിയ ശക്തിയോടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി പിന്നെ ആ പദവിയില്‍നിന്ന് ഒരു രാഷ്ട്രത്തിന്റെതന്നെ പ്രധാനമന്ത്രിയായിട്ട് വളരുന്ന ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമാണ് നാം കാണുന്നത്.

അതായത് ഭീകരകൃത്യങ്ങള്‍ നടത്തിയവര്‍, കൊള്ളരുതായ്മകള്‍ നടത്തിയവര്‍, തെരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കുകയോ അവരുടെ പാര്‍ട്ടി അവരെ മാറ്റി നിര്‍ത്തുകയോ ഇത് രണ്ടും സംഭവിച്ചിട്ടില്ലെങ്കില്‍ ജനങ്ങള്‍ അവരെ മാറ്റി നിര്‍ത്തുകയോ ചെയ്യുന്ന പതിവാണ് പൊതുവെ ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ ഗുജറാത്ത് വംശഹത്യയെ തുടർന്ന് മോദി മാറിനിന്നില്ല, പാര്‍ട്ടി മാറ്റി നിര്‍ത്തിയില്ല, ഗുജറാത്തിലെ ജനങ്ങളാവട്ടെ വമ്പിച്ച ഭൂരിപക്ഷത്തോടെ ഈ ഭീകരതക്ക് പിന്തുണ നല്‍കുന്നതാണ് നമ്മള്‍ കണ്ടത്. 1998 മുതല്‍ 2004 വരെ വാജ്‌പേയിയുടെ ഭരണമുണ്ട് . അത് സംഘ്പരിവാര്‍ ഭരണം തന്നെയാണ്. പക്ഷേ ആ ഭരണകാലത്ത് നടന്നതില്‍നിന്ന് കുറേക്കൂടി വ്യത്യസ്തമായിട്ടുള്ള ഭീകരത, അതായത് ആര്‍.എസ്.എസ് എന്ന് പറയുന്ന സംഘപരിവാറിന്റെ ന്യൂക്ലിയസ് അധികാരം പൂര്‍ണമായും കൈയടക്കുന്നത് രണ്ടായിരത്തി പതിനാലോടുകൂടിയാണ്. വാജ്‌പേയ് ഇന്ത്യന്‍ പാര്‍ലമെന്റിലെ സംഘപരിവാറിന്റെ പ്രതിനിധിയായിരുന്നുവെന്നത് സത്യമാണ്. പക്ഷേ, പാര്‍ലമെന്റേറിയന്‍ എന്ന രീതിയില്‍ അദ്ദേഹം മുമ്പേ സുപരിചിതനായിരുന്നു. സംഘപരിവാറിന്റെ ദേശീയ നേതാവായിരുന്നു. നരേന്ദ്രമോദി ദേശീയ നേതാവായിരുന്നില്ല, പാര്‍ലമെന്റേറിയന്‍ ആയിരുന്നില്ല, ആര്‍.എസ്.എസ് പ്രചാരക് മാത്രമായിരുന്നു. ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായിട്ട് ഒരു ആര്‍.എസ്. എസ്. പ്രചാരക്, സംഘ് പരിവാറിന്റെ അകത്ത്‌പോലും ഒരു ദേശീയ പശ്ചാത്തലമില്ലാതിരുന്ന ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നു. ഗുജറാത്ത് വംശഹത്യക്ക് ശേഷം അദ്ദേഹത്തിന് വലിയ പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. ആ പിന്തുണ ഗുജറാത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല, ഇന്ത്യയിലെ ഫാഷിസ്റ്റുകള്‍ക്കിടയില്‍ അദ്ദേഹം ഒരു താരമായിത്തീര്‍ന്നു. ആ താരം ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ട് മാറുന്നു.

രൂപത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തമായ പുതിയൊരു രാഷ്ട്രീയ അന്തരീക്ഷം ഇന്ത്യയില്‍ രണ്ടായിരത്തി പതിനാലോടുകൂടി ആരംഭിച്ചു കഴിഞ്ഞു എന്ന അര്‍ത്ഥത്തിലാണ് രണ്ടായിരത്തി പതിനാലിനുമുമ്പും രണ്ടായിരത്തി പതിനാലിനുപിമ്പും എന്ന രീതിയില്‍ ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലം വേര്‍തിരിച്ച് കാണേണ്ടതുണ്ട് എന്നൊരു നിലപാട് ഒരു സാംസ്‌കാരിക വിമര്‍ശകന്‍ എന്ന നിലയില്‍ ഞാന്‍ മുന്നോട്ട് വെക്കാന്‍ ശ്രമിക്കുന്നത്.

സാംസ്‌കാരിക വിമര്‍ശകര്‍ ഇത്തരം നിലപാട് മുമ്പേ പുലര്‍ത്തിയിട്ടുണ്ട്. അത് പ്രസക്തമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതക്ക് ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളുടെ യഥാര്‍ത്ഥമായ ചിത്രം ഇനിയും വേണ്ടത്ര അവരുടെ മനസ്സില്‍ തെളിഞ്ഞിട്ടില്ല. കാരണം ഒരുതരത്തിലുള്ള പ്രചാരണയുദ്ധമാണ് കോടിക്കണക്കിന് പണമുപയോഗിച്ചുകൊണ്ട് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി അല്ലെങ്കില്‍ സര്‍ക്കാര്‍ ഒരു വിധത്തിലും ഏർപ്പെടുകയില്ല എന്ന് നമ്മള്‍ കരുതുന്ന ഏറ്റവും തരംതാണ തറവേല പോലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പ്രയോഗിച്ചുവെന്നതിന്റെ ലജ്ജിപ്പിക്കുന്ന ഉദാഹരണമാണല്ലോ സത്യത്തില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ചെലവെഴിച്ച പണമെത്രയാണ്? പ്രധാനമന്ത്രിപദവിയെ ദുരുപയോഗം ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവനകളെത്രയാണ്? ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏതോ തരത്തിലുള്ള ഒരു യുദ്ധമാണ് ഗുജറാത്തില്‍ നടക്കുന്നത് എന്ന മട്ടിലായിരുന്നു പ്രചാരണം. കോണ്‍ഗ്രസ്സുള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികൾ പാകിസ്ഥാന്റെ നിര്‍ദ്ദേശാനുസാരമാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഇന്ത്യയെ ജയിപ്പിക്കണം, പാകിസ്ഥാനെ തോല്‍പിക്കണം എന്ന് ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ഒരു സംസ്ഥാന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രചാരണം നടത്തിയ സമീപകാല ഇന്ത്യയിലെ ഏറ്റവും വേറിട്ട ഒരുദ്ധ്യായമായിരുന്നു സത്യത്തില്‍ അത്.

ഇതൊരര്‍ത്ഥത്തില്‍ 1948 ലെ ഗാന്ധിയെ അനുസ്മരിപ്പിക്കുന്നുണ്ട്. ഗാന്ധിയെ പാകിസ്ഥാന്‍ ചാരന്‍ എന്നുവിളിച്ചുകൊണ്ടാണല്ലോ ഗാന്ധിക്കെതിരെയുള്ള പ്രചാരണങ്ങള്‍ നടത്തിയത്. അതിന്റെ പരമാവധിയിലെത്തിയപ്പോഴാണ് അദ്ദേഹം കൊലചെയ്യപ്പെടുന്നത്.

ഫാഷിസത്തിന്റെ അപകടം ഇന്ത്യന്‍ ജനതയെ ആഴത്തില്‍ ബോധ്യപ്പെടുത്തുകയെന്ന ജോലിയാണ് മതനിരപേക്ഷ കാഴ്ചപ്പാട് പുലര്‍ത്തുന്ന എല്ലാവര്‍ക്കും സംയുക്തമായിട്ട് ചെയ്യാനുള്ളത്.

സാംസ്കാരിക മേൽക്കോയ്മ

ഇന്ത്യന്‍ ഫാഷിസത്തിന്റെ വേരുകള്‍ കിടക്കുന്നത് സത്യത്തില്‍ ഇന്ത്യയിലെ ജാതിമേല്‍ക്കോയ്മാ വ്യവസ്ഥയിലാണ്. ഇന്ത്യന്‍ ജാതി മേല്‍ക്കോയ്മാ വ്യവസ്ഥ 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതോടെ തുടങ്ങുന്നതല്ല. മറിച്ച്, ഇന്ത്യാ-പാക് വിഭജനത്തിനുതന്നെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി തീര്‍ന്നത് ജാതി വ്യവസ്ഥയുടെ ഒരു തരം മേല്‍കോയ്മയാണ്. അതായത് ജാതി വ്യവസ്ഥയുടെ മുമ്പില്‍ മുട്ടുകുത്താത്ത മനുഷ്യരെ മുഴുവന്‍ ശത്രുക്കളായി പ്രഖ്യാപിക്കുന്ന, അന്യരായി മുദ്രകുത്തുന്ന ആക്രമിക്കുന്ന, അകറ്റി നിര്‍ത്തുന്ന ഒരു കാഴ്ചപ്പാട് ഇന്ത്യയില്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് നിലവിലുണ്ട്.

ഒരു പുരസ്‌കൃത ഇന്ത്യയും ഒരു ബഹിഷ്‌കൃത ഇന്ത്യയും ജാതി മേല്‍ക്കോയ്മ ഇന്ത്യയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ആര്യസ്താന്‍ എന്നു പറയുന്ന കുലീനരുടെ ഒരു രാഷ്ട്ര സങ്കല്‍പവും മ്ലേഛസ്താന്‍ എന്നു പറയുന്ന അധഃസ്ഥിതരുടെ രാഷ്ട്രവും. ജാതി മേല്‍ക്കോയ്മയെ അംഗീകരിക്കാത്ത മനുഷ്യരെയാണ് മ്ലേഛര്‍ എന്നു വിളിച്ചത്. ആര്യസ്താന്‍ എന്നു പറയുന്ന കുലീന രാഷ്ട്രത്തിൽ അവര്‍ക്ക് യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ജാതി മേല്‍ക്കോയ്മയുടെ സാംസ്‌കാരിക വിഭജനത്തിലാണ് ഇന്ത്യാ-പാക് വിഭജനത്തിന്റെ ഒരു വേര് ആഴ്ന്നിറങ്ങുന്നത്. ഒരു സാംസ്‌കാരിക മേല്‍കോയ്മ തീര്‍ച്ചയായിട്ടും ജാതി മേല്‍കോയ്മയുടെ ഭാഗമായി ഇന്ത്യന്‍ സമൂഹത്തിൽ നിലനില്‍ക്കുന്നുണ്ട്. അതേസമയം തന്നെ അതിനോട് എതിരിട്ടുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടും ഇന്ത്യക്കകത്തുതന്നെ വ്യത്യസ്ത ജനാധിപത്യ കീഴാളപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു.

2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രാമണ ഹിദായ, രാമണ സുതായ എന്ന കാഴ്ചപ്പാടിനെ വെല്ലുവിളിച്ചുകൊണ്ട് ബഹുജന ഹിദായ, ബഹുജന സുദായ എന്ന കാഴ്ചപ്പാട് മഹാത്മാബുദ്ധന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അതുപോലെതന്നെ ബുദ്ധനിൽ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട് കീഴാള പ്രസ്ഥാനങ്ങള്‍ ആധുനിക കാലത്ത് രൂപപ്പെട്ടിട്ടുണ്ട്. ജ്യോതി ബെഫൂലെയുടെ സത്യസാത്വിക് സമാജം, ഇ.വി.ആറിന്റെ നവോത്ഥാന പ്രസ്ഥാനം, കേരളത്തില്‍ ശ്രീനാരായണഗുരു, അയ്യങ്കാളി അങ്ങനെയുള്ള പ്രസ്ഥാനങ്ങള്‍ അതുപോലെത്തന്നെ മറ്റ് നിരവധി മതസമൂഹങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന പ്രതിരോധങ്ങള്‍ ഇതൊക്കെ ഇന്ത്യയിലുണ്ടായിട്ടുണ്ട്.

സാംസ്‌കാരിക മേല്‍കോയ്മ സ്വാതന്ത്ര്യത്തിന് മുമ്പുമുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും സാംസ്‌കാരിക മേല്‍കോയ്മയുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യയില്‍ അദൃശ്യമായ ഒരു ഭരണകൂടം എന്നര്‍ത്ഥത്തില്‍ ജാതിമേല്‍കോയ്മയുടെ നേതൃത്വത്തില്‍ ഒരു ഭരണകൂടം പ്രവര്‍ത്തിക്കുന്നുണ്ട്. മാധ്യമത്തിലും ബ്യൂറോക്രസിയിലും സൈന്യത്തിലും നിയമവ്യവസ്ഥയിലുമുള്ള മേല്‍കോയ്മയായിട്ട് , അതിലൊക്കെ ഉപരിയായി പൊതുബോധത്തിന്റെ സമ്പൂര്‍ണ കയ്യടക്കലായിട്ട് അത് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, ആ അദൃശ്യഭരണകൂടവും ഇന്ത്യയിലെ ഭരണകൂടവും തമ്മില്‍ പല കാര്യങ്ങളിലും സന്ധി പുലര്‍ത്തുമ്പോഴും അവര്‍ക്കിടയില്‍ ചില സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2014 ഓടുകൂടി ജാതി മേല്‍ക്കോയ്മയുടെ അദൃശ്യ ഭരണകൂടവും നരേന്ദ്രമോദിയുടെ സര്‍ക്കാരും തമ്മിലുള്ള സമന്വയം പൂര്‍ത്തിയായി കഴിഞ്ഞുവെന്ന കാര്യമാണ് ഞാന്‍ മുന്നോട്ട് വെക്കാന്‍ ശ്രമിക്കുന്നത്. വാജ്‌പേയ് ഭരിക്കുമ്പോള്‍ പോലും ഈ അദൃശ്യഭരണകൂടവും വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും പൂര്‍ണമായും സമന്വയിക്കപ്പെട്ടിരുന്നില്ല.

ആ സമന്വയത്തെ അസാധ്യമാക്കുന്ന തരത്തില്‍ അന്ന് ഇന്ത്യന്‍ സമൂഹത്തില്‍ പലതരം മൂര്‍ത്തമായ ബദല്‍ശക്തികള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ 2014 ന് ശേഷം നമ്മള്‍ കാണുന്നത്, സമസ്ത അധികാരങ്ങളും നരേന്ദ്രമോദിയിലേക്ക് കേന്ദ്രീകരിക്കുകയും എതിര്‍ശബ്ദങ്ങളെയൊക്കെ നിര്‍വീര്യമാക്കുകയും ചെയ്തു കൊണ്ടുള്ള ഒരു തരത്തിലുള്ള നവ ഫാഷിസമായിട്ട് കൃത്യമായും കാര്യങ്ങള്‍ വേര്‍തിരിയുന്നതാണ്. (തുടരും)


കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും വാഗ്മിയും സാംസ്കാരിക വിമർശകനുമാണ് കെ.ഇ.എൻ.