// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  03, 2018   Saturday  

news



സി. എഫ്. എൽ-കളിൽ 25% ഹാനികരമായ നീല വെളിച്ചവും എൽ. ഇ. ഡി. കളിൽ 35% വും അടങ്ങിയിരിക്കുന്നു.

whatsapp

ഹൈദരാബാദ്: എൽ. ഇ. ഡി (ലൈറ്റ് എമിറ്റിങ് ഡയോഡസ്) വീട്ടിനുള്ളിലും പുറത്തും സ്ഥാപിക്കുന്നതിന് ഇന്ത്യയിലെ സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകൾ വന്‍ പ്രോത്സാഹനങ്ങളാണ് നല്‍കുന്നത്. പക്ഷെ എൽ. ഇ. ഡി. വിളക്കുകളുടെ അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാവും എന്ന് വിദഗ്ദ്ധരെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നു.

നീല വെളിച്ചത്തിൽ കൂടുതൽ നേരം നിന്നാൽ കണ്ണിന് ക്ഷീണവും, കാഴ്ചശക്തിക്ക് ക്ഷതവും സംഭവിക്കുമെന്ന് ലൈറ്റിംഗ് ഡിസൈനറും വിദ്യാഭാസ വിദഗ്ധനും ആയ അനിൽ വാലിയ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് ഹൈദരബാദില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.

സി. എഫ്. എൽ. (Compact fluorescent Light) വെളിച്ചത്തിനെ അപേക്ഷിച്ച് എൽ. ഇ. ഡി.യിൽ 10 ശതമാനം കൂടുതൽ നീലനിറമുണ്ട്. സി. എഫ്. എൽ-കളിൽ 25% ഹാനികരമായ നീല വെളിച്ചവും എൽ. ഇ. ഡി. കളിൽ 35% വും അടങ്ങിയിരിക്കുന്നു. എൽ. ഇ. ഡി. എത്രയധികം വെണ്മയായി തോന്നിക്കുന്നുവോ, അത്രയും നീലനിറത്തിന്‍റെ അളവും അതിൽ കൂടിയിട്ടുണ്ടാവും, വാലിയ വിശദീകരിച്ചു.

നീല വെളിച്ചം കണ്ണിന്‍റെ പിന്‍ഭാഗത്തെ ബാധിക്കുകയും, കൃഷ്ണമണിയുടെ ചില ഭാഗത്തിന് പ്രായത്തോട് ബന്ധപ്പെട്ട് സംഭവിക്കുന്ന ക്ഷതത്തിന് വേഗത കൂട്ടുകയും ചെയ്യുന്നതായി അദ്ദേഹം പറയുന്നു.

എൽ. ഇ. ഡി. ലൈറ്റിന് പുറമേ, മൊബൈൽ ഫോൺ, കംപ്യൂട്ടർ സ്ക്രീൻ തുടങ്ങിയ ഗാഡ്ജറ്റുകളുടെ അമിതമായ ഉപയോഗവും കൂടുതൽ നീല വെളിച്ചം കണ്ണില്‍ പതിക്കുന്നതിനു കാരണമാകുമെന്നും വാലിയ പറഞ്ഞു.

രാത്രിയിൽ നീല വെളിച്ചത്തിൽ ദീർഘമായി സമയം ചെലവഴിച്ചാൽ അത് ശരീര ഘടികാരത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ച് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്‍റെ ഉത്പാദനം കുറയ്ക്കും.

ഓരോ ഇരുപത് മിനിറ്റിലും ഡിജിറ്റൽ ഉപകരണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് ഇരുപത് സെക്കന്റ് നേരം 20 അടി അകലെയുള്ള എന്തെങ്കിലും ഒന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കണ്ണിന്റെ കാഴ്ചക്ക് ഗുണം ചെയ്യുമെന്ന് വാലിയ അഭിപ്രായപ്പെടുന്നു.

Comments


Page 1 of 0