ഈയുഗം ന്യൂസ്
June 26, 2025 Thursday 10:20:51am
ദോഹ: ജൂൺ 23 ന് അൽ ഉദൈദ് വ്യോമ താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം സൃഷ്ട്ടിച്ച അതിഗുരുതരമായ പ്രതിസന്ധി ഖത്തർ അയർവേസ് മണിക്കൂറുകൾക്കുള്ളിൽ വ്യക്തമായ പ്ലാനിങ്ങിലൂടെ മറികടന്നതായി ഖത്തർ അയർവേസ് ഗ്രൂപ്പ് സിഇഒ എഞ്ചിനീയർ ബദർ മുഹമ്മദ് അൽ-മീർ വ്യക്തമാക്കി.
ഇന്നലെ യാത്രക്കാർക്ക് നൽകിയ വിശദമായ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വ്യോമാതിർത്തി അടച്ചപ്പോൾ, 20,000 ത്തിലധികം യാത്രക്കാരുമായി 90 ലധികം ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ദോഹയിലേക്ക് പറക്കുകയായിരുന്നുവെന്നും അവ വഴിതിരിച്ചുവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലേക്ക് 25 വിമാനങ്ങളും, തുർക്കിയിലേക്ക് 18 ഉം, ഇന്ത്യയിലേക്ക് 15 ഉം, ഒമാനിലേക്ക് 13 ഉം, യുഎഇയിലേക്ക് 5 ഉം ഖത്തർ അയർവേസ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
ബാക്കിയുള്ള വിമാനങ്ങൾ ലണ്ടൻ, ബാഴ്‌സലോണ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കും യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലുടനീളമുള്ള അയർപോർട്ടുകളിലേക്കും വഴിതിരിച്ചുവിട്ടു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ, 10,000-ത്തിലധികം യാത്രക്കാർ ആ സമയത്ത് കാത്തിരിക്കുകയായിരുന്നു, അൽ-മീർ വ്യക്തമാക്കി.
അഭൂതപൂർവമായ സാഹചര്യത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതായിരുന്നു ഞങ്ങളുടെ മുൻഗണന, അദ്ദേഹം പറഞ്ഞു.
ദോഹയിലുടനീളമുള്ള ഏകദേശം 3,200 ഹോട്ടൽ മുറികളിലായി 4,600-ലധികം യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കി. 35,000-ത്തിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു, വെള്ളവും കിറ്റുകളും നൽകി. വെറും 18 മണിക്കൂറിനുള്ളിൽ, ഞങ്ങളുടെ ഷെഡ്യൂൾ ചെയ്ത പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
ഖത്തർ എയർവേയ്‌സ് സിഇഒ എല്ലാ യാത്രക്കാർക്കും, എയർലൈനിലെ ജീവനക്കാർക്കും, ലോകമെമ്പാടുമുള്ള പങ്കാളികൾക്കും അവരുടെ സഹകരണത്തിന് നന്ദി പറഞ്ഞു.