ഈയുഗം ന്യൂസ്
June 23, 2025 Monday 07:37:14pm
ദോഹ: പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി രാജ്യത്തെ വ്യോമാതിർത്തിയിലെ എല്ലാ വിമാന ഗതാഗതവും താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ അധികൃതർ തിങ്കളാഴ്ച അറിയിച്ചു.
അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്മമായും തുടർച്ചയായും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, ഔദ്യോഗിക ചാനലുകൾ വഴി പൊതുജനങ്ങൾക്ക് അപ്‌ഡേറ്റുകൾ നൽകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
യുഎഇയും വ്യോമാതിർത്തിയിലെ സിവിലിയൻ വ്യോമ ഗതാഗതം താൽക്കാലികമായി നിർത്തിവെക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഖത്തർ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റുകൾ കാണിക്കുന്നു.
ഫ്ലൈറ്റ്റഡാർ24 റിപ്പോർട്ട് പ്രകാരം ദോഹയിലേക്ക് 100 വിമാനങ്ങൾ ഇപ്പോൾ പറക്കുന്നുണ്ട്.
യുഎസ് എംബസിയിൽ നിന്നുള്ള സന്ദേശത്തിന് പിന്നാലെ ഖത്തറിലെ മറ്റ് ഗ്രൂപ്പുകളിൽ നിന്നുള്ള മുന്നറിയിപ്പുകൾ വന്നു. വിദ്യാർത്ഥികളോട് വീട്ടിലേക്ക് പോകാൻ ചില സർവകലാശാലകൾ ആവശ്യപ്പെട്ടതായി ബിബിസി റിപ്പോർട്ട് പറയുന്നു.
ഗൾഫ് മേഖലയിലെ അമേരിക്കൻ വ്യോമതാവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു.
അതേസമയം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറിലുള്ള തങ്ങളുടെ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ യുഎസും യുകെയും പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ അൽ ഉദൈദ് എയർ ബേസ് ഖത്തറിലാണെന്ന് ബിബിസി റിപ്പോർട്ട് പറയുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കനുസരിച്ച് ഏകദേശം 8,000 യുഎസ് പൗരന്മാർ അവിടെ താമസിക്കുന്നു.