ഈയുഗം ന്യൂസ്
June 22, 2025 Sunday 12:06:16pm
ദോഹ: മൂന്ന് ഇറാനിയൻ ആണവകേന്ദ്രങ്ങൾക്കു നേരെ അമേരിക്ക ഇന്ന് പുലർച്ചെ നടത്തിയ ആക്രമണം മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി.
ഇറാന്റെ തിരിച്ചടി പ്രതീക്ഷിച്ചിരിക്കുകയാണ് ലോകം. ഇസ്രായേലുമായി ചേർന്ന് അമേരിക്ക ആക്രമിച്ചാൽ മിഡിൽ ഈസ്റ്റ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി..
ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ അമേരിക്കയ്ക്ക് വ്യോമതാവളങ്ങളുണ്ട്..
യമനിലെ ഹൂത്തികളും യുദ്ധത്തിൽ പങ്കുചേരുമെന്ന് പ്രഖ്യാപിക്കുകയും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗൾഫിൽ നിന്നുള്ള എല്ലാ എണ്ണയും വാതകവും ഹോർമുസ് കടലിടുക്ക് വഴിയാണ് യൂറോപ്പിലേക്കും അമേരിക്കൻ രാജ്യങ്ങളിലേക്കും ഒഴുകുന്നത്..
അതേസമയം, ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്നും പ്രാദേശിക സംഘർഷങ്ങൾ അതിവേഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ 70 ശതമാനം സർക്കാർ ജീവനക്കാരും വീട്ടിൽ നിന്ന് ജോലി ചെയ്യുമെന്ന് ബഹ്‌റൈൻ ശനിയാഴ്ച പ്രഖ്യാപിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു..
എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. കിന്റർഗാർട്ടനുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവരുടെ ഡിജിറ്റൽ പഠന പ്ലാറ്റ്‌ഫോമുകൾ സജീവമാക്കാൻ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി..
ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു അമേരിക്കയുടെ ആക്രമണം..
ആണവ കേന്ദ്രങ്ങൾ നശിപ്പിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നുവെങ്കിലും , ചില കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിമിതമാണെന്ന് വിശ്വസനീയമായ റിപ്പോർട്ടുകൾ പറയുന്നു..
ഫോർഡോ ആണവ കേന്ദ്രമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇറാനിലെ ക്വോമിലെ പർവതനിരകളിൽ ശക്തമായ പാറകൾക്കടിയിൽ ഏകദേശം 90 മീറ്റർ താഴ്ചയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. .
ബങ്കറുകൾ തകർക്കാൻ ശേഷിയുള്ള ഭീമാകാരമായ നിരവധി B-2 ബോംബുകളാണ് അമേരിക്ക ഉപയോഗിച്ചത്.
അതേസമയം, ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തെത്തുടർന്ന് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാവുന്നതിൽ ഖത്തർ ആശങ്ക പ്രകടിപ്പിച്ചു..
മേഖലയിലെ സംഭവവികാസങ്ങൾ ആശങ്കയോടെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ സംഘർഷം പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി..
അമേരിക്കൻ ആക്രമണത്തിന് ശേഷം, ഇറാൻ ഇസ്രായേലിലേക്ക് 20 ലധികം മിസൈലുകൾ തൊടുത്തുവിട്ടു, ഇത് വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി, നിരവധി പേർ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി പറയപ്പെടുന്നു.