ഈയുഗം ന്യൂസ്
April 30, 2025 Wednesday 04:53:42pm
ദോഹ: ഖത്തറിൽ ട്രംപ് ബ്രാൻഡ് വില്ലകളും ഗോൾഫ് കോഴ്സും വരുന്നു.
18 ഹോളുകളുള്ള ട്രംപ് ഇന്റർനാഷണൽ ആഡംബര ഗോൾഫ് കോഴ്‌സും ട്രംപ് ബ്രാൻഡഡ് ആഡംബര വില്ലകളും നിർമ്മിക്കാനുള്ള കരാറിൽ ഖത്തരി ഡയാർ കമ്പനിയും സൗദി റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡാർ ഗ്ലോബലും ചൊവ്വാഴ്ച ഒപ്പുവച്ചു.
ദോഹയിൽ നിന്ന് 40 കിലോമീറ്റർ വടക്ക് നിർമിക്കുന്ന സിമൈസ്മ ടുറിസം പദ്ധതിയുടെ ഭാഗമായിരിക്കും ട്രംപ് ഗോൾഫ് കോഴ്‌സും വില്ലകളും.
ഡാർ ഗ്ലോബലുമായി സഹകരിച്ച് അഭിമാനകരമായ ട്രംപ് ബ്രാൻഡ് ഖത്തറിൽ കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മുനിസിപ്പാലിറ്റി മന്ത്രിയും ഖത്തരി ദിയർ ചെയർമാനുമായ അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു.
"ആഡംബരവും ആധികാരികതയും ഖത്തരി ഐഡന്റിറ്റിയും സംയോജിപ്പിക്കുന്ന ലോകോത്തര നഗര പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്,": അദ്ദേഹം പറഞ്ഞു.
ദി ട്രംപ് ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എറിക് ട്രംപ് ചടങ്ങിൽ പങ്കെടുത്തു.
സിമൈസ്മ പദ്ധതിയുടെ വിശാലമായ 8 ദശലക്ഷം ചതുരശ്ര മീറ്ററിനുള്ളിൽ ഏകദേശം 790,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലായിരിക്കും ട്രംപ് വില്ലകളും ഗോൾഫ് കോഴ്സും സ്ഥിതി ചെയ്യുക.
ഗോൾഫ് കോഴ്‌സിനും ബീച്ചിനും അഭിമുഖമായിട്ടായിരിക്കും വില്ലകൾ നിർമ്മിക്കുക.
ഖത്തറി ദിയാറിന്റെ നേതൃത്വത്തിലുള്ള സിമൈസ്മ പദ്ധതി ഖത്തറിന്റെ കിഴക്കൻ തീരപ്രദേശത്തെ മാറ്റിമറിക്കും. ആറര ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള തീം പാർക്ക് (ലാൻഡ് ഓഫ് ലെജൻഡ്‌സ്), ടൂറിസം, ഹോസ്പിറ്റാലിറ്റി സോണുകൾ, മറീന, ബീച്ച് ക്ലബ്, സാംസ്കാരിക, റീട്ടെയിൽ, ഡൈനിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സിമൈസ്മ പ്രൊജക്റ്റ്.