ഈയുഗം ന്യൂസ്
April 25, 2025 Friday 03:20:13pm
ദോഹ: ഹെൽത്ത് ഇൻസ്‌പെക്ടർമാർ നടത്തുന്ന പരിശോധനാ ഫലങ്ങൾ ഇനി റെസ്റ്റോറന്റുകൾക്ക് ചോദ്യം ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരിശോധനകളുടെ ഫലമായുണ്ടാകുന്ന എൻഫോഴ്‌സ്‌മെന്റ് തീരുമാനങ്ങൾ, അല്ലെങ്കിൽ ലബോറട്ടറി കണ്ടെത്തലുകൾ എന്നിവയെസംബന്ധിച്ചും റെസ്റ്റോറന്റുകൾക്ക് എതിർപ്പുകൾ സമർപ്പിക്കാൻ കഴിയും.
ഇതിനായി വാതേക് ഇലക്ട്രോണിക് ഭക്ഷ്യ സുരക്ഷാ സംവിധാനത്തിൽ പുതിയ ഇ-സേവനം ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
പരിശോധനാ ഫലമോ തുടർനടപടികളോ അറിയിച്ചതിന് ശേഷം 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഭക്ഷ്യ സ്ഥാപനങ്ങൾക്ക് എതിർപ്പുകൾ സമർപ്പിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
എതിർപ്പ് അപേക്ഷകൾ "വാതേഖ്" സംവിധാനം വഴി സമർപ്പിക്കണം. സ്ഥാപനങ്ങൾക്ക് നൽകുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് അവരുടെ അഭ്യർത്ഥനകളുടെ നില ട്രാക്ക് ചെയ്യാൻ സാധിക്കും.
തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലെ പ്രത്യേക സംഘങ്ങൾ അഭ്യർത്ഥന അവലോകനം ചെയ്യും, ഇമെയിൽ വഴി തീരുമാനം അറിയിക്കും.
നിരസിക്കപ്പെട്ടാൽ, കാരണങ്ങൾ വ്യക്തമാക്കും, അപേക്ഷകന് കൂടുതൽ പുനഃപരിശോധനയ്ക്കായി അഭ്യർത്ഥന വീണ്ടും സമർപ്പിക്കാവുന്നതാണ്.
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പും വെയർഹൗസുകൾ, റെസ്റ്റോറന്റുകൾ, ഫാക്ടറികൾ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളും തമ്മിലുള്ള സുതാര്യത വർദ്ധിപ്പിക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും ഈ സേവനം ലക്ഷ്യമിടുന്നതായി മന്ത്രാലയം പറഞ്ഞു.
വ്യക്തമായ തെളിവുകളുടെയും ശാസ്ത്രീയ കാരണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം ഭക്ഷ്യ സ്ഥാപനങ്ങൾ പരിശോധനാ ഫലങ്ങളോ നിർവ്വഹണ തീരുമാനങ്ങളോ സംബന്ധിച്ച എതിർപ്പുകൾ സമർപ്പിക്കേണ്ടത്. അവരുടെ വാദം തെളിയിക്കുന്ന തെളിവുകളോ ചിത്രങ്ങളോ പി ഡി എഫ് ഫയലുകളോ മറ്റു രേഖകളോ അറ്റാച്ചുചെയ്യാം.