ഈയുഗം ന്യൂസ്
April 21, 2025 Monday 01:04:39am
ദോഹ: ഖത്തറിലെ ബാങ്കുകളുടെയും ഔദ്യോഗിക സർക്കാർ സ്ഥാപനങ്ങളുടെയും പേരിൽ ലിങ്കുകൾ അടങ്ങിയ വ്യാജ എസ്എംഎസ് സന്ദേശങ്ങൾ അയക്കുന്ന തട്ടിപ്പു സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യ വകുപ്പ് പിടികൂടി.
സംഘത്തിലെ വനിതകളടക്കം 12 ഏഷ്യൻ വംശജരായ വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ സംഘത്തിൽ നിന്ന് പിടിച്ചെടുത്തു.
ഖത്തറിലെ വിവിധ പ്രദേശങ്ങളിലുള്ള മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
പൗരന്മാരുടെയും താമസക്കാരുടെയും ക്രെഡിറ്റ് കാർഡ് ഡാറ്റയും മറ്റ് സെൻസിറ്റീവ് വിവരങ്ങളും മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്കുകൾ അടക്കമുള്ള വ്യാജ എസ്എംഎസ് സന്ദേശങ്ങൾ ഇവർ അയച്ചിരുന്നത്.
സമീപകാലത്ത് വ്യാജ സന്ദേശങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നതിനാൽ നിരവധി തവണ അധികാരികൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നു.
വ്യാജ എസ്എംഎസ് റാക്കറ്റ് സംഘം ഖത്തറിൽ നിന്നാണ് പ്രവർത്തിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്.