ഈയുഗം ന്യൂസ്
March 27, 2025 Thursday 03:20:22pm
ദോഹ: രണ്ട് വർഷത്തിനുള്ളിൽ (2025, 2026) പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗൽ) ഏകദേശം 81 ബില്യൺ റിയാൽ ചെലവുവരുന്ന അടിസ്ഥാന സൗകര്യ പദ്ധതികളും സർക്കാർ പ്രൊജെക്ടുകളും നടപ്പിലാക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ പ്രസ്താവിച്ചു.
"രണ്ട് പ്രധാന പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഖത്തരി ദിയാർ കമ്പനിയുമായി സഹകരിച്ചു സിമൈസ്മയിൽ നടപ്പിലാക്കുന്ന പ്രമുഖ ടൂറിസം പ്രൊജക്റ്റ് ആയ 'ലാൻഡ് ഓഫ് ലെജൻഡ്‌സ്' ആണ് ഗവണ്മെന്റ് പ്രഖ്യാപിച്ച ഏറ്റവും വലിയ പദ്ധതികളിൽ ഒന്ന്." അൽ അത്തിയ പറഞ്ഞു.
രണ്ടാമത്തെ പദ്ധതി സഫാരി മൃഗശാലയാണെന്നും ഇത് നിലവിൽ ഡിസൈൻ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. "ഇതിന്റെ നിർമ്മാണവും പ്രവർത്തനവും പരിപാലനവും സ്വകാര്യ മേഖലയായിരിക്കും."
ദേശീയ മാലിന്യ സംസ്കരണ പരിപാടിയുടെ കീഴിൽ രണ്ട് പ്രധാന പദ്ധതികളുണ്ടെന്നും മന്ത്രി പറഞ്ഞു.
"സ്വകാര്യ മേഖലയ്ക്ക് 30 പ്ലോട്ടുകൾ അനുവദിക്കും. മരം, ഗ്ലാസ്, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യുന്നതിള്ള പദ്ധതികൾ ഇവിടെ തുടങ്ങും.
അടുത്ത വർഷം തുടക്കത്തിൽ സ്വകാര്യ മേഖലയ്ക്കായി മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന ഒരു വലിയ പദ്ധതി ആരംഭിക്കും. അതിന്റെ നിക്ഷേപം ഏകദേശം 5 ബില്യൺ റിയാൽ ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ദേശീയ വികസന ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്ന നിരവധി പദ്ധതികളാണ് ഗവണ്മെന്റ് തയ്യാറാക്കുന്നതെന്ന് ഫോറത്തിൽ സംസാരിച്ച പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു.