ഈയുഗം ന്യൂസ്
March 18, 2025 Tuesday 04:08:14pm
ദോഹ: മിഡിൽ ഈസ്റ്റ് മേഖല വീണ്ടും സംഘർഷത്തിലേക്ക്. ഖത്തർ-ഈജിപ്ത് മധ്യസ്ഥതയിൽ മാസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം എത്തിച്ചേർന്ന ഇസ്രായേൽ-ഹമാസ് വെടിനിർത്തലിന് ശേഷം ഇന്ന് ഇസ്രായേൽ വീണ്ടും ഗാസയിൽ മിസൈൽ ആക്രമണം നടത്തി.
400 ലധികം പലസ്തീനികളാണ് മണിക്കൂറുകൾക്കുള്ളിൽ കൊല്ലപ്പെട്ടത്.
മാത്രമല്ല യെമനിലെ ഹൂതികളും അമേരിക്കയും തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഹൂതികൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ മേഖലയിലെ അമേരിക്കൻ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തി.
ഇരുവിഭാഗവും ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു എന്ന് മാത്രമല്ല ഹൂതികൾ ആക്രമിച്ചാൽ അത് ഇറാൻ അക്രമിക്കുന്നതിന് തുല്യമായി കണക്കാക്കി ഇറാനെ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി മിഡിൽ ഈസ്റ്റ് മേഖലയെ കൂടുതൽ ഭീതിയിലാക്കി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിന്റെ നയങ്ങളാണ് പുതിയ സംഘർഷങ്ങൾക്ക് കാരണം. പൂർണമായും ഇസ്രയേലിനെയും ബെഞ്ചമിൻ നെതന്യാഹുവിനെയും പിന്തുണക്കുന്ന ട്രംപ്, ഫലസ്തീനികളുടെ വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
അതേസമയം അമേരിക്കൻ യുദ്ധക്കപ്പലിനെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഹൂത്തികൾ പറഞ്ഞു, ഇത് വടക്കൻ ചെങ്കടലിൽ "കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ അമേരിക്കൻ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ മൂന്നാമത്തെ ആക്രമണമാണ്.
ശനിയാഴ്ച ഹൂതികൾക്ക് നേരെ സനായിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 31 യമനികൾ കൊല്ലപ്പെട്ടിരുന്നു.
ചെങ്കടലിൽ വീണ്ടും കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. ഗാസ വെടിനിർത്തൽ കരാർ ഇസ്രായേൽ പാലിക്കാത്തതാണ് ഇസ്രേയൽ-അമേരിക്കൻ കപ്പലുകൾക്ക് നേരെ ആക്രമണം അഴിച്ചുവിടാൻ കാരണമെന്ന് ഹൂതികൾ പറഞ്ഞു.
എന്നാൽ ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയാൽ മേഖല വലിയ യുദ്ധഭൂമിയാകും. മാത്രമല്ല ഗൾഫ് മേഖലയെ മുഴുവൻ ബാധിക്കും. ഇറാനെതിരെ ട്രംപ് നടത്തുന്ന തുടർച്ചയായ ഭീഷണികൾ വളരെയധികം ആശങ്കയോടെയും ഭീതിയോടെയും ആണ് ഗൾഫ് മേഖല നോക്കിക്കാണുന്നത്.
ഇപ്പഴുള്ള ലോകക്രമത്തെ ചുട്ടുചാമ്പലാക്കുന്ന നയങ്ങളാണ് ട്രമ്പിന്റെത്. കാനഡ അമേരിക്കയിൽ ലയിക്കണമെന്ന ട്രമ്പിന്റെ ആവശ്യം കാനഡയിൽ വൻപ്രതിഷേധങ്ങൾക്ക് കാരണമാക്കി. ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്നാണ് ട്രമ്പിന്റെ മറ്റൊരു ഭീഷണി.
ട്രംപിന്റെ നയങ്ങൾ മൂലം യൂറോപ്പിയൻ രാജ്യങ്ങളും ആശങ്കയിലാണ്. ട്രംപിൻറെ ആദ്യ ടേമിലാണ് ഖത്തറിനെതിരെ അയൽരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയത്. ട്രംപിൻറെ പിന്തുണയാണ് ആ ഉപരോധത്തിന്റെ കാരണം.