// // // */
ഈയുഗം ന്യൂസ്
January 10, 2025 Friday 12:52:44am
ദോഹ: ആഗോളതലത്തിൽ ഖത്തർ പാസ്‌പോർട്ടിൻ്റെ മൂല്യം വീണ്ടും ഉയർന്നു.
ഖത്തർ പാസ്‌പോർട്ട് ഈ വർഷം ആറ് സ്ഥാനങ്ങൾ ഉയർന്ന് ആഗോളതലത്തിൽ 47-ാം സ്ഥാനത്തെത്തി. ഖത്തർ പൗരന്മാർക്ക് ഇപ്പോൾ 112 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
ലോകത്തെ 199 പാസ്‌പോർട്ടുകളുടെ കരുത്ത് വിലയിരുത്തുന്ന ഹെൻലി പാസ്‌പോർട്ട് സൂചിക പുറത്തിറക്കിയ 2025-ലെ ഏറ്റവും പുതിയ റാങ്കിംഗിലാണ് ഖത്തറിന് മികച്ച സ്ഥാനം.
ഒരു പാസ്‌പോർട്ടിൻ്റെ മൂല്യം നിർണ്ണയിക്കുന്നത് അതിൻ്റെ പൗരന്മാർക്ക് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണം അനുസരിച്ചാണ്.
ജിസിസി രാജ്യങ്ങളിൽ, ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ളത് യുഎഇക്കാണ്. ആഗോളതലത്തിൽ പത്താം സ്ഥാനം. എമിറാറ്റികൾക്ക് 185 സ്ഥലങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
മറ്റ് ഗൾഫ് രാജ്യങ്ങളുടെ റാങ്ക് താഴെപ്പറയുന്നവയാണ്: കുവൈറ്റ് (50), ബഹ്‌റൈൻ (58), സൗദി അറേബ്യ (58), ഒമാൻ (59).
195 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന സ്ഥാനം സിംഗപ്പൂർ നിലനിർത്തി. 193 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനമുള്ള ജപ്പാൻ രണ്ടാം സ്ഥാനത്താണ്.
അതേ സമയം, ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം 2025-ൽ മുൻവർഷത്തേക്കാൾ അഞ്ച് സ്ഥാനങ്ങൾ കുറഞ്ഞ് 85-ാം സ്ഥാനത്തേക്ക് താഴ്ന്നു. 2024ൽ 80-ാം സ്ഥാനത്തായിരുന്നു ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യൻ പാസ്‌പോർട്ട് 57 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ പ്രവേശനം വാഗ്ദാനം ചെയ്യുന്നു.
സൂചികയിൽ ഏറ്റവും അവസാന സ്ഥാനം (106) അഫ്ഗാനിസ്ഥാനാണ്..