// // // */
ഈയുഗം ന്യൂസ്
October 15, 2024 Tuesday 07:57:38pm
ദോഹ: ഖത്തറിലെ പാർലമെന്റ് ആയ ശൂറാ കൌൺസിലിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം ശൂറ കൗൺസിൽ അംഗങ്ങളെ നിയമിക്കുന്നതിനുള്ള നിർദ്ദേശത്തിൽ രാജ്യത്ത് പൗരന്മാർക്കിടയിൽ ഒരു ഹിതപരിശോധന നടത്തണമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ആവശ്യപ്പെട്ടു.
ശൂറാ കൌൺസിലിൽ ഇപ്പോഴുള്ള അംഗങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചവരാണ്. ഇതിനുപകരം അംഗങ്ങളെ നേരിട്ട് നിയമിക്കാനാണ് പുതിയ നിർദേശം.
ഇതിനായി ഭരണഘടനയിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരും.
ചൊവ്വാഴ്ച ശൂറാ കൌൺസിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് അമീർ പുതിയ നിർദേശം മുന്നോട്ടുവെച്ചത്.
2021-ൽ ആദ്യത്തെ ഷൂറ കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നു, കൗൺസിലിലെ 45 അംഗങ്ങളിൽ 30 പേരെ ജനങ്ങൾ തിരഞ്ഞെടുത്തു, ബാക്കി 15 അംഗങ്ങളെ അമീർ അപ്പോയ്ന്റ് ചെയ്തു.
അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടാലും നിയമിക്കപ്പെട്ടാലും ശൂറാ കൗൺസിലിൻ്റെ പദവിയെയും അധികാരങ്ങളെയും ബാധിക്കില്ല എന്നും അമീർ വ്യക്തമാക്കി.
"ഖത്തറിൽ നമ്മളെല്ലാം ഒരു കുടുംബമാണ്, അമീർ ഊന്നിപ്പറഞ്ഞു. "നമ്മുടെ ഐക്യവും ഐക്യദാർഢ്യവും എല്ലാറ്റിനുമുപരിയാണ്."
അതേസമയം, പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നിർത്തിവെക്കാനുള്ള തീരുമാനമെന്ന് ഒരു വിദഗ്ധൻ അഭിപ്രായപ്പെട്ടു.
വരും വർഷങ്ങളിൽ ഖത്തറിൻ്റെ സാമ്പത്തിക വളർച്ച ത്വരിതഗതിയിലാകുമെന്നും അമീർ പറഞ്ഞു.
ലോകകപ്പ് പദ്ധതികളുടെ പൂർത്തീകരണം കാരണം 2022 നും 2023 നും ഇടയിൽ വളർച്ച കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, സമ്പദ്‌വ്യവസ്ഥ 2023 ലും വളർച്ച തുടർന്നതായി അമീർ പറഞ്ഞു.
"ഈ വർഷം അവസാനത്തോടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥ 2% വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി കണക്കാക്കുന്നു. എന്നാൽ, പ്രകൃതി വാതക പദ്ധതികൾ, നിർമ്മാണ പദ്ധതികൾ, മൂന്നാം ദേശീയ വികസന തന്ത്ര സംരംഭങ്ങൾ എന്നിവ കാരണം 2025-2029 കാലയളവിൽ വളർച്ചാ നിരക്ക് പ്രതിവർഷം 4.1% ആയി കുത്തനെ ഉയരുമെന്ന് ഐ.എം.എഫ് കണക്കാക്കുന്നു," അമീർ പറഞ്ഞു.