// // // */
ഈയുഗം ന്യൂസ്
July 31, 2024 Wednesday 02:54:15pm
ദോഹ: ഇറാനിൽ വധിക്കപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മൃതദേഹം ഖത്തറിൽ ഖബറടക്കും.
ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം നടക്കുമെന്ന് ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ വ്യോമാക്രമണത്തിൽ ടെഹ്‌റാനിൽ ബുധനാഴ്ച രാവിലെയാണ് ഹനിയയും അദ്ദേഹത്തിൻ്റെ ഒരു അംഗരക്ഷകനും അവരുടെ വസതിയിൽ കൊല്ലപ്പെട്ടത്.
ഇറാൻ്റെ പുതിയ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഹനിയ കൊല്ലപ്പെട്ടത്.
ഹനിയയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പ്രതിജ്ഞയെടുത്തു. "നിങ്ങൾ ഞങ്ങളുടെ വീട്ടിലെ പ്രിയപ്പെട്ട അതിഥിയെ വധിച്ചു. ഞങ്ങളുടെ കഠിനമായ പ്രതികാരത്തിന് വഴിയൊരുക്കി," ഇസ്രായേലിനെ പരാമർശിച്ച് അലി ഖമേനി പറഞ്ഞു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സംഘർഷം വർധിച്ചുവരികയാണ്. തിങ്കളാഴ്ച ബെയ്റൂട്ടിലെ വസതിയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളെയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഇസ്രായേൽ വധിച്ചിരുന്നു.
രാജ്യത്തെ പ്രധാനപ്പെട്ട ഒരു പള്ളിയിൽ പ്രതികാരത്തിൻ്റെ പ്രതീകമായ ചെങ്കൊടി ഇറാൻ ഉയർത്തി.
ഇസ്രയേലിൻ്റെ കൊലപാതകങ്ങൾക്കെതിരെ ഇറാനും ഹിസ്ബുള്ളയും തിരിച്ചടിക്കുമെന്ന് ഉറപ്പാണ്.
അതേസമയം ഹനിയയുടെ കൊലപാതകത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഇത് ഹീനമായ കുറ്റകൃത്യവും സംഘർഷത്തിൽ അപകടകരമായ വർദ്ധനവും അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ഖത്തർ പറഞ്ഞു.
"ഞങ്ങളുടെ സഹോദരൻ, നേതാവ്, പ്രസ്ഥാനത്തിൻ്റെ തലവനായ ഇസ്മായിൽ ഹനിയ, പുതിയ (ഇറാൻ) പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ടെഹ്‌റാനിലെ ഹമാസ് ആസ്ഥാനത്ത് സയണിസ്റ്റ് ആക്രമണത്തിൽ മരണപ്പെട്ടു," ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.