ഈയുഗം ന്യൂസ്
June 29, 2024 Saturday 05:41:28pm
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത സിമൈസ്മ പദ്ധതി ഖത്തറിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണെന്നും നിരവധി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
ദോഹയിൽ നിന്ന് 40 മിനിറ്റ് ഡ്രൈവ് ചെയ്താൽ വടക്കുഭാഗത്ത് സിമൈസ്മയിൽ 20 ബില്യൺ റിയാൽ ചിലവിൽ നിർമിക്കുന്ന പ്രോജക്റ്റ് മേഖലയിൽ തന്നെ ഏറ്റവും വലിയ ടൂറിസം, വിനോദ പദ്ധതികളിൽ ഒന്നാണ്.
സിമൈസ്മ കടൽത്തീരത്ത് 7 കിലോമീറ്റർ ദൂരത്തിൽ 8 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അതായത് രണ്ടായിരം ഏക്കറിലാണ് പദ്ധതി നിർമ്മിക്കുന്നത്.
ലുസൈൽ സിറ്റി പോലെ ഖത്തറി ദിയാർ നിർമിക്കുന്ന മറ്റൊരു സുപ്രധാന പദ്ധതിയാണിത്.
ലോകോത്തര നിലവാരത്തിലുള്ള ഒരു അമ്യൂസ്‌മെൻ്റ് പാർക്കാണ് പദ്ധതിയുടെ പ്രധാന ആകർഷണം
650,000 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന അമ്യൂസ്‌മെൻ്റ് പാർക്ക് അമേരിക്കയിലെ വാൾട്ട് ഡിസ്നി പാർക്കിനെക്കാൾ വലുതായിരിക്കും.
നാല് സോണുകളിലായി റിസോർട്ടുകൾ ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്കായി 16-ലധികം ടൂറിസ്റ്റ് പ്ലോട്ടുകൾ ഈ പ്രോജക്റ്റിൽ നൽകും.
അന്താരാഷ്ട്ര ഗോൾഫ് കോഴ്‌സ്, 300 റെസിഡൻഷ്യൽ വില്ലകൾ, ഒരു മറീന, ആഡംബര ഭക്ഷണശാലകളും കടകളും പ്രോജെക്ടിൽ ഉൾപ്പെടുന്നു.
മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ, നിരവധി മന്ത്രിമാർ, പ്രമുഖർ, ഖത്തറിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപം, ടൂറിസം മേഖലകളിലെ വിദഗ്ധർ, ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
.പദ്ധതി നിരവധി നിക്ഷേപകരെ ആകർഷിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
പദ്ധതിയുടെ നിർമ്മാണം എന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.