// // // */
ഈയുഗം ന്യൂസ്
June 22, 2024 Saturday 12:40:53pm
ദോഹ: യെമനിലെ ഹൂത്തികൾ ഉയർത്തുന്ന വെല്ലുവിളി രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കൻ നാവിക സേന നേരിടുന്ന ഏറ്റവും വലിയ വെല്ലിവിളിയാണെന്ന് ഉന്നത അമേരിക്കൻ സൈനിക വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
എന്ത് ചെയ്യണമെന്നറിയാതെ അമേരിക്ക പകച്ചുനിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.
ഗാസയിലെ യുദ്ധത്തിൽ ഇസ്രായേലിനും യുഎസിനും മേൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മുതൽ ചെങ്കടൽ ഇടനാഴിയിലെ കപ്പലുകളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കുകയാണ് ഹൂതികൾ .
ഹൂതികളുടെ ആക്രമണത്തിൽ ഡസൻ കണക്കിന് കപ്പലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും രണ്ട് കപ്പലുകൾ മുങ്ങുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച ഒരു ചരക്കുകപ്പൽ ചെങ്കടലിൽ മുങ്ങി. ഇസ്രായേലി തുറമുഖത്തേക്ക് കൽക്കരി കയറ്റി പോവുകയായിരുന്നു കപ്പൽ.
"എല്ലാ തവണയും യുഎസിന് തടയാൻ കഴിയാത്ത തരത്തിലുള്ള ആക്രമണങ്ങളാണ് ഹൂത്തികൾ ഇപ്പോൾ അഴിച്ചുവിടുന്നത്. ഞങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ നേരിടേണ്ടിവരുന്നു," മുൻ യുഎസ് നേവി ഉദ്യോഗസ്ഥൻ ബ്രയാൻ ക്ലാർക്ക് പറഞ്ഞു.
"രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുഎസ് നാവികസേന കണ്ട ഏറ്റവും സുസ്ഥിരമായ പോരാട്ടമാണിത് - അതിൽ സംശയമില്ല," അദ്ദേഹം പറഞ്ഞു.
അത്യാധുനിക മിസൈലുകളും ഡ്രോണുകളുമാണ് ഹൂതികൾ ഇപ്പോൾ ഉപയോഗിക്കുന്നത്.
“ഞങ്ങൾ എന്താണ് ചെയ്യുന്നതെന്നും കപ്പലുകൾ എത്രത്തോളം ഭീഷണിയിലാണ് ചെങ്കടൽ വഴി കടന്നുപോകുന്നതെന്നും ലോകത്തിന് ശരിക്കും മനസ്സിലായിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല,” യുഎസ് നാവിക കപ്പലിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
"നമുക്ക് നേരെ വരുന്ന ഹൂതി മിസൈലോ ഡ്രോണോ കണ്ടെത്താൻ നാവികർക്ക് പലപ്പോഴും സെക്കൻഡുകൾ മാത്രമേ ലഭിക്കൂ. ഈ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അവർക്ക് മറ്റ് കപ്പലുകളുമായി ആശയവിനിമയം നടത്തണം, തുടർന്ന് മിസൈലുകൾക്കും ഡ്രോണുകൾക്കും നേരെ വെടിയുതിർത്ത് പ്രതികരിക്കണം."
ഞങ്ങളുടെ കപ്പലുകൾ ഏഴു മാസത്തിലേറെയായി ഈ പ്രതിസന്ധി നേരിടുന്നു," ക്യാപ്റ്റൻ ഡേവിഡ് വോ പറഞ്ഞു.
ഹൂതികൾക്കെതിരെയുള്ള പോരാട്ടത്തിന് അമേരിക്ക ഇതിനകം ഒരു ബില്യൺ ഡോളറിലധികം ചെലവഴിച്ചു.
യെമനിലെ ഹൂതി റഡാറുകൾക്കും സൈനിക സൈറ്റുകൾക്കുമെതിരെ അമേരിക്കയും ബ്രിട്ടീഷ് സൈന്യവും നിരവധി തവണ വ്യോമാക്രമണം നടത്തിയെങ്കിലും അവർ ആഗ്രഹിച്ച ഫലം നേടിയിട്ടില്ല.