// // // */
ഈയുഗം ന്യൂസ്
April 28, 2024 Sunday 02:12:20pm
ദോഹ: ഖത്തർ ഉൾപ്പെടെ 12 അറബ് രാജ്യങ്ങളിൽ ഒരാഴ്ചയിലധികം മിതവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് അറബ് കാലാവസ്ഥാ നിരീക്ഷകർ.
അപൂർവ്വമായാണ് അറബ് മേഖലയിൽ മുഴുവനും ഒരേ സമയം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്.
അറേബ്യ വെതർ വെബ്‌സൈറ്റാണ് അസാധാരണമായ പ്രവചനം നടത്തിയിരിക്കുന്നത്.
വെബ്‌സൈറ്റിലെ കാലാവസ്ഥാ നിരീക്ഷകർ പറയുന്നതനുസരിച്ച്, ഖത്തർ, സൗദി അറേബ്യ, ജോർദാൻ, പലസ്തീൻ, സിറിയ, ലെബനൻ, ഇറാഖ്, കുവൈറ്റ്, ബഹ്‌റൈൻ, യുഎഇ, ഒമാൻ, യെമൻ എന്നീ രാജ്യങ്ങളിലാണ് ഏപ്രിൽ അവസാനം മുതൽ ഏകദേശം പത്തു ദിവസം മഴ പെയ്യാൻ സാധ്യത.
വാരാന്ത്യത്തിൽ രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പും അറിയിച്ചു.
സൗദി അറേബ്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും ജോർദാനിലും ഇന്നലെ മഴ പെയ്തിരുന്നു.
എല്ലാ അറബ് ഗൾഫ് രാജ്യങ്ങളിലും കാലാവസ്ഥാ സംവിധാനങ്ങളിൽ സമൂലമായ മാറ്റങ്ങൾ സംഭവിക്കുന്നതായി അറേബ്യ വെതറിൻ്റെ സിഇഒ മുഹമ്മദ് അൽ ഷേക്കർ പറഞ്ഞു.
പ്രവചിച്ചതുപോലെ മുഴുവൻ അറബ് മേഖലയിലും മഴ പെയ്തില്ലെങ്കിലും, കാലാവസ്ഥാ സാഹചര്യങ്ങൾ മഴയെ സൂചിപ്പിക്കുന്നത് മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു.
യുഎഇ, ഒമാൻ, സൗദി എന്നീ രാജ്യങ്ങൾ കഴിഞ്ഞയാഴ്ച കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്.