ഈയുഗം ന്യൂസ്
April 08, 2024 Monday 03:32:33pm
ദോഹ: തിങ്കളാഴ്ച പ്രഭാത നമസ്കാരത്തിനിടെ മരണപ്പെട്ട ഹെസ്സ അൽ സുവൈദി മസ്ജിദിലെ മുഅസ്സിൻ ഷെയ്ഖ് ഖാരി മുഹമ്മദ് ഇഖ്ബാലിന് ഖത്തർ സമൂഹ മാധ്യമങ്ങളിൽ അനുശോചന പ്രവാഹം.
അൽ അസീസിയയിലെ പള്ളിയിൽ സുബ്ഹി നമസ്ക്കരിക്കുന്നതിനിടെ അവസാനത്തെ സുജൂദ് ചെയ്യുമ്പോഴാണ് ഇഖ്ബാൽ മരണപ്പെട്ടത്.
അദ്ദേഹം സമാധാനപരമായാണ് മരണപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ സോഷ്യൽ മീഡിയയിൽ പറഞ്ഞു.
അന്തരിച്ച മുഅസീൻ്റെ ഖബറടക്കം തിങ്കളാഴ്ച മെസൈമീർ സെമിത്തേരിയിൽ നടക്കുമെന്ന് ട്വിറ്ററിലെ ഖത്തർ ഡെത്ത്‌സ് എന്ന പേജിൽ പറഞ്ഞു.
പള്ളിയിൽ ബാങ്ക് വിളിക്കുന്നയാളാണ് മുഅസ്സിൻ.
ഇഖ്ബാലിൻ്റെ മരണത്തിൽ സോഷ്യൽ മീഡിയയിൽ അനുശോചനത്തിൻ്റെയും പ്രാർത്ഥനയുടെയും പ്രവാഹമായിരുന്നു, റമദാനിലെ അവസാന 10 വിശുദ്ധ ദിവസങ്ങളിൽ അദ്ദേഹം മരണപ്പെട്ട സമയവും സ്ഥലവും പലരും രേഖപ്പെടുത്തി.
ഇഖ്ബാൽ മരണപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം ദുഹർ നമസ്കാരത്തിനുള്ള ബാങ്ക് വിളി അദ്ദേഹത്തിന്റെ മകൻ നിർവഹിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ ചിലർ പോസ്റ്റ് ചെയ്തു.
“ഇന്ന് പുലർച്ചെ പ്രഭാത പ്രാർത്ഥനയ്ക്കിടെ ദൈവത്തിൻ്റെ കാരുണ്യത്തിലേക്ക് കടന്നുപോയ ഷെയ്ഖ് ഖാരി മുഹമ്മദ് ഇഖ്ബാലിൻ്റെ മക്കളിലൊരാളാണ് ദുഹ്ർ നമസ്ക്കാരത്തിനുള്ള ആദ്യ ബാങ്ക് വിളി നടത്തുന്നത്. ദൈവം അദ്ദേഹത്തോട് കരുണ കാണിക്കുകയും അദ്ദേഹത്തിന്റെ സന്തതികളെ അനുഗ്രഹിക്കുകയും ചെയ്യട്ടെ, ”ഒരാൾ എക്‌സിൽ പറഞ്ഞു.