// // // */ E-yugam


ഈയുഗം ന്യൂസ്
March  19, 2024   Tuesday   01:47:50pm

news



whatsapp

ദോഹ: റമദാനിൽ ഇഫ്ത്താറും ദാനധർമ്മങ്ങളുമായി നിരവധി വ്യക്തികളും സംഘടനകളും മുന്നോട്ട് വരുമ്പോൾ അനുകമ്പയുടെ ഹൃദയസ്പർശിയായ ഉദാഹരണമായി മാറുകയാണ് ഒരു ഖത്തർ സ്വദേശി.

വൈകുന്നേരം ഇഫ്ത്താറിന് മുമ്പ് ദോഹയിലൂടെ സഞ്ചരിക്കുമ്പോൾ നിരവധി ഖത്തറി വീടുകൾക്ക് സമീപം ആളുകളുടെ നീണ്ട ക്യൂ കാണാം. എന്നാൽ മുഹമ്മദ് അൽ മരിയുടെ വീടിന് മുമ്പിലുള്ള ക്യൂവിന്റെ വലിപ്പം പലരെയും ആശ്ചര്യപ്പെടുത്തും. കാരണം, റമദാനിൻ്റെ ആദ്യ ദിവസം മുതൽ തൻ്റെ അബു ഹമൂറിൻ്റെ വസതിയിൽ ദിവസവും രണ്ടായിരത്തോളം പേർക്കാണ് മുഹമ്മദ് അൽ മരി സൗജന്യ ഇഫ്താർ ഭക്ഷണം നൽകുന്നത്.

"ഇത് എൻ്റെ ആജീവനാന്ത പ്രതിബദ്ധതയാണ്, ഖത്തറി സംസ്കാരം കാത്തുസൂക്ഷിക്കുന്നതിനും റമദാനിലെ വിശുദ്ധ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നതിനുമുള്ള ഒരു പ്രതിജ്ഞയാണ് ഇത്. കഴിഞ്ഞ വർഷമാണ് ഞാൻ ഇത് ആരംഭിച്ചത്. എൻ്റെ ജീവിതകാലം മുഴുവൻ ഇത് ഞാൻ തുടരും," ദി പെനിൻസുലയുമായുള്ള അഭിമുഖത്തിൽ മുഹമ്മദ് അൽ മരി പറഞ്ഞു

എല്ലാവർക്കും ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന് മൂത്ത സഹോദരൻ സേലം അൽ മറി പറഞ്ഞു. "നോമ്പ് അനുഷ്ഠിച്ചാലും ഇല്ലെങ്കിലും മുസ്ലീങ്ങളെയും അമുസ്‌ലിംകളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു," അദ്ദേഹം പറഞ്ഞു, ദൈവിക സേവനമെന്ന നിലയിൽ മറ്റുള്ളവരെ സഹായിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

27 വർഷമായി കുടുംബ പാചകക്കാരനായ സിദ്ധിഖ് കുണ്ടുപറമ്പിന്റെ മേൽനോട്ടത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ചിക്കൻ മജ്ബൂസ്, ചിക്കൻ ബിരിയാണി, ദാൽ, ഹരീസ് എന്നിവയാണ് വിതരണം ചെയ്യുന്നത്.

ക്യൂവിലെ ഏക സ്ത്രീയായ ശ്രീലങ്കയിൽ നിന്നുള്ള ഷരീഫ ബാനു പറഞ്ഞു: "ഭക്ഷണം വളരെ നല്ലതും വളരെ രുചികരവുമാണ്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ വീടിന് ഇനിയും നിരവധി അനുഗ്രഹങ്ങൾ ലഭിക്കട്ടെ."

മൊവാസലാത്തിൽ ജോലി ചെയ്യുന്ന, എട്ട് വർഷമായി ഖത്തറിൽ താമസിക്കുന്ന ഖമീസ് പറഞ്ഞു, "ഇത് എനിക്ക് ഒരു അനുഗ്രഹമാണ്. ക്യൂവിൽ കാത്തുനിൽക്കുന്നത് എനിക്ക് ഇഷ്ടമാണ്. നിരവധി പേരെ പരിചയപ്പെടാം. ചിലർ കെനിയ, ഘാന, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്."

Comments


Page 1 of 0