ഈയുഗം ന്യൂസ്
January 07, 2024 Sunday 02:23:33pm
ദോഹ: ഖത്തറിൽ ഈ മാസം 12 മുതൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ഗ്രൂപ്പായ ഖത്തർ മഞ്ഞപ്പട ഇന്ത്യൻ ഫാൻസ് മീറ്റപ്പും ഷൂട്ടൗട്ട് മത്സരവൂം സംഘടിപ്പിച്ചു.
ഭീമൻ ഇന്ത്യൻ പതാകയുമേന്തി ബാൻഡിന്റെ അകമ്പടിയോടെ ഇന്ത്യൻ ഫാൻസ് അണിനിരന്നത് ഏറെ വ്യത്യസ്ഥമായൊരു കാഴ്ചയായിരുന്നു. ഇന്ത്യൻ ടീമിനു ഖത്തർ മഞ്ഞപ്പട ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം തുല്യതയില്ലാത്തതാണന്നും മറ്റാർക്കും കഴിയാതെ പോയ ആ പ്രൗഡോജ്വല സ്വീകരണം എന്നും ഓർമിക്കപ്പെടുമെന്നും നൂറ്റൻമ്പത്കോടിയൊളം വരുന്ന ഇന്ത്യൻ ജനതയുടെ ആവേശവും ആത്മാർത്ഥതയുമാണ് ഖത്തർ മഞ്ഞപ്പട ഉയർത്തിയതെന്നും സമാപന ചടങ്ങിൽ സംസാരിക്കവെ ലോക കേരളസഭ മെമ്പറും സാമൂഹിക പ്രവർത്തകനുമായ ഐസിബിഎഫ് മെമ്പർ ശ്രീ അബ്ദുൾ റഹൂഫ് കൊണ്ടോട്ടി പറഞ്ഞു.
ഏഷ്യൻ കപ്പിന് പിന്തുണയുമായി ഫാൻസ് മീറ്റപ്പും ടൂർണമെന്റും സംഘടിപ്പിച്ചത് ഫിഫയുടെ ഔദ്യോഗിക ക്ഷണിതാക്കളായി ലോകകപ്പ് വേദികളിൽ ഉൾപ്പടെ പ്രകടനങ്ങൾ നടത്തിയ ഖത്തർ മഞ്ഞപ്പട മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതര രാജ്യക്കാർ ഉൾപെടെ 32 ടീമുകൾ പങ്കെടുത്ത ഷൂട്ടൗട്ട് ടൂർണമെന്റിൽ ന്യൂ ടാസ്ക് ഖത്തർ വിജയികളായി. ബിൻ മഹ്മൂദ് എഫ്.സി, ഡൌൺ ടൌൺ എഫ്.സി തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും ഖത്തർ മഞ്ഞപ്പടയുടെ മുഴുവൻ ഓർഗനൈസിംഗ് അംഗങ്ങളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.