// // // */
ഈയുഗം ന്യൂസ്
November 12, 2023 Sunday 04:28:26pm
ദോഹ: അമേരിക്ക സന്ദർശിച്ച ഖത്തർ സ്വദേശിയായ 32 വയസ്സുള്ള സുഡാനീസ് പൗരൻ ചൊവ്വാഴ്ച മിയാമി ഗാർഡൻസിലെ പെട്രോൾ സ്റ്റേഷനിൽ വെടിയേറ്റ് കൊല്ലപ്പെട്ടതായി യുഎസ് പൊലീസ് സ്ഥിരീകരിച്ചു.
പെട്രോൾ സ്റ്റേഷന്റെ കവാടത്തിനരികിൽ നിൽക്കുകയായിരുന്ന അഹമ്മദ് അലിയുടെ കൈയിലും പുറകിലുമായി രണ്ട് തവണ വെടിയേറ്റു. അവിടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിനെ കാണാൻ അലി എത്തിയതായിരുന്നു.
വാർത്ത ഖത്തറിലെ സുഡാൻ കമ്മ്യൂണിറ്റിയെ ദുഃഖത്തിലാഴ്ത്തി. അമേരിക്കയിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു അലി.
ഭാര്യയ്‌ക്കൊപ്പം യുഎസിലേക്ക് പോകാൻ അദ്ദേഹം ലോകകപ്പ് സമയത്ത് കഠിനമായി ജോലി ചെയ്തു. ഫ്ലോറിഡയിലെ മിയാമിയിൽ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് മാത്രമാണ് അദ്ദേഹം എത്തിയത് എന്നും സുഹൃത്തുക്കൾ പറഞ്ഞു.
ഒരു സിഗരറ്റ് വലിക്കാൻ പുറത്തേക്ക് വന്നപ്പോഴാണ് അലിക്ക് വെടിയേറ്റത്. ദുരന്തം സംഭവിക്കുമ്പോൾ അലിയുടെ ഭാര്യ നാല് മാസം ഗർഭിണിയായിരുന്നു.
അക്രമിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 5,000 ഡോളർ വരെ പാരിതോഷികം നൽകുമെന്ന് അമേരിക്കൻ പോലീസ് അറിയിച്ചു.
ദോഹയിലെ സുഡാനീസ് കൾച്ചറൽ സെന്ററിൽ പ്രാർത്ഥനകൾ നടത്താൻ തീരുമാനിച്ചതായി കമ്മ്യൂണിറ്റി വൃത്തങ്ങൾ അറിയിച്ചു.