// // // */ E-yugam


ഈയുഗം ന്യൂസ്
September  05, 2023   Tuesday   05:47:02pm

news



whatsapp

ദോഹ: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിഴ ലഭിക്കുന്ന ഡ്രൈവർമാർക്ക് നിയമലംഘനത്തിന് ഡിസ്‌കൗണ്ട് നൽകില്ലെന്ന് ട്രാഫിക് അധികൃതർ അറിയിച്ചു.

പല ട്രാഫിക് നിയമങ്ങളും ലംഘിക്കുന്നവർക്ക് നേരത്തെ പിഴ അടച്ചാൽ ഡിസ്‌കൗണ്ട് ലഭിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ വിശദീകരണം. ശക്തമായ നിയമനടപടികളിലൂടെ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

നിയമലംഘനം നടത്തുന്നവർ ഇളവുകളില്ലാതെ പിഴയായി 500 റിയാൽ അടയ്‌ക്കേണ്ടിവരുമെന്ന് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക് ലംഘന വിഭാഗം ഓഫീസർ ക്യാപ്റ്റൻ മുഹമ്മദ് റാബിയ അൽ കുവാരി ഖത്തർ റേഡിയോയോട് പറഞ്ഞു.

50 മുതൽ 60% വരെ റോഡപകടങ്ങൾ സംഭവിക്കുന്നത് മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് പാലിക്കാത്തതുകൊണ്ടുമാണ് എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം 30 ദിവസത്തിനകം പിഴ അടക്കുകയാണെങ്കിൽ, സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുള്ള പിഴകളിൽ 50% ഇളവ് ബാധകമാകുമെന്നും അൽ കുവാരി പറഞ്ഞു.

സീറ്റ് ബെൽറ്റിന്റെ അഭാവം, മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗത എന്നിങ്ങനെ മൂന്ന് തരത്തിലുള്ള നിയമലംഘനങ്ങൾ ഒരേസമയം കണ്ടെത്താൻ കഴിവുള്ള പുതിയ ഏകീകൃത റഡാർ സംവിധാനം ഖത്തർ പുറത്തിറക്കിയ സാഹചര്യത്തിലാണ് ട്രാഫിക് വകുപ്പിന്റെ വിശദീകരണം.

Comments


Page 1 of 0