// // // */ E-yugam


ഈയുഗം ന്യൂസ്
August  02, 2023   Wednesday   09:52:38pm

newswhatsapp

ദോഹ: മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ പ്രവാസി സമൂഹം ശബ്ദമുയർത്തണമെന്ന് അടയാളം ഖത്തർ ആവശ്യപ്പെട്ടു.

മനുഷ്യ സ്നേഹത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് മണിപ്പൂരിലെ കലാപത്തിൽ ഇരകളായവരോട് ഐക്യപ്പെടാനും, ഹിന്ദുത്വ-കോർപ്പറേറ്റ്-മൂലധന ശക്തികളുടെ കുടില തന്ത്രങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് അതിനെതിരെ ശബ്ദമുയർത്താനും എല്ലാ പ്രവാസികളോടും അടയാളം ഖത്തർ ആവശ്യപ്പെട്ടു.

"മണിപ്പൂരിൽ നിന്നും വരുന്ന വാർത്തകൾ വളരെ നിഷ്ടൂരവും ഭീതിജനകവുമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും സാമാന്യ ജനങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതാണ്," സംഘടന ഒരു പ്രസ്താവനയിൽ പറഞ്ഞു.

"മണിപ്പൂരിലെ രണ്ട് പ്രബല വിഭാഗങ്ങളായ മെയ്തികളും കുക്കികളും തമ്മിലുള്ള കുടിപ്പകയാണ് മണിപ്പൂരിലെ കലാപത്തിനു കാരണം എന്നാണ് ഭരണകൂടം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യവുമായി പൊരുത്തമില്ലാത്ത ഒന്നാണ്. രാഷ്ട്രീയവും ഭരണപരവുമായ തീരുമാനങ്ങള്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ മുതലെടുത്ത് രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരത്തിന്റെ വിഭജന രാഷ്ട്രീയമാണ് ഇത്തരം ലളിത സമവാക്യ രചനയിലൂടെ മറച്ചുവെക്കപ്പെടുന്നത്."

"മണിപ്പൂർ ജനസംഖ്യയുടെ 53% വരുന്ന മെയ്തികൾ ഒറ്റക്കെട്ടായ സമൂഹമല്ല. വ്യത്യസ്ത മതങ്ങളിലും ജാതികളിലും ആയി വിഭജിച്ചുനില്‍ക്കുന്ന ഒരു സമൂഹമാണത്. സ്വാതന്ത്ര്യാനന്തര ഘട്ടത്തിൽ മെയ്തികള്‍ക്കിടയിലെ പ്രബല വിഭാഗങ്ങള്‍ തങ്ങളെ ഗോത്രസമൂഹമായി പരിഗണിക്കുന്നതിനെ വിലക്കുകയുണ്ടായി. ഇവരില്‍ ഒരു വിഭാഗം വൈഷ്ണവമതം സ്വീകരിച്ച ശേഷം സ്വയം ജാതി ഹിന്ദുക്കളായി പരിഗണിക്കുകയും പരമ്പരാഗത സനാമഹി വിശ്വാസം പിന്തുടരുന്ന മെയ്തി വിഭാഗങ്ങളെ തൊട്ടുകൂടാത്തവരായി കണക്കാക്കുകയും ചെയ്തു. വൈഷ്ണവമതം സ്വീകരിച്ച മെയ്തി വിഭാഗങ്ങള്‍ ഇതര മെയ്തി സമൂഹങ്ങളെ താഴ്ന്നവരായി വിശേഷിപ്പിച്ചു പൊന്നു. അവരെ 'അശുദ്ധം' എന്ന അര്‍ത്ഥം വരുന്ന‍ 'മംഗ്ബ' എന്നാണ് വിളിച്ചുപോന്നത്. ആദിവാസി വിഭാഗങ്ങളെ അവഹേളിക്കുന്നതിനായി 'ഹവോ' എന്ന വാക്കും ഉപയോഗിച്ചുവരുന്നു," അടയാളം ഖത്തർ പ്രസ്താവനയിൽ പറയുന്നു.

"മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ പട്ടികജാതിയിൽ പെട്ടവരെ 'തൊട്ടുകൂടാത്തവരായി' കണക്കാക്കുന്നു. അടുത്തിടെ ഹൈക്കോടതി വിധിയിലൂടെ മുന്നോട്ട് വെയ്ക്കപ്പെട്ട സംവരണനിയമത്തിലെ മാറ്റം കുക്കികൾക്ക് ഉണ്ടാക്കുന്ന സംവരണ നഷ്ടം പോലെതന്നെ, മെയ്തികളിലെ പട്ടികജാതികൾക്കും ആദിവാസി വിഭാഗങ്ങൾക്കും നഷ്ടമുണ്ടാക്കുന്നതാണ്."

"മലയോര മേഖലയിൽ ഭൂമി വാങ്ങിക്കാനുള്ള അവകാശം സാർവത്രികമാക്കുന്ന നിയമ നിർമ്മാണത്തിലൂടെ, സാമ്പത്തികവും രാഷ്ട്രീയവും ആയി സ്വാധീനമുള്ള ഒരു ചെറിയ വിഭാഗം മെയ്തികളെ മുൻനിറുത്തി ഭരണകൂടം നടത്തുന്ന രാഷ്ട്രീയക്കളി വനമേഖയിലെ സമ്പുഷ്ടമായ ധാതുവിഭവങ്ങളെ കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള അവസരമൊരുക്കാനുള്ളതാണ്. എണ്ണപ്പന കൃഷിക്കായി മണിപ്പൂരിലെ ആറ് ജില്ലകളിൽ നിന്ന് മാത്രമായി 66,652 ഹെക്ടർ ഭൂമി കണ്ടെത്താനുള്ള തീരുമാനവും ഇത്തരത്തിലുള്ള കോർപ്പറേറ്റ് താല്പര്യമാണ്. അതിന് പാകമാകുന്ന വിധത്തിൽ കുക്കികളെ വ്യാപകമായി വനമേഖലകളിൽ നിന്നും അടിച്ചോടിപ്പിക്കുക എന്നതാണ് ഇന്നത്തെ കലാപങ്ങളുടെ പ്രധാന ലക്ഷ്യം. അതിന് പാകമാകുന്ന നിലയിൽ ബോധപൂർവ്വം ഭരണകൂടവും അനുബന്ധ സംഘടനയായ സംഘപരിവാറും ചേർന്ന് നടത്തുന്ന ഒരു രാഷ്ട്രീയക്കളിയാണ് ഇന്ന് മണീപ്പൂരിൽ നടക്കുന്ന കലാപങ്ങൾ."

"അത് ഒരു ഭാഗത്ത് ഭൂരിപക്ഷം വരുന്ന മെയ്തികളെ കുക്കികൾക്കെതിരെ പ്രതിഷ്ടിച്ച് തങ്ങളുടെ ഹിന്ദുരാഷ്ട്രപദ്ധതിയിലേയ്ക്കുള്ള കാൽ വെയ്പ്പായും മറുഭാഗത്ത് കോർപ്പറേറ്റ് വികസന പദ്ധതിയായും ഇത് പ്രവർത്തിക്കുന്നു. അതായത് മണിപ്പൂർ കലാപം ഇന്ത്യയിൽ വ്യാപകമായി നടക്കുന്ന ഹിന്ദുത്വ കോർപ്പറേറ്റ് ഫാസിസ്റ്റ് പദ്ധതിയുടെ ഭാഗമാണ്. അപരരെ സൃഷ്ടിക്കുകയും അപരരെ സായുധമായിപോലും ഇല്ലാതാക്കുന്ന പദ്ധതിതന്നെയാണ് മണിപ്പൂരിൽ നടക്കുന്നത്. സംഘപരിവാർ വളർത്തിക്കൊണ്ടുവന്നിട്ടുള്ള സായുധസംഘങ്ങളായ മെയ്തി ലീപുൻ, ആരംബായ് തെൻഗ്ഗോൽ തുടങ്ങിയ സംഘപരിവാർ സംഘടനകൾ കുക്കി-സോമി ഗോത്രവർഗ്ഗക്കാർക്കെതിരായ ആക്രമങ്ങൾ അഴിച്ചുവിടുന്നതിൽ പ്രധാന റോൾ വഹിക്കുന്നു."

"ഇന്ത്യയിൽ ഉയർന്നുവരുന്ന ഏത് കലാപത്തെയും മണിക്കൂറുകൾക്കകം അടിച്ചമർത്താവുന്ന വിധം സുസജ്ജമായ സംവിധാനങ്ങൾ സംസ്ഥാന കേന്ദ്ര-സർക്കാരുകൾക്ക് കീഴിൽ ഉണ്ടെന്നിരിക്കെ യാതൊരുവിധ ഇടപെടലുകൾക്കും തയ്യാറാകാതെ കലാപം പടരുന്നതിനും അതിന്റെ രാഷ്‌ടീയ ലക്ഷ്യം കൊയ്യാനുള്ള കുടില തന്ത്രമാണ് ഇരു സർക്കാരുകളും പയറ്റുന്നത്. നേരത്തെ ഗുജറാത്തെങ്കിൽ ഇപ്പോൾ മണിപ്പൂരാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. നാളെ രാജ്യത്തെവിടെയും സംഭവിക്കാമെന്ന ആശങ്കയും ചെറുതല്ല. ഈ സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ട് ജനാധിപത്യത്തിലും സമാധാനാന്തരീക്ഷത്തിലും വിശ്വാസമുള്ള മുഴുവൻ ജനങ്ങളും വിശാലമായ ഫാസിസ്റ്റ് വിരുദ്ധ ജനകീയ ഐക്യം ഉയർത്തിക്കൊണ്ടുവരേണ്ടത് കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു,@" അടയാളം ഖത്തർ പ്രസ്താവനയിൽ പറഞ്ഞു.

Comments


Page 1 of 0