// // // */ E-yugam


ഈയുഗം ന്യൂസ്
June  11, 2023   Sunday   04:13:23pm

news



whatsapp

ദോഹ: യുവഎഴുത്തുകാരിയും ഖത്തർ പ്രവാസിയുമായ ഷമിന ഹിഷാമിന്റെ പ്രഥമ നോവൽ 'ഊദ്' ന്റെ ഖത്തറിലെ പ്രകാശനവും ചർച്ചയും ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറത്തിന്റെ നേതൃത്വത്തിൽ തുമാമ IICC കാഞ്ഞാണി ഹാളിൽ നടന്നു.

2022 ഡി.സി. നോവൽപുരസ്‌കാര നിർണയ സമിതിയുടെ പ്രത്യേക പരാമർശത്തിനർഹമായ നോവലിന്റെ പ്രകാശനചടങ്ങ് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) പ്രസിഡണ്ട് എ പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പുസ്തകത്തിന്റെ പ്രകാശനം ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവയും പ്രമുഖ സാമൂഹ്യ-സാസ്കാരിക പ്രവർത്തകനും വ്യവസായിയുമായ എ.കെ. ഉസ്മാനും ചേർന്ന് നിർവഹിച്ചു.

ഡി സി നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടികയിൽ അവസാന മൂന്നിലെത്തിയ 'ഊദ്' ന്റെ പ്രസാധകർ ഡി.സി. ബുക്സ് തന്നെയാണ്. ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡണ്ട് ഡോ. സാബു.കെ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോറം ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതഭാഷണവും ഷംന ആസ്മി പുസ്തകപരിചയവും നിർവഹിച്ചു.

തലമുറകളെ മാനവികമായ ഔന്നത്യത്തിലേക്ക് നവീകരിക്കുന്നതിൽ എഴുത്തുകാർക്കും പുസ്തകങ്ങൾക്കും വലിയ പങ്കുണ്ടെന്നും വാക്ക് ഏതുകാലത്തും ഒരു സമരായുധം കൂടിയാണെന്നും ഉദ്ഘാടനഭാഷണം നിർവഹിച്ച ഐസിസി പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

ഇന്ത്യക്കാരായ പ്രവാസികൾക്കിടയിൽ സാഹിത്യാഭിരുചി വളർത്താനും സാഹിത്യപ്രർത്തനങ്ങളെ പിന്തുണക്കുന്നതിനുമായി ഐസിസിക്കു കീഴിൽ വിവിധ ഭാഷകളിൽ ലിറ്ററേച്ചർ ക്ലബുകൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൻസീം കുറ്റ്യാടി മോഡറേറ്ററായ ചടങ്ങിൽ റേഡിയോ മലയാളം 98.6 FM സി.ഇ.ഒ. അൻവർ ഹുസൈൻ, എഫ് സി സി ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി, കലാ-സാംസ്കാരിക പ്രവർത്തകരായ പ്രതിഭ രതീഷ്, RJ രതീഷ്, ചിത്ര ശിവൻ, അക്ബർ അലി അറക്കൽ, ബിജു പി മംഗലം, സുബൈർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

അൻസാർ ഇംഗ്ലീഷ് സ്കൂൾ അലുംനിയുടെ ഭാഗമായ സ്ട്രൈക്കേഴ്സ് ഖത്തറിന്റെ ഉപഹാരം മിൻഹാസ് അബ്ദുട്ടിയും ടീ ടൈം സ്ഥാപനത്തിന്റെ ഉപഹാരം സുരേഷ് കുവാട്ടും ഷമിന ഹിഷാമിനു സമ്മാനിച്ചു.

ഇരുന്നൂറോളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഷമിന ഹിഷാം സദസ്സുമായി സംവദിച്ചു. ഓതേർസ് ഫോറം എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ് മടിയാരി നന്ദി പറഞ്ഞു.

രചയിതാവിനെ പരിചയപ്പെടുത്തുന്ന ഹ്രസ്വവീഡിയോയും ഊദിലെ സംഭാഷണ ശകലങ്ങൾ കോർത്തിണക്കിയ ശബ്ദാവിഷ്കാരവും ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. അബ്ദുൽ മജീദ്, ഹുസ്സൈൻ വാണിമേൽ, അൻസാർ അരിമ്പ്ര, ഹിഷാം ഹംസ, ഷാഫി.പിസി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Comments


Page 1 of 0