// // // */
ഈയുഗം ന്യൂസ്
April 17, 2023 Monday 07:16:03pm
ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ശഹാനിയയിലുള്ള ഹൗസ് ടെന്റിൽ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം വൈവിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും കുടുംബങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ടും വേറിട്ട അനുഭവമായി.
മുതിർന്നവരുടേത് മാത്രമായി മാറുന്ന ഇഫ്താർ സംഗമങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി അംഗങ്ങൾക്കും കുടുംബങ്ങൾക്കും കുട്ടികൾക്കും മനസ്സുതുറന്ന് അടുത്തിടപഴകാനും പരസ്പരം സ്നേഹം പങ്കിടാനും ഇഫ്താർ മജ്ലിസ് എന്ന് പേരിട്ട ഒത്തുചേരൽ അവസരമൊരുക്കി.
കുട്ടികൾക്കും മുതിർന്നവർക്കും മാനസികോല്ലാസം തരുന്ന ചെറിയ ഗെയിമുകൾ, പങ്കുവെക്കലുകൾ, കളി തമാശകൾ എന്നിവക്ക് പുറമെ മുതിർന്ന അംഗങ്ങൾക്കും ലളിതമായ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ടായിരുന്നു. മജ്‍ലിസിലെത്തിയ മുഴുവന്‍ അംഗങ്ങളെയും മൂന്ന് ഗ്രൂപ്പുകളാക്കിയാണ് പരിപാടികള്‍ നടത്തിയത്.
ഔപചാരികതകളൊന്നുമില്ലാതെ ഒരു തറവാട്ടുമുറ്റത്തെ ഒത്തുചേരലെന്നോണം നടന്ന പരിപാടിയിൽ ഓതേഴ്സ് ഫോറം പ്രസിണ്ട് ഡോക്ടർ സാബു കെ സി, ജനറൽ സെക്രട്ടറി ഹുസ്സൈൻ കടന്നമണ്ണ എന്നിവര്‍ സംസാരിച്ചു. ഫോറം എക്സിക്യൂട്ടിവ് മെമ്പർമാരായ തൻസിം കുറ്റ്യാടി, അഷറഫ് മടിയാരി, അൻവർ ബാബു, അൻസാർ അരിമ്പ്ര, ഹുസ്സൈൻ വാണിമേൽ, ഷംന ആസ്മി, ശ്രീകല ജിനൻ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.