// // // */ E-yugam


ഈയുഗം ന്യൂസ്
March  24, 2023   Friday   02:44:26am

news



whatsapp

ദോഹ: ഖത്തറിലെ പ്രമുഖ ഗായകനും ചിത്രകാരനും കലാസാംസ്‌കാരിക മേഖലയിൽ സജീവസാന്നിധ്യവുമായിരുന്ന ഫൈസൽ കുപ്പായിയുടെ (47) മരണം ഖത്തറിലെ പ്രവാസി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.

ബുധനാഴ്ച രാവിലെ മൻസൂറയിൽ തകർന്നു വീണ കെട്ടിടത്തിൽ ഫൈസലുണ്ടായിരുന്നെന്ന വാർത്ത അറിഞ്ഞതു മുതൽ പ്രാർത്ഥനയിലായിരുന്നു ഖത്തറിലെ മുഴുവൻ മലയാളികളും.

മലപ്പുറം ജില്ലയിലെ നിലമ്പുർ സ്വദേശിയാണ് ഫൈസൽ.

വെള്ളിയാഴ്ച രാത്രിയാണ് ഫൈസലിന്റെ മരണം സ്ഥിരീകരിച്ചത്. അദ്ദേഹം താമസിക്കുന്ന കെട്ടിടം തകർന്നുവീണത് അറിഞ്ഞത് മുതൽ നിരവധി സുഹൃത്തുക്കൾ പ്രാർത്ഥനയോടെ അപകടസ്ഥലത്ത് ചിലവഴിച്ചു.

നിരവധി പ്രവാസി സംഘടനകളുടെയും കാലാസാംസ്ക്കാരിക ഗ്രൂപ്പുകളുടെയും പരിപാടികളിൽ പാടാറുള്ള ഫൈസൽ ഖത്തറിലെ മലയാളികൾക്ക് സുപരിചതനായിരുന്നു.

ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചും ഫൈസൽ ഖത്തർ നിവാസികളെ അത്ഭുതപ്പെടുത്തി. അതിലെല്ലാമുപരി സ്നേഹം കൊണ്ടും എളിമ കൊണ്ടും ഫൈസൽ എല്ലാവരെയും കീഴ്‌പ്പെടുത്തിയതായി സുഹൃത്തുക്കൾ പറഞ്ഞു. മരണവാർത്ത അറിഞ്ഞത് മുതൽ ഖത്തറിലെ മുഴുവൻ വാട്ട്സ് ആപ്പ്‌ ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും അനുശോചന പ്രവാഹമാണ്. ഫൈസലുമായി ഒരു പ്രാവശ്യം സംസാരിച്ചവർ പോലും വികാരഭരിതമായാണ് ഓർമ്മകൾ പങ്കുവെക്കുന്നത്. .

ഒരു പക്ഷേ ഗായകനെന്ന പ്രശസ്തിയോളം അദ്ദേഹത്തിന്റെ ചിത്രരചനാപാടവം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവില്ല.. തൻ്റെ കൊച്ചു സ്റ്റുഡിയോയിൽ വെച്ച് ചിത്രം വരക്കുന്നതിന്റെ ചെറിയ വിഡിയോകൾ അദ്ദേഹം മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയുടെ ഡോം ഖത്തറിൽ ഇടയ്ക്കു പോസ്റ്റ് ചെയ്യുമായിരുന്നു. പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും ഫോട്ടോ ആണോ അതോ വരച്ചതാണോ എന്ന് തിരിച്ചറിയാനാകാതെ പലരും അത്ഭുതപ്പെട്ടു.

ഫൈസൽ എന്ന ചിത്രകാരന്റെ അപൂർവ സിദ്ധികളെക്കുറിച്ച് ഖത്തറിലെ രണ്ട് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളായ ഗൾഫ് ടൈംസും ഖത്തർ ട്രിബ്യുണും ഫീച്ചറുകൾ എഴുതി.

ഖത്തർ മലയാളികളെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ അപൂർവം ചില വിയോഗങ്ങളിലൊന്നാണ് ഫൈസലിന്റേത്.

അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇത്രയും പേർ ദുഃഖിക്കുന്നുണ്ടെങ്കിൽ അത്രയും പേർക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു എന്നാണ് അത് തെളിയിക്കുന്നതെന്നും ക്ലാസിക് ഗാനങ്ങൾ അനായാസം പാടുന്ന ഗായകനായിരുന്നു ഫൈസൽ എന്നും പലരും സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടു.

"കെട്ടിടം തകർന്നുവീണു എന്നറിഞ്ഞത് മുതൽ ഫൈസൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ രണ്ട് ദിവസമായി അപകടം നടന്ന സ്ഥലത്ത് പ്രാർത്ഥനയോടെ ഞങ്ങൾ നിരവധി സുഹൃത്തുക്കൾ കാത്തിരിപ്പായിരുന്നു," സാമൂഹിക പ്രവർത്തകനും സുഹൃത്തുമായ സിദ്ദിഖ് ചെറുവല്ലൂർ പറഞ്ഞു.

കെ.എം.സി.സി, ഇൻകാസ്, സംസ്കൃതി തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും സഹായം നൽകാനായി സജീവമായിരുന്നു.

വീട് പണി പൂർത്തിയാക്കി താമസിക്കാൻ തയ്യാറെടുക്കുകയായിരുന്നു ഫൈസൽ. സ്വന്തം വീട്ടിലെ ചുമരിൽ അലങ്കരിക്കാൻ പൂർത്തിയാക്കിയ ചിത്രം ദോഹയിലെ മണ്ണിൽ ബാക്കിവെച്ചാണ് ഫൈസലിന്റെ മൃതദേഹം തനിച്ചു നാട്ടിലേക്ക് യാത്രയാകുന്നത്.

പത്തുവർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്നു ഫൈസൽ. ഖത്തറിലെ സാമൂഹ്യ പ്രവർത്തകനും ഇൻകാസ് നേതാവുമായ ഹൈദർ ചുങ്കത്തറയാണ് ഫൈസലിനെ ദോഹയിൽ കൊണ്ടുവന്നത്.

നിലമ്പൂരിലെ അബ്ദുസ്സമദിന്റെയും ഖദീജയുടെയും മകനാണ് ഫൈസൽ. ഭാര്യ: റബീന. മക്കൾ: റന, നദയ, മുഹമ്മദ് ഫാബിൻ.

ഖത്തറിലെ വേദികളിൽ ഇനി ഫൈസൽ ഉണ്ടാവില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യം സൃഷ്ട്ടിക്കുന്ന ദുഃഖാർദ്രമായ ശൂന്യത മാത്രം.

Comments


   ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

Page 1 of 1