// // // */ E-yugam


ഈയുഗം ന്യൂസ്
March  23, 2023   Thursday   03:18:41pm

news



whatsapp

ദോഹ: മൻസൂറയിൽ ഇന്നലെ രാവിലെ നാല് നിലയുള്ള കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരണസംഖ്യ കുറയാനുള്ള കാരണം അധികൃതരുടെ സമയോചിതമായ ഇടപെടലും വിവിധ ഡിപ്പാർട്മെന്റുകളുടെ ഏകോപനവും അത്യാധുനിക ഉപകരണങ്ങളുടെ ഉപയോഗവുമെന്ന് അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരിയിൽ തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഖത്തർ അയച്ച അതേ സംഘമാണ് കെട്ടിടത്തിൽ അകപ്പെട്ടവരെ രക്ഷിച്ചതെന്നും ഉന്നത പരിശീലനം ലഭിച്ച സംഘമാണിതെന്നും ഖത്തർ ഇന്റെര്നെഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ് കമാൻഡർ മുബാറക് ഷെറീദ അൽ കാബി ഖത്തർ ടി വി യുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

കെട്ടിടത്തിനുളിൽ അകപ്പെട്ടവരെ കണ്ടെത്താൻ അത്യാധുനിക സെൻസറുകളും തെർമൽ ക്യാമറകളും പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ചു.

ബി റിംഗ് റോഡിൽ ലുലു എക്സ്പ്രസ്സ് സുപ്പർമാർകെറ്റിൽ നിന്നും ഏതാനും മീറ്ററുകൾ അകലെയാണ് ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നുവീണത്. ഒരാൾ മരണപ്പെട്ടതായും നിരവധി പേർക്ക് പരിക്കുപറ്റിയതായും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ആരുടേയും പരുക്ക് ഗുരുതരമല്ല.

കൂടുതൽ പേർ മരണപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

മണിക്കൂറുകൾക്ക് ശേഷം രണ്ട് സ്ത്രീകളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുത്തതായി മന്ത്രാലയം പറഞ്ഞു.പന്ത്രണ്ട് കുടുംബങ്ങളെ ഹോട്ടലിലേക്ക് മാറ്റി.

സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങി. അപകടം നടക്കുമ്പോൾ കെട്ടിടത്തിൽ അറ്റകുറ്റ പണികൾ നടക്കുകയായിരുന്നെന്നും ഇത് അപകടത്തിന് കാരണമായോ എന്ന് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Comments


Page 1 of 0