// // // */
ഈയുഗം ന്യൂസ്
March 17, 2023 Friday 01:38:42pm
ദോഹ: ഖത്തറിൽനിന്ന് ഉംറയ്ക്കായി പുറപ്പെട്ട മലയാളി കുടുംബം അപകടത്തിൽപ്പെട്ട് മൂന്നു പേർ മരണപ്പെട്ടു.
ഖത്തറിൽ നിന്ന് സൗദിയിലേക്ക് ഉംറക്കെത്തിയ ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കുടുംബം സഞ്ചരിച്ച കാർ മറിയുകയായിരുന്നു.
പാലക്കാട് പത്തിരിപ്പാല സ്വദേശി തോട്ടത്തിപ്പറമ്പിൽ ഫൈസൽ അബ്ദുൽ സലാമിന്റെ രണ്ട് ആൺകുട്ടികളും ഭാര്യാ മാതാവുമാണ് മരിച്ചത്. സാബിറ അബ്ദുൽ ഖാദർ (55), അബിയാൻ ഫൈസൽ (6), അഹിയാൻ ഫൈസൽ (3) എന്നിവരാണ് മരിച്ചത്.
ഖത്തറിലെ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനാണ് ഫൈസൽ. താഇഫിലെത്താൻ 73 കി.മീ ബാക്കി നിൽക്കെ അതീഫിനടുത്ത് വെച്ച് ഇന്ന് പുലർച്ചെയാണ് അപകടം. പുലർച്ച സുബഹി നമസ്‌കാരത്തിനായി ഇവർ വാഹനം നിർത്തിയിരുന്നു. ഇതിന് ശേഷമുള്ള യാത്രയിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.
അപകടത്തിൽ ഫൈസലിനും ഭാര്യാ പിതാവ് അബ്ദുൽ ഖാദറിനും നിസാര പരുക്കേറ്റു. ഇവരെ ത്വാഇഫ് അമീർ സുൽത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസി നേതാവായ സാലിഹും സാമൂഹ്യ പ്രവർത്തകനായ പന്തളം ഷാജിയും നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നതായി മലയാളം ന്യൂസ് പോർട്ടൽ ന്യൂസ് ടാഗ് ലൈവ് റിപ്പോർട്ട് ചെയ്തു.