// // // */
ഈയുഗം ന്യൂസ്
January 18, 2023 Wednesday 11:35:13am
ദോഹ: അഫ്ഘാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ താലിബാൻ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും അഫ്ഘാൻ സ്ത്രീകൾക്കൊപ്പം ഖത്തർ ശക്തമായി നിലകൊള്ളുമെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി പ്രസ്താവിച്ചു.
താലിബാൻ നടപ്പിലാക്കിയ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായ ഭാഷയിലാണ് വിദേശകാര്യ മന്ത്രി വിമർശിച്ചത്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പിറകിലെ കാരണങ്ങൾ മനസ്സിലാക്കാൻ താലിബാനുമായി ഖത്തർ ചർച്ച നടത്താൻ ശ്രമിക്കുമെന്നും മറ്റു മുസ്ലിം രാഷ്ട്രങ്ങളുമായി സഹകരിച്ച് താലിബാനെതിരെ നടപടി സ്വീകരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ പറഞ്ഞു.
മതപരമായും സാംസ്കാരികമായും താലിബാന്റെ പ്രവൃത്തികൾ ന്യായീകരിക്കാൻ സാധിക്കില്ലെന്ന് സി.എൻ.ബി.സി മിഡിൽ ഈസ്റ്റ് ചാനലുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സ്ത്രീകളും പെൺകുട്ടികളും കോളേജിൽ പോകുന്നതിനും ജോലി ചെയ്യുന്നതിനും താലിബാൻ ഇയ്യിടെ വിലക്കേർപ്പെടുത്തിയിരുന്നു.
"മുമ്പ് അതിജീവിച്ച പോലെ അഫ്ഘാൻ സ്ത്രീകൾ ഈ പ്രതിസന്ധിയും തരണം ചെയ്യും. ഞങ്ങൾ അവർക്കൊപ്പമാണ്. താലിബാന്റെ തീരുമാനങ്ങൾ പിൻവലിക്കാൻ ഞങ്ങൾ പരിശ്രമിക്കും," അഫ്ഘാൻ സ്ത്രീകളെ നേരിട്ട് അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഖത്തർ നൽകുന്നത് പോലെയുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും സ്ത്രീകൾക്ക് നൽകണമെന്ന് താലിബാൻ ഭരണകൂടത്തോട് ഖത്തർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.