// // // */
ഈയുഗം ന്യൂസ്
December 28, 2022 Wednesday 12:19:49am
ദോഹ: ഫിഫ വേൾഡ് കപ്പിൽ വേറിട്ട മലയാളി സാന്നിധ്യമായ ജുഷ്ന ഷഹീനും, ഹാദിയ ഹക്കീമിനും വിമൻ ഇന്ത്യ ഖത്തറും ഗേൾസ് ഇന്ത്യ ഖത്തറും സംയുക്തമായി സ്വീകരണം നൽകി.
സ്പാനിഷ് ഭാഷ പഠിച്ച് സ്പോർട്സ് ജേർണലിസ്റ്റ് ആയാണ് വേൾഡ് കപ്പിൽ ജുഷ്ന ഷഹീൻ സാന്നിധ്യമറിയിച്ചത്.. കുടുംബവും ഉത്തരവാദിത്തങ്ങളും ഒരിക്കലും സ്വപ്നസാക്ഷാൽകാരത്തിന് തടസ്സമാകാതെ മുന്നേറാൻ കഴിഞ്ഞാൽ ജീവിതത്തിൽ പലതും നേടാൻ കഴിയും എന്ന സ്വന്തം അനുഭവം അവർ സദസ്സുമായി പങ്ക് വെച്ചു.
മുൻ പ്രവാസിയും മാധ്യമം എഡിറ്ററുമായ അബ്ദുൽ ജബ്ബാർ, നാസില ദമ്പതികളുടെ മകളാണ് ജുഷ്ന.
ഫുട്ബോൾ ഫ്രീ സ്റ്റൈലിലൂടെ ഫിഫ വേദികളിൽ പ്രകടനം നടത്തിയാണ് ഹാദിയ ഹക്കീം ഫിഫ വേൾഡ് കപ്പിൽ സാന്നിധ്യമായത്.
ദൃഢനിശ്ചയം ഉണ്ടെങ്കിൽ ഒരു പ്രതിസന്ധിയും ഒന്നിനും തടസ്സമല്ലെന്ന് ഹാദിയ അഭിപ്രായപ്പെട്ടു .ഖത്തറിൽ നിന്ന് മുൻപ് നേടിയ അധ്യാപനങ്ങൾ മൂല്യങ്ങൾ മുറുകെ പിടിക്കുന്നതിൽ വളരെയധികം സഹായിച്ചതായി ഹാദിയ പറഞ്ഞു ഫുട്ബോൾ ഫ്രീ സ്റ്റൈലിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ് ബിരുദ വിദ്യാർഥി കൂടിയായ ഹാദിയ.
ഭാവിയിൽ ഫ്രീ സ്റ്റൈലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള ആഗ്രഹവും സദസ്സിനോട് അവർ പങ്കുവെച്ചു. വിമൻ ഇന്ത്യ മുൻ പ്രവർത്തക പരേതയായ ആബിദയുടെ മകളാണ് ഹാദിയ.
സി ഐ സി മൻസൂറ ഹാളിൽ നടന്ന ചടങ്ങിൽ വിമൻ ഇന്ത്യ, ഗേൾസ് ഇന്ത്യ മെമ്പർമാർ പങ്കെടുത്തു. മൈസ നസ്റുദ്ദീന്റെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയാ ബീവി സ്വാഗതവും ഗേൾസ് ഇന്ത്യ പ്രതിനിധി അഫീഫ ഖാലിദ് നന്ദിയും പറഞ്ഞു.
വിമൻ ഇന്ത്യ വൈസ് പ്രസിഡന്റുമാരായ സജ്ന എം എ, ത്വയ്യിബ അർഷദ് തുടങിയവർ അതിഥികൾക്ക് പാരിതോഷികം നൽകി ആദരിച്ചു. എക്സിക്യൂട്ടീവ് അംഗം ബബീന ബഷീർ പരിപാടി നിയന്ത്രിച്ചു..