// // // */
ഈയുഗം ന്യൂസ്
November 29, 2022 Tuesday 12:33:43pm
ദോഹ: ലോക കപ്പ് തുടങ്ങിയതിന് ശേഷം ഒരു സ്റ്റേഡിയത്തിൽ നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്ക് തുടർച്ചയായി കുതിക്കുകയാണ് മുഹ്സിൻ അബ്ദുള്ള ബുക്ശൈഷ.
ഏറ്റവും കൂടുതൽ വേൾഡ് കപ്പ് മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഗിന്നസ് റെക്കോർഡ് തിരുത്താൻ ശ്രമിക്കുകയാണ് ഈ ഖത്തറി ഫുട്ബാൾ ആരാധകൻ.
“32 ലധികം മത്സരങ്ങൾ കണ്ട് പുതിയ റെക്കോർഡ് സൃഷ്ടിക്കുകയാണ് എൻ്റെ ലക്ഷ്യം. സൗത്ത് ആഫ്രിക്കയിൽ നടന്ന വേൾഡ് കപ്പിൽ 31 മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് ഇപ്പോഴത്തെ റെക്കോർഡ്. വേൾഡ് കപ്പ് സംഘടിപ്പിക്കുന്നതിൽ ഖത്തർ കൈവരിച്ച വിജയം എൻ്റെ സ്വന്തം റെക്കോർഡിലൂടെ തുടരുകയാണ് എൻ്റെ ലക്ഷ്യം," മുഹ്സിൻ ഗൾഫ് ടൈംസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
2010 ലെ വേൾഡ് കപ്പിൽ സൗത്ത് ആഫ്രിക്കക്കാരനായ തുലാനി ഗോക്കോബോയാണ് 31 മത്സരങ്ങൾ കണ്ടത്.
എല്ലാ മത്സരങ്ങളും ഒരേ സിറ്റിയിൽ സംഭവിക്കുന്നു എന്നതാണ് ഖത്തർ ലോക കപ്പിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ നിരവധി പേരാണ് ഒന്നിലധികം മത്സരങ്ങൾ കാണുന്നത്.
കഴിഞ്ഞ പത്തു വർഷമായി സ്വപ്ന സാക്ഷാൽക്കാരത്തിനായി തയ്യാറെടുക്കയാണെന്നും അഷ്ഗാലിൽ ജോലി ചെയ്യുന്ന മുഹ്സിൻ പറഞ്ഞതായി ഗൾഫ് ടൈംസ് റിപ്പോർട്ട് ചെയ്തു.
മൊത്തം 42 മാച്ചുകൾക്ക് ടിക്കറ്റ് കരസ്ഥമാക്കിയ മുഹ്സിൻ തിങ്കളാഴ്ച അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന കാമറൂൺ-സെർബിയ മത്സരം കണ്ട് തൻ്റെ 16 ആമത്തെ മത്സരം പൂർത്തിയാക്കി.