// // // */ E-yugam


ഈയുഗം ന്യൂസ്
November  23, 2022   Wednesday   06:26:47pm

news



whatsapp

ദോഹ: അര്‍ജന്റീനയെ പരാജയപ്പെടുത്തിയ കളിയില്‍ സൗദി താരത്തിനേറ്റ പരിക്ക് ഗുരുതരം. പരിക്കേറ്റ സൗദി താരം യാസര്‍ അല്‍ ഷഹ്റായിയെ വിദഗ്ധ ചികില്‍സയ്ക്കായി ജര്‍മനിയിലേക്ക് കൊണ്ടുപോവാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി. ഇതിനായി ചാര്‍ട്ടേഡ് വിമാനം അനുവദിച്ചു.

അര്‍ജന്റീനയെ അട്ടിമറിച്ച് ഖത്തര്‍ ലോകകപ്പില്‍ സൗദി ഐതിഹാസിക വിജയമാണ് നേടിയത്.

സ്വന്തം ടീമിലെ ഗോള്‍കീപ്പര്‍ അല്‍ ഉവൈസുമായുള്ള കൂട്ടിയിടിയിലാണ് യാസര്‍ അല്‍ ഷഹ്‌റായിക്ക് പരിക്കേറ്റത്. പെനാല്‍റ്റി ബോക്സിലേക്ക് ഉയര്‍ന്നു വന്ന പന്ത് പിടിക്കാനായി ചാടുന്നതിനിടെ ഗോള്‍കീപ്പറുടെ കാല്‍മുട്ട് ഷഹ്റാനിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പന്ത് ഹെഡ് ചെയ്ത് അകറ്റുവാനുള്ള ശ്രമത്തിനിടെയാണ് ഷഹ്റാനി ഗോള്‍കീപ്പറുമായി കൂട്ടിയിടിക്കുന്നത്.

ഗുരുതരമായി പരുക്കേറ്റ് മൈതാനത്ത് വീണ ഷഹ്റാനിയെ സ്ട്രക്ചറില്‍ കിടത്തിയാണ് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയത്.

ഷഹ്റാനിയുടെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്നും ആന്തരിക രക്തസ്രാവമുണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. താരത്തിനെ എത്രയും പെട്ടെന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു.

താരത്തെ ജര്‍മനിയിലെത്തിച്ചു ചികില്‍സ നല്‍കാന്‍ ചാര്‍ട്ടേഡ് വിമാനം അനുവദിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിക്കുകയായിരുന്നു. ചരിത്രത്തിലെ തന്നെ ഗോള്‍കീപ്പര്‍ അല്‍ ഉവൈസിന്റെ പ്രകടനമായിരുന്നു അര്‍ജന്റീനയെ തോല്‍പ്പിച്ചു അട്ടിമറിജയം നേടാന്‍ സൗദിയെ സഹായിച്ചത്.

ലോകകപ്പിലെ അട്ടിമറി ജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ ഇന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. അട്ടിമറി ജയത്തിന്റെ സന്തോഷത്തിനിടയിലും യാസര്‍ അല്‍ ഷഹ്‌റായിയുടെ പരിക്ക് സൗദിക്ക് വലിയ വേദനയാണ് സമ്മാനിച്ചത്.

Comments


Page 1 of 0