// // // */
ഈയുഗം ന്യൂസ്
November 23, 2022 Wednesday 08:53:20am
ദോഹ: 'ഗത്തർ' എന്നുച്ചരിച്ച് ഖത്തറിലെ മലയാളികളെ വളരെക്കാലമായി വിഷമിപ്പിക്കുന്ന മലയാളി വാർത്താവായനക്കാർക്കും യൂട്യൂബർമാർക്കും അല്പം ആശ്വസിക്കാം. നിങ്ങൾക്ക് മാത്രമല്ല ലോകത്ത് പലർക്കും ഖത്തറിന്റെ യഥാർത്ഥ ഉച്ചാരണം ഒരു ബാലികേറാമലയാണ്.
ലോക കപ്പ് ഖത്തറിൽ നടക്കുന്നതിനാൽ രാജ്യത്തിന്റെ പേര് ഉച്ചരിക്കൽ നിര്ബന്ധമായതാണ് പലരെയും കുഴക്കുന്നത്.
പേര് ഉച്ചരിക്കുന്നതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ചും യഥാർത്ഥ ഉച്ചാരണത്തെക്കുറിച്ചും നിരവധി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുകൾ എഴുതി.
ഗത്തർ മാത്രമല്ല 'കട്ടർ', 'കുത്തർ', ഖത്താർ, കുട്ടാഹ്, കുട്ടാർ എന്നിങ്ങനെ ലോകത്തിന്റെ പലഭാഗങ്ങളിലായി പലതും ഉച്ചരിക്കുന്നതായി റിപോർട്ടുകൾ പറയുന്നു..
"ലോക കപ്പ് ഖത്തറിൽ തുടങ്ങുമ്പോൾ മറ്റൊരു അന്താരാഷ്ട്ര സ്പോർട്സിന്റെ കിക്ക് ഓഫിന് കൂടി തുടക്കം കുറിക്കും - ഖത്തറിന്റെ ഉച്ചാരണം', പ്രമുഖ അമേരിക്കൻ ചാനലായ സി.എൻ.എൻ റിപ്പോർട്ട് പറയുന്നു. 'ഇംഗ്ലീഷ് സംസാരിക്കുന്നവരെ -- ഇങ്ങിനെയാണ് 'ഖത്തർ' ഉച്ചരിക്കുന്നത്," എന്നതാണ് റിപ്പോർട്ടിന്റെ തലക്കെട്ട്.
ചില അമേരിക്കക്കാർ രണ്ടാമത്തെ അക്ഷരത്തിന് കൂടുതൽ ശക്തി നൽകി 'കുത്താർ' എന്ന് ഉച്ചരിക്കുന്നതായി സി.എൻ.എൻ റിപ്പോർട്ട് പറയുന്നു. ഇംഗ്ലീഷിൽ അഞ്ചക്ഷരം മാത്രമുള്ള വാക്ക് ലളിതമായി തോന്നുമെങ്കിലും ഇംഗ്ലീഷുകാർക്ക് ഇത് പ്രശ്നക്കാരനാണ്.
തൊണ്ട കൊണ്ട് പറയുന്ന 'ഖ' ഇംഗ്ലീഷുകാർക്ക് ഉച്ചരിക്കാൻ പ്രയാസമാണെന്നും റിപ്പോർട്ട് പറയുന്നു. "ഇതിന്റെ (ഖ) യഥാർത്ഥ ഉച്ചാരണം പഠിക്കാൻ വായിൽ വെള്ളം നിറക്കണമെന്ന് ഞങ്ങൾ നിർദേശിക്കുന്നു. വെള്ളം വിഴുങ്ങാതിരിക്കാൻ തൊണ്ട കൊണ്ട് തടയുക. അപ്പോൾ പുറത്തുവരുന്ന ശബ്ദമാണ് 'ഖ'", റിപ്പോർട്ട് പറയുന്നു. 'ത്ത' ഉച്ചരിക്കുമ്പോൾ നാവ് മുഴുവൻ ഉപയോഗിക്കണമെന്നും റിപ്പോർട്ട് നിർദേശിച്ചു.
ബ്രിട്ടീഷുകാർ 'കുട്ടാഹ്' എന്നുച്ചരിക്കുന്നു.
ഖത്തറിലെ ആദ്യത്തെ രണ്ടക്ഷരങ്ങളും (ഖ, ത്ത) ഇംഗ്ലീഷിലില്ല. മൂന്നാമത്തെ അക്ഷരം ഉണ്ടെങ്കിലും ഇല്ലാത്തതിന് തുല്യം. കാരണം ഇംഗ്ലീഷിൽ ഒരു വാക്ക് 'r' എന്ന അക്ഷരത്തിൽ അവസാനിച്ചാൽ അത് ഉച്ചരിക്കില്ല. ഉദാഹരണത്തിന് 'clear' എന്ന ഇംഗ്ലീഷ് വാക്ക് 'ക്ലിയ' എന്നാണ് ഇംഗ്ലീഷുകാർ ഉച്ചരിക്കുന്നത്.
ഇംഗ്ലീഷിൽ 'ക്യൂ' അക്ഷരത്തിൽ തുടങ്ങുന്ന ഒരേ ഒരു രാജ്യമാണ് ഖത്തർ എന്നതും ശ്രദ്ധേയമാണ്.
"ഖത്തറിലെ ചുട്ടുപൊള്ളുന്ന ചൂടിനെക്കുറിച്ചും എണ്ണയെക്കുറിച്ചും മദ്യ നിയന്ത്രണങ്ങളെക്കുറിച്ചും ലോക കപ്പിനെക്കുറിച്ചും നമുക്കറിയാം -- പക്ഷെ അറിയാത്ത ഒന്നുണ്ട്, ഖത്തറിന്റെ ഉച്ചാരണം," യാഹൂ ന്യൂസ് റിപ്പോർട്ട് ചെയ്തു.
"അറബിയിൽ മാത്രമുള്ള രണ്ട് അക്ഷരങ്ങൾ പേരിലുള്ളത് കൊണ്ടാണ് ഇംഗ്ലീഷിൽ വ്യത്യസ്തമായി ഉച്ചരിക്കുന്നത്," ഖത്തർ ഗവണ്മെന്റ് മീഡിയ ഓഫീസർ അലി അൽ അൻസാരി യാഹു ന്യൂസിനോട് പറഞ്ഞു.
ലോക കപ്പ് അവസാനിക്കുമ്പോൾ യഥാർത്ഥ പേര് ഉച്ചരിക്കുന്നതിൽ പലരും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.