// // // */
ഈയുഗം ന്യൂസ്
November 22, 2022 Tuesday 05:42:10pm
ദോഹ: ലോക കപ്പ് ചരിത്രം തിരുത്തിക്കുറിച്ച അര്ജന്റീന-സൗദി മത്സരം കാണാൻ പതിനായിരക്കണക്കിന് സൗദികൾ അതിർത്തി കടന്ന് എത്തിയെങ്കിലും ലുസൈൽ സ്റ്റേഡിയത്തിൽ ഭൂരിഭാഗവും അർജന്റീന ആരാധകർ തന്നെയായിരുന്നു.
88,012 കാണികളെ സാക്ഷിയാക്കി സൗദിയുടെ സലിം അൽ ദോസരി രണ്ടാം പകുതിയിൽ വിസ്മയിപ്പിക്കുന്ന ഗോൾ നേടിയപ്പോൾ സ്റ്റേഡിയം ഇളകിമറിഞ്ഞു. സൗദികൾക്ക് പോലും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. സ്റ്റേഡിയത്തിന് പുറത്തും ദോഹയിലുടനീളവും സൗദികൾ പാട്ടുപാടിയും നൃത്തംചവിട്ടിയും വിജയം ആഘോഷിച്ചു.
1994.ന് ശേഷം ആദ്യമായാണ് സൗദി ടീം ഒരു വേൾഡ് കപ്പ് മത്സരത്തിൽ ആദ്യ മത്സരത്തിൽ ജയിക്കുന്നത്. അതും കഴിഞ്ഞ 36 മത്സരങ്ങളിലും തുടർച്ചയായി വിജയിച്ച അര്ജന്റീനക്കെതിരെ.
മെട്രോ സ്റ്റേഷൻ മുതൽ സ്റ്റേഡിയത്തിലെ ഗാലറികൾ വരെ നീല-വെള്ള നിറത്തിന്റെ കടലായിരുന്നെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
സ്റ്റേഡിയത്തിലുള്ള ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്ത്, മലേഷ്യ ആരാധകരും മെസ്സി ഫാൻസ് ആയിരുന്നു. ആയിരക്കണക്കിന് അർജന്റീനക്കാരും
സ്റ്റേഡിയത്തിലുണ്ടായിരുന്നു. പലരും 24 മണിക്കൂറോളം യാത്ര ചെയ്താണ് ദോഹയിൽ എത്തിയത്. പക്ഷെ ആദ്യത്തെ മത്സരത്തിലെ തോൽവി ഹൃദയഭേദകമായിരുന്നു. പല സൗദികളും ദോഹയിലെത്തിയത് മെസ്സി കളിക്കുന്നത് കാണാനായിരുന്നു.
അതേസമയം സൗദി എത്ര ഗോളിന് തോൽക്കും എന്നതായിരുന്നു സൗദി സമൂഹമാധ്യമങ്ങളിൽ ഇന്നലെ മുഴുവൻ ചർച്ച. പരാജയപ്പെട്ടാലും അര്ജന്റീന ഗോൾ മഴ പെയ്ത് അപമാനിക്കപ്പെടല്ലേ എന്ന് പലരും അഭിപ്രായപ്പെട്ടു.
ഈ ടൂർണമെന്റിൽ ഘാന കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും താഴ്ന്ന റാങ്കിങ് ഉള്ള ടീമായിരുന്നു സൗദി എന്നതും ശ്രദ്ധേയമാണ്.
'എന്തൊരു ഗോൾ' എന്നാണ് ഇപ്പോൾ സൗദി സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്.
വരും ദിവസങ്ങളിൽ എല്ലാ കണ്ണുകളും സൗദി ടീമിലേക്കായിരിക്കും. ഇന്നത്തെ വിജയം ആവർത്തിയ്ക്കാൻ സാധിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
സൗദിയുടെ ചരിത്ര വിജയം ഈ ടൂർണമെന്റിലെ ഇതുവരെയുള്ള എല്ലാ പ്രവചനങ്ങളെയും ഇനി അസാധുവാക്കും.
ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണ് ഇന്ന് സംഭവിച്ചതെന്ന് ടൈം മാഗസിൻ പറഞ്ഞു.