// // // */
ഈയുഗം ന്യൂസ്
November 12, 2022 Saturday 10:20:44pm
ദോഹ: ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്ദാൻ എഫ് സി അണിയിച്ചൊരുക്കിയ എസ്ദാൻ ഫാൻസ് കപ്പ് 2022 കഴിഞ്ഞ വെള്ളിയാഴ്ച്ച ദോഹ ബ്രിട്ടീഷ് സ്‌കൂളിൽ വച്ച് അരങ്ങേറി.
നാട്ടിലും ഖത്തറിലുമായി പ്രതിഭ തെളിയിച്ച പ്രമുഖ എസ്ദാൻ എഫ് സി താരങ്ങൾ ഖത്തർ, കാമറൂൺ, പോളണ്ട്, സൗദി അറേബ്യ, മെക്സിക്കോ, ക്രയോഷ്യ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കളിക്കളത്തിലിറങ്ങിയത് കാഴ്ച്ചക്കാർക്ക് പുത്തൻ കാഴ്ച്ചാനുഭവങ്ങൾ സമ്മാനിച്ചു.
ആദ്യാന്തം ആവേശ കൊടുമുടികൾ തീർത്ത മിന്നുന്ന പോരാട്ടങ്ങൾക്കൊടുവിൽ ഫൈനലിൽ ടീം സൗദി അറേബ്യ ഏകപക്ഷീയമായ ഒരു ഗോളിനു ടീം പോളണ്ടിനെ തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ടു. ടൂർണമെന്റിന്റെ കിക്കോഫ് ഖത്തറിൽ ഫുട്ബാൾ കോച്ചിങ്ങിലും ഫുട്ബാൾ അനുബന്ധ പ്രവർത്തനങ്ങളിലും സജീവമായ ഹാൻസൺ നിർവഹിച്ചു.
ടൂർണമെന്റിന് സഹകരിച്ച മുഴുവൻ സ്ഥാപനങ്ങളോടും വ്യക്തികളോടും എസ്ദാൻ എഫ് സി ഭാരവാഹികൾ പ്രത്യേകം നന്ദി അറിയിച്ചു. തുടർന്നും ഫുട്ബാൾ പ്രവർത്തനങ്ങളിലും, ഇവന്റുകളിലും സജീവമായിരിക്കുമെന്നു എസ്ദാൻ എഫ് സി പ്രോഗ്രാം കൺവീനർ സജി ജേക്കബ് അറിയിച്ചു.