// // // */ E-yugam


ഈയുഗം ന്യൂസ്
October  08, 2022   Saturday   11:24:33am

news



whatsapp

ദോഹ: റെയാദ മെഡിക്കൽസ് അവതരിപ്പിക്കുന്ന ഖത്തര്‍ മലയാളി ഇന്‍ഫ്ലുവന്‍സേഴ്സ് (QMI) കൂട്ടായ്മയുടെ രണ്ടാമത് മെഗാ മീറ്റ് ഔർ ഷോപ്പീ ഓൺലൈനുമായി സഹകരിച്ച് വെള്ളിയാഴ്ച (ഒക്ടോബർ 14) ദോഹയിലെ മില്ലേനിയം പ്ലാസ ഹോട്ടലില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിശിഷ്ടാതിഥിയായി പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ അബിഷാദ് ഗുരുവായൂര്‍ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി ക്യൂ ബോക്സ്, ക്യൂ.ഐ.സി.ബി, ഫാർ ഈസ്റ്റ്, ഏഷ്യൻ ബിൽഡിംഗ് മെറ്റീരിയൽസ് തുടങ്ങിയ സ്ഥാപനങ്ങൾ സഹകരിക്കുന്നുണ്ട്.

ഖത്തറിലെ മലയാളി യൂട്യൂബർമാർക്കായി ഒരു ഓൺലൈൻ കമ്മ്യൂണിറ്റിയുടെ ആവശ്യകത തിരിച്ചറിഞ്ഞ് യുട്യൂബർമാരായ ലിജി അബ്ദുള്ള, ഷാൻ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് ഖത്തര്‍ മലയാളി ഇന്‍ഫ്ലുവന്‍സേഴ്സ്.

സ്ഥാപക അംഗങ്ങളായ ഒമ്പത് യൂട്യൂബർമാരും വിവിധ വിഭാഗങ്ങളിലായി ചാനലുകളുള്ളവരും 2019 ജനുവരിയിൽ ഒത്തുചേർന്നു.

അംഗങ്ങൾക് വ്ലോഗിംഗ് ഉപകരണങ്ങൾ പരിചയപ്പെടുത്തുക, വ്ലോഗിംഗ് വിഷയങ്ങളും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുക, യു ട്യൂബ് ലൈവ് ഓപ്ഷൻ എങ്ങനെ ഉപയോഗിക്കാം, കുക്കറി വീഡിയോകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംശയങ്ങൾക്ക് മറുപടി തുടങ്ങിയ സാങ്കേതികവും അല്ലാത്തതുമായ നിരവധി വിഷയങ്ങളെക്കുറിച്ച് മെമ്പർമാർക്കിടയിൽ അവബോധമുണ്ടാക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്ന അംഗങ്ങൾ തങ്ങൾ ജീവിക്കുന്ന രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം, സാംസ്കാരിക മൂല്യങ്ങൾ, സദാചാര മൂല്യങ്ങൾ, ഭരണ കർത്താക്കളോടുള്ള ബഹുമാനം, കടപ്പാട് എന്നിവ മുറുകെപ്പിടിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

യൂട്യൂബർമാരിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ഗ്രൂപ്പ് കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നവരെയും ചേർത്ത് "ഖത്തർ മലയാളി ഇൻഫ്ലുൻസർസ്" (QMI) എന്ന് പുനർനാമകരണം ചെയ്യാനും തീരുമാനിച്ചു.

ഖത്തർ മലയാളി യൂട്യൂബേഴ്‌സ് എന്ന പേരിൽ ആദ്യ മീറ്റ് 2019 ഏപ്രിൽ 29 ന് ബർവ വില്ലേജിലെ വേമ്പനാട് റെസ്റ്റോറന്റിലാണ് സംഘടിപ്പിച്ചത്. വിവിധ സെഷനുകളിലായി ഖത്തറിലുള്ള മുപ്പതോളം സ്രഷ്‌ടാക്കൾ അവരുടെ അനുഭവവും വൈദഗ്ധ്യവും ആശയങ്ങളും പങ്കിട്ടു.

'അണ്‍ലോക്കിംഗ് ദ സെലിബ്രിറ്റി ഇന്‍ഫ്ലുവന്‍സര്‍' എന്ന വിഷയത്തില്‍ വര്‍ക്ക്ഷോപ്പാണ് വെള്ളിയാഴ്ച് നടക്കുന്ന രണ്ടാമത് മെഗാ മീറ്റിലെ പ്രധാന പരിപാടി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്യുന്നവര്‍ക്കും കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ശില്‍പശാലയായിരിക്കും ഇതെന്ന് സംഘാടകര്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധി മൂലം സോഷ്യൽ മീഡിയ ഇടപെടലുകൾ, യാത്രകൾ, വ്ലോഗ്ഗിങ് തുടങ്ങിയവ നിർത്തിയവരോ, പിന്നോക്കം പോയവരോ ആയ അംഗങ്ങൾക്ക് വീണ്ടും ഊർജസ്വലതയോടെ തിരിച്ചു വരുന്നതിന് ഈ കൂടിച്ചേരൽ ഗുണം ചെയ്യും എന്ന് സംഘാടകർ അറിയിച്ചു.

കൂടാതെ ഖത്തർ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്ന വേളയിൽ ക്രിയാത്മകമായി കണ്ടന്റ് ക്രിയേറ്റ് ചെയ്ത് എങ്ങിനെ ഈ മഹാ ഇവന്റിൽ പങ്കാളികളാകാം എന്നും വർക്ക് ഷോപ് ചർച്ച ചെയ്യും.

വിശദവിവരങ്ങള്‍ക്കും റജിസ്ട്രേഷനുമായി 77972255, 50231123 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കൂട്ടായ്മയുടെ അഡ്മിന്‍സ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

Comments


   Good Opportunity for Vloggers

Page 1 of 1