// // // */ E-yugam


ഈയുഗം ന്യൂസ്
October  04, 2022   Tuesday   03:09:34pm

newswhatsapp

ദോഹ: മലയാളി സമാജം കേരളോത്സവം 2022 കാണികളുടെ റെക്കോർഡ് പങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ചു.ഖത്തറിൽ ആദ്യമായി 1001 കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു ലോക കപ്പിനെ വരവേൽക്കാനായി മലയാളികൾ നടത്തിയ ഉത്സവം തന്നെയായിരുന്നു കേരളോത്സവം എന്ന് സംഘാടകർ പറഞ്ഞു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പന്തുതട്ടി കൊണ്ട് ഖത്തർ മലയാളികൾ ലോകകപ്പിനെ സ്വാഗതം ചെയ്തു.

ഇന്ത്യൻ അംബാസ്സഡർ ശ്രീ.ദീപക് മിത്തൽ, ആലപ്പുഴ എം. പി ശ്രീ എ. എം. ആരിഫ്‌, ഫുട്ബോൾ ഇതിഹാസവും അർജുന അവാർഡ് ജേതാവുമായ ശ്രീ. ഐ. എം വിജയൻ, ഐ സി സി പ്രസിഡന്റ്‌ ശ്രീ പി. എൻ ബാബുരാജൻ, റേഡിയോ മലയാളം സി ഇ ഓ ശ്രീ അൻവർ ഹുസൈൻ എന്നീ മുഖ്യാതിഥികൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.

സമാജം സെക്രട്ടറി ശ്രീ. റിയാസ് അഹമ്മദ്, അഡ്വൈസർ രാജേശ്വർ ഗോവിന്ദ്, ശ്രീ പ്രേംജിത്, ചെയർ പേഴ്സൺ ശ്രീമതി ലത ആനന്ദ് നായർ എന്നിവർ സംബന്ധിച്ച പരിപാടിയിൽ പ്രസിഡന്റ്‌ ശ്രീ ആനന്ദ് നായർ സ്വാഗതം പറഞ്ഞു.

മലയാളി സമാജത്തിന്റെ പ്രതിഭാ പുരസ്കാരങ്ങൾ എ എം ആരിഫും ഐ. എം വിജയനും സ്പോൺസർമാരും സമാജം ഭാരവാഹികളും ചേർന്ന് ജേതാക്കൾക്ക് കൈമാറി.

ലൈഫ്ടൈം അച്ചീവമെന്റ് അവാർഡ് പ്രമുഖ ബിസിനസ്സ്കാരനും എം ഇ എസ് സ്കൂൾ സ്ഥാപകരിൽ ഒരാളും ഖത്തറിലെ സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന അൽ മുഫ്ത റെന്റ് എ കാറിന്റെ അമരക്കാരൻ ശ്രീ എ. കെ ഉസ്മാൻ അർഹനായി. അദ്ദേഹത്തിന്റെ അഭാവത്തിൽ പുത്രന്മാരായ ഡോ. ഫുആദ് ഉസ്മാനും, സിയാദ് ഉസ്മാനും ചേർന്ന് അവാർഡ് സ്വീകരിച്ചു.

തുടർന്നു വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള അവാർഡും കൈ മാറി. സ്പോർട്സ്: ശ്രീ സഫീറുറഹ്മാൻ, വിദ്യാഭ്യാസം - ശ്രീമതി സുപ്രിയ ജഗദീപ്, സാമൂഹ്യ സേവനം - ശ്രീ കെ. വി. അബ്ദു സലാം, ബിസിനസ്‌ - ശ്രീമതി നബീസക്കുട്ടി, കല - ശ്രീമതി മല്ലിക ബാബു,ആരോഗ്യം - ശ്രീമതി ലിൻഷാ ആനി ജോർജ് എന്നിവർ അർഹരായി.

ചെണ്ട മേളത്തോടെ ആരംഭിച്ച പരിപാടികൾ, മലയാളി സമാജത്തിനു വേണ്ടി വിമൽ വാസുദേവ് എഴുതി കനൽ നാടൻപാട്ടു സംഘം ഖത്തർ പാടിയ നാടൻപാട്ടിനു അഞ്ഞൂറിൽപ്പരം കലാകാരന്മാരുടെ നൃത്തച്ചുവടോടെയാണ് സമാപനം കുറിച്ചത്.

ഷഫീഖ് എക്സ് ഡി സി യുടെ നേതൃത്വത്തിൽ നൂറിൽപരം കുട്ടികളുടെ ഫുട്ബാൾ നൃത്തത്തിനിടയിലൂടെ 32 വേൾഡ് കപ്പ് ടീമുകളുടെ പതാകയേന്തിയ കലാകാരന്മാരും സമാജം എക്സിക്യൂട്ടീവുകളും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമൊപ്പം ഐ. എം വിജയൻ എ. എം. ആരിഫിന്റെ സാന്നിധ്യത്തിൽ കിക്ക്ഓഫ് ചെയ്തു ഖത്തർ ലോകകപ്പിന് മലയാളികളുടെ സ്വാഗതമേകി.

തുടർന്നു മെഗാ ഇനങ്ങളായ കുട്ടികളുടെ നാടോടി നൃത്തം, ഒപ്പന, കേരള നടനം, തിരുവാതിര എന്നിവക്കൊപ്പം ഖത്തറിലെ അസോസിയേഷനുകളും സ്കൂളുകളും, നൃത്ത വിദ്യാലയങ്ങളും ഒരുക്കിയ മോഹിനിയാട്ടം (കലാമണ്ഡലം സിനി), ഫ്യൂഷൻ റെട്രോ (ശ്രീമതി ഷമീന), കിഡ്സ്‌ ഡാൻസ് ( ലോയോളാ സ്കൂൾ), സെമി ക്ലാസിക്കൽ (സ്വസ്തി - ശ്രീമതി ലക്ഷണ), സീത കല്യാണം (കലാക്ഷേത്ര- ശ്രീമതി ആതിര എസ് ആനന്ദ് ), നാഗ നൃത്തം (ശ്രീമതി ദേവിക), സെമി ക്ലാസിക്കൽ( ആർ എൽ വി സീമ ടീച്ചർ), കൺടെമ്പററി (സൂസൺ ഡീമാ), കഥക് ഫ്യൂഷൻ ( ശ്രീമതി രേഷ്മ ശ്രീകുമാർ ), സ്കട്ടിങ് (മൈൻഡ്മാസ്റ്റർ - ശ്രീ ജോണി) ചെണ്ട മേളം, ഖത്തർ മഞ്ഞപടയുടെ ബാൻഡ് മേളം എന്നിവ അരങ്ങേറി. ശ്രീ കൃഷ്ണനുണ്ണിയുടെ നേതൃത്വത്തിൽ കഥകളിയിലൂടെ ആരംഭിച്ച സമാജം പരിപാടികൾ ഒ. എൻ വി കുറുപ്പിന്റെ അമ്മ എന്ന പ്രശസ്ത കവിതയുടെ ദൃശ്യവിഷ്ക്കാരം, രാജ രവി വർമ ചിത്രങ്ങളുടെ നൃത്താവിഷ്ക്കാരം, മെഗാ നാടൻ പാട്ടും ആട്ടവും തുടങ്ങിയ വ്യതസ്തമായ പരിപാടികളുമായി കാണികളെ പിടിച്ചിരുത്തി .

ഖത്തറിലെ പ്രശസ്ത നാടൻ പാട്ട് സംഘങ്ങളായ കനലും കൈതോലയും ഒരുമിച്ചെത്തിയ പരിപാടിയിൽ നാടൻപാട്ടിനൊത്ത് കാണികളും ചുവടു വെച്ചതോടെ ഐഡിയൽ ഇന്ത്യൻ സ്കൂൾ മൈതാനം അക്ഷരാർത്ഥത്തിൽ ഉത്സവപറമ്പായി.

പാസ്സേജ് ടു ഇന്ത്യയിൽ മലയാളി സമാജത്തിനായി മെഗാ തിരുവാതിര ഒരുക്കിയ കലാകൈരളി ദിവ്യ ടീച്ചർ തന്നെയാണ് ഇത്തവണയും മെഗാ ഇനങ്ങളായ നാടൻപാട്ടിന്റെ ചുവടുകൾ, തിരുവാതിര, കിഡ്സ് ട്രൈബൽ ഡാൻസ് എന്നിവ ഒരുക്കിയത്. കാണികളുടെ പ്രശംസ നേടിയ കേരള നടനം കലാമണ്ഡലം സീമ ടീച്ചറും, ഒപ്പന ശ്രീമതി മുനീറ ബഷീറുമാണ് അരങ്ങിൽ എത്തിച്ചത് .നയനമനോഹരമായ കാഴ്ചകളായിരുന്നു ഓരോ പരിപാടിയും. കണ്ണും കാതും മനവും കുളിർപ്പിക്കാൻ ഒരുക്കിയ പരിപാടികൾ ഓരോന്നും മികച്ചു നിന്നു.

സമാജം എക്സിക്യൂട്ടീവുകളുടെ അശ്രാന്ത പരിശ്രമത്തിൽ അണിയിച്ചൊരുക്കിയ കേരളോത്സവത്തിന്റെ ചുക്കാൻ പിടിച്ചത് ചെയർപേഴ്സണും പ്രോഗ്രാം ഡയറക്ടറുമായ ശ്രീമതി ലത ആനന്ദ് നായരാണ്.

കഥകളി കലാകാരൻ ശ്രീ കൃഷ്ണനുണ്ണി ഷോ ഡയറക്ടർ ആയ പരിപാടിയിൽ ഷോ അസോസിറ്റേറ്റ് ആയതു ഖത്തറിലെ പ്രശസ്ത അവതാരകരായ ശ്രീ അരുൺ പിള്ള പ്രവീൺ, ശ്രീമതി മഞ്ജു മനോജ്‌, ശ്രീമതി പ്രേമ ശരത് ചന്ദ്രൻ, ശ്രീമതി ജയശ്രീ സുരേഷ്, ശ്രീ അക്കു അക്ബർ, ശ്രീ രാജീവ്‌ ആനന്ദ് എന്നിവരാണ്. വളർന്നു വരുന്ന കുട്ടി അവതാരിക ആയിഷ ഫാത്തിമയാണ് കുട്ടികളുടെ പരിപാടികൾ നിയന്ത്രിച്ചത്.

മെഡിക്കൽ സപ്പോർട്ടുമായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ യൂണിക്, മലയാളി സമാജത്തോടൊപ്പം ഉണ്ടായിരുന്നു.ഇരുന്നൂറ്റി അമ്പതോളം കോർഡിനേറ്റർമാരും വോളന്റീർമാരും ഉണ്ടായിരുന്ന പരിപാടിയിൽ ശ്രീമതി മിനി ബെന്നി ആയിരുന്നു ലേഡി കോർഡിനേറ്റർ.

ജനപങ്കാളിത്തം കൊണ്ട് മെഗാ സംഗമമായി മാറിയ "കേരളോത്സവം 2022" ഖത്തറിൻ്റെ ചരിത്ര താളുകളിലേക്ക് മലയാളി സമാജത്തിൻ്റെ മറ്റൊരു അടയാളപ്പെടുത്തൽ കൂടിയായി

news

Comments


Page 1 of 0