// // // */
ഈയുഗം ന്യൂസ്
October 03, 2022 Monday 11:52:22pm
ദോഹ: ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ടും ഇൻകാസ് ഖത്തറിന്‍റെ മുഖ്യ രക്ഷാധികാരിയും ആയിരുന്ന പത്മശ്രീ സി കെ മേനോന്‍റെ മൂന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഇന്‍കാസ് ഖത്തര്‍ ആക്ടിംഗ് പ്രസിഡണ്ട് പ്രദീപ് പിള്ളൈയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബു രാജന്‍ മുഖ്യ പ്രഭാഷണം നടത്തി.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ആശ്രയമായിരുന്നു മേനോന്‍ സാറെന്നും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവര്‍ക്കും സഹായം ചെയതിരുന്ന അദ്ധേഹം ഒരേ സമയം മികച്ച സംഘാടകനും ബിസിനസ്സുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നെന്നും പി എന്‍ ബാബു രാജന്‍ അനുസ്മരിച്ചു.
മോഡേൺ ആർട്സ് സെന്‍ററില്‍ വെച്ച് നടന്ന അനുസ്മരണ ചടങ്ങില്‍ ഐ.സി.ബി.എഫ് പ്രസിഡണ്ട് വിനോദ് നായര്‍, ഖത്തര്‍ ഇന്ത്യന്‍ അസോസ്സിയേഷന്‍ പ്രസിഡണ്ട് ഇ.പി അബ്ദു റഹ്മാന്‍, യുവകലാ സാഹിതി ജനറല്‍ സെക്രട്ടറി രാഗേഷ് കുമാര്‍, കേരള ബിസ്സിനസ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ, എം ഇ എസ് സ്കൂള്‍ വൈസ് പ്രസിഡണ്ട് ഖലീല്‍ അമ്പലത്ത്, ഇന്‍കാസ് ഖത്തര്‍ രക്ഷാധികാരി മുഹമ്മദ് ഷാനവാസ് (ഷെറാട്ടണ്‍), അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകുറ്റ്, ഐ.സി.സി മുന്‍ പ്രസിഡണ്ട് എ പി മണികണ്ഠൻ, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗം കെ. വി ബോബന്‍, വര്‍ഗീസ് വര്‍ഗീസ് തുടങ്ങിയവര്‍ സി. കെ മോനോനെ അനുസ്മരിച്ച് സംസാരിച്ചു.
വിവിധ ജില്ലാ കമ്മിറ്റിപ്രസിഡണ്ടുമാര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.