// // // */
ഈയുഗം ന്യൂസ്
August 29, 2022 Monday 12:22:12pm
ദോഹ: ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് -ഓണം കലാസന്ധ്യ ''ഇശൽപൂവിളി -2022" ന്യൂ ഐഡിയൽ സ്കൂളിൽ വെച്ച് അതിഗംഭീരമായി ആഘോഷിച്ചു.
ദോഹയിലെ ആദ്യ ഓണാഘോഷമായ പരിപാടിയുടെ പ്രധാന സ്പോൺസർ റിയാദ മെഡിക്കൽ സെന്റർ ആയിരുന്നു.
വൈകീട്ടു 6 മണിക്ക് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നിന്നും ചെണ്ടമേളം, മഹാബലി, പുലിക്കളി എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന ഘോഷയാത്രയിൽ ഇൻകാസ് ഖത്തർ അംഗങ്ങളും ദോഹയിലെ കലാസ്വാദകരും പങ്കെടുത്തു .
തുടർന്ന് അൽ ഖമർ ഹാളിൽ നടന്ന കലാസന്ധ്യ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറയും മഹാബലിയും ഒരുമിച്ചു ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഇൻകാസ് സ്ഥാപക നേതാവ് ജോപച്ചൻ തെക്കെകുറ്റ്, മുൻ ഐ.സി.സി പ്രസിഡന്റ് എ പി മണികണ്ഠൻ, ലോക കേരളസഭ മെമ്പർ റൗഫ് കൊണ്ടോട്ടി, മുസ്തഫ ഏലത്തൂർ, ഡോം ഖത്തർ പ്രസിഡന്റ് മഷ്ഹൂദ് തിരുത്തിയാട്, ഇൻകാസ് ഖത്തർ ജില്ലാ പ്രസിഡന്റുമാർ, മറ്റു മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പിന്നീട് നടന്ന കലാ സാംസ്ക്കാരിക യോഗത്തിൽ ഐ.എസ്.സി മാനേജ്മെന്റ് കമ്മിറ്റി അംഗം കെ.വി. ബോബൻ, റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, റേഡിയോ മലയാളം സി.ഇ.ഓ അൻവർ ഹുസ്സൈൻ, ഇൻകാസ് മലപ്പുറം ആക്ടിങ് പ്രസിഡന്റ് സിദ്ദിഖ് ചെറുവല്ലൂർ എന്നിവർ ആശംസ അറിയുകയും പ്രോഗ്രാം ചെയർമാൻ വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ഇൻകാസ് മലപ്പുറം ജനറൽ സെക്രട്ടറി അഷറഫ് നന്നമുക്ക് നന്ദിയും രേഖപ്പെടുത്തി.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റായി പുതുതായി തിരഞ്ഞെടുത്ത ഹൈദർ ചുങ്കത്തറയെ മുൻ പ്രസിഡന്റ് ബഷീർ പള്ളിപ്പാട്ട്, ഷാഹുൽ ഹമീദ് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചും ഇൻകാസ് മലപ്പുറം യൂത്ത് വിങ് ടീം മൊമെന്റോ നൽകിയും ആദരിക്കുകയുണ്ടായി .
തുടർന്ന് ദോഹയിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും ഒരുക്കിയ തിരുവാതിരക്കളി, ഒപ്പന, കോൽക്കളി, ക്ലാസിക്കൽ ഡാൻസുകൾ, ബോളിവുഡ് സിനിമാറ്റിക് ഡാൻസുകൾ, പ്രമുഖ ഗായിക -ഗായകർ നയിച്ച സംഗീത നിശ, മെഹന്തി ഫെസ്റ്റ്, കൈതോല നാടൻ പാട്ടു സംഘം അവതരിപ്പിച്ച നാടൻപാട്ടുകൾ എന്നിവ ഇശൽപൂവിളി -2022 എന്ന കലാസന്ധ്യക്കു മിഴിവേകി.
പ്രോഗ്രാം കൺവീനർ റിയാസ് വാഴക്കാട് കലാസന്ധ്യക്കു നന്ദി രേഖപ്പെടുത്തി .