// // // */
ഈയുഗം ന്യൂസ്
August 13, 2022 Saturday 12:35:09pm
ദോഹ: ലോകം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് ഇനി നൂറ് ദിനങ്ങൾ മാത്രം.
ഇനി ആഘോഷത്തിന്റെയും വരവേൽപ്പിന്റെയും പ്രതീക്ഷയുടെയും ദിനങ്ങളാണെന്നും നൂറ് ദിന കൌണ്ട് ഡൌണിന് ഇന്നലെ തുടക്കം കുറിച്ചതായും സുപ്രീം കമ്മിറ്റി അറിയിച്ചു.
ലോക കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് ലഭിച്ചതിന് ശേഷം 12 സുപ്രധാന വർഷങ്ങൾ ഖത്തർ പിന്നിട്ടു എന്നതും ശ്രദ്ധേയമാണ്.
നിരവധി ആഘോഷ പരിപാടികളാണ് മാളുകളും ഹോട്ടലുകളും പ്ലാൻ ചെയ്തിട്ടുള്ളത്. നൂറു ദിന കൌണ്ട് ഡൌൺ ആഘോഷിക്കാൻ ഹമദ് ഇന്റർ നേഷണൽ എയർപോർട്ട് പ്രത്യേക പരിപാടികൾ നടത്തി.
കോർണിഷിലെ വേൾഡ് കപ്പ് ക്ലോക്കിനരികിൽ ഒരു വലിയ ജനക്കൂട്ടം '100 ഡേയ്സ് ടു ഗോ' ബാനർ ഉയർത്തി.
ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വെൻഡോം, മാൾ ഓഫ് ഖത്തർ എന്നിവ ഇ-ഗെയിംസ്, കലാസാംസ്‌കാരിക പരിപാടികൾ, ഫുട്ബോൾ ഗെയിംസ് എന്നിവ സംഘടിപ്പിച്ചു. മത്സരങ്ങളിലെ വിജയികൾക്ക് ലോക കപ്പ് ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകൾ സമ്മാനമായി നൽകും.
ലോക കപ്പിന്റെ വൈബ്സ് അന്തരീക്ഷത്തിൽ ഇപ്പോൾ തന്നെ നിറഞ്ഞുനിൽക്കുന്നതായി പങ്കെടുത്തവർ പറഞ്ഞു.
ഖത്തർ ഫൌണ്ടേഷൻ, കഹ്‌റാമ, ഖത്തർ റെയിൽ, ഖത്തർ ടൂറിസം, ഖത്തർ ഫിനാൻഷ്യൽ സെന്റർ, എച്.എം.സി ഹമദ് എയർപോർട്ട് എന്നിവയും സമൂഹ മാധ്യമങ്ങളിൽ നൂറു ദിന കൌണ്ട് ഡൌൺ ആഘോഷിക്കുന്ന വീഡിയോകൾ പങ്കുവെച്ചു.
വരും ദിവസങ്ങളിൽ രാജ്യത്തുടനീളം കൂടുതൽ ആഘോഷപരിപാടികൾ നടക്കും.