// // // */
ഈയുഗം ന്യൂസ്
August 04, 2022 Thursday 11:59:20am
കൊച്ചി: ഇന്ത്യയിലെ ലുലു മാളുകൾ 2021-22 സാമ്പത്തിക വർഷത്തിൽ 51.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയതായി കെയർ റേറ്റിംഗ്‌സ് ഏജൻസിയെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ ബിസിനസ്സ് ന്യൂസ് പോർട്ടലായ ബിസിനസ് ബെഞ്ച്മാർക് റിപ്പോർട്ട് ചെയ്തു.
തുടർച്ചയായ രണ്ടാം വർഷമാണ് ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ ലിമിറ്റഡ് ഇന്ത്യയിൽ നഷ്ടം രേഖപ്പെടുത്തുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ കമ്പനി 100.54 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
കോവിഡ് മൂലം ഉണ്ടായ ലോക്ക് ഡൗണും റീടൈൽ മേഖലയിലെ മാന്ദ്യവുമാണ് നഷ്ടത്തിന് കാരണം.
ഉപഭോക്താക്കൾ കുറഞ്ഞത് കാരണം മാളുകളിലെ കടകൾ വാടക കുറക്കാൻ ആവശ്യപ്പെട്ടതും നഷ്ടം വർധിപ്പിക്കാൻ കാരണമായതായി റിപ്പോർട്ട് പറയുന്നു.
അതേസമയം കോവിഡ് ഭീഷണി നീങ്ങിയത് മൂലം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബിസിനസ്സിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.
2020-21 ൽ ഓപ്പറേറ്റിംഗ് വരുമാനം 742.8 കോടിയും 2021-22 ൽ ഓപ്പറേറ്റിംഗ് വരുമാനം 1379.9 കോടിയും രേഖപ്പെടുത്തിയപ്പോൾ ഈ വർഷം ആദ്യ പാദത്തിൽ (മൂന്ന് മാസത്തിനുള്ളിൽ) മാത്രം 669 കോടി രൂപ രേഖപ്പെടുത്തി.
കമ്പനി ഇന്ത്യയിൽ നാല് പുതിയ സൂപ്പർമാർക്കറ്റുകൾ തുറക്കുമെന്നും റിപ്പോർട്ട് പറയുന്നു. രണ്ടെണ്ണം കേരളത്തിലും ബെംഗളൂരുവിലും കോയമ്പത്തൂരിലും ഓരോന്നും.