// // // */
ഈയുഗം ന്യൂസ്
August 01, 2022 Monday 04:25:45pm
ദോഹ: ഖത്തറിൽ ജോലി ലഭിക്കുന്നവർക്ക് കേരള പോലീസിന്റെ ശക്തമായ മുന്നറിയിപ്പ് - മയക്കുമരുന്ന് സംഘങ്ങളുടെ കെണിയിൽ വീഴരുത്.
കാരിയർ ആയി ഉപയോഗിക്കാൻ മയക്കുമരുന്ന് മാഫിയ യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്യുന്നതായും സൂക്ഷിച്ചാൽ ഖത്തറിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.
വരാപ്പുഴക്കാരനായ യശ്വന്ത് (23) എന്ന യുവാവ് ദോഹ എയർപോർട്ടിൽ വെച്ച് മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
യശ്വന്തിന്റെ അമ്മ നൽകിയ പരാതിയിൽ മൂന്ന് പേരെ എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഷമീർ എന്ന മറ്റൊരു യുവാവും മയക്കുമരുന്ന് മാഫിയയുടെ കെണിയിൽ പെട്ട് ദോഹ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു.
"ഞങ്ങൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്തു അവരെ ക്യാരിയർമാരായി ഉപയോഗിക്കുകയാണെന്ന് കണ്ടെത്തി. ഖത്തറിലാണ് ജോലി ഓഫർ ചെയ്യുന്നത്. വിസയും വിമാന ടിക്കറ്റും ഫ്രീയായി നൽകിയാണ് സംഘങ്ങൾ യുവാക്കളെ ആകർഷിക്കുന്നത്," മുനമ്പം ഡി.വൈ.എസ്.പി എം.കെ മുരളി പറഞ്ഞു.
ലോക കപ്പ് നടക്കുന്നതിനാൽ ഖത്തറിൽ നിരവധി ജോലി സാധ്യതകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാക്കളെ റിക്രൂട് ചെയ്യുന്നത്.
യശ്വന്തിനെ ജൂലൈ 7 ന് കൊച്ചിയിൽ നിന്നും യു.എ.ഇ വഴിയാണ് ദോഹയിലേക്ക് അയച്ചത്. മയക്കുമരുന്ന് അടങ്ങുന്ന ബാഗ് ദുബായിൽ വെച്ചാണ് മകന് കൈമാറിയതെന്ന് അമ്മ ജയ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ദോഹ എയർപോർട്ടിൽ എത്തിയ ഉടൻ പോലീസ് യശ്വന്തിനെ അറസ്റ്റ് ചെയ്തു.
നിയാസ് കൈപ്പിള്ളി - എടത്തല (33), ആഷിക് നാലകത് - നെല്ലിക്കുഴി (25), രതീഷ് കന്നംകുളത്ത് - വൈക്കം (26) എന്നിവരെയാണ് അമ്മയുടെ പരാതിയിൽ നാട്ടിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ലോക കപ്പ് നടക്കുന്നതിനാൽ ഖത്തറിനെ ലക്ഷ്യമിട്ടിരിക്കുകയാണ് മയക്കുമരുന്ന് സംഘങ്ങൾ. ദിവസേനയെന്നോണം ദോഹ എയർപോർട്ടിൽ യാത്രക്കാരിൽ നിന്നും മയക്കുമരുന്ന് പിടിക്കുന്നു.
ഒരു യാത്രക്കാരനിൽ നിന്നും 2,716 മയക്കുമരുന്ന് ഗുളികകൾ പിടികൂടിയതായി ഖത്തർ കസ്റ്റംസ് അതോറിറ്റി ഇന്ന് (തിങ്കളാഴ്ച) അറിയിച്ചു