// // // */ E-yugam


സ്റ്റാഫ്‌ ലേഖകന്‍
February  10, 2018   Saturday  

news

എന്‍. പി. ഹാഫിസ് മുഹമ്മദ്സമൂഹം ബഹുമാനിക്കുന്നത് ഗള്‍ഫുകാരനെയല്ല, അവന്‌റെ പണത്തെയാണ്. തിരിച്ചെത്തുന്ന ഗള്‍ഫുകാരന്‍ ആര്‍ക്കും വേണ്ടാത്തവനായി മാറുന്നു.

whatsapp

ഗള്‍ഫുകാരന്‌റെ പര്യായമാണ് നിസ്സഹായത. നിസ്സഹായതകൊണ്ടാണ് അവന്‍ നാട് വിടാൻ നിര്‍ബന്ധിതനാവുന്നത്. ഗള്‍ഫില്‍ ജീവിക്കുന്നത് നിസ്സഹായതയില്‍. ആയുസ്സിന്‌റെ നല്ലകാലം അവിടെ ചെലവഴിച്ച് നാട്ടില്‍ തിരിച്ചെത്തുന്നത് വീണ്ടും നിസ്സഹായതയിലേക്ക്; പറയുന്നത് കേരളത്തിലെ പ്രമുഖ എഴുത്തുകാരനും സോഷ്യോളജിസ്റ്റുമായ എന്‍.പി. ഹാഫിസ് മുഹമ്മദ്.

1989 മുതല്‍ ഗള്‍ഫുകാരുടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന ഹാഫിസ് മുഹമ്മദ്. 'പ്രവാസികളുടെ പുസ്തകം' എന്ന പേരില്‍ ഗള്‍ഫു പ്രവാസികളുടെ നാനാമുഖമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

വോട്ടവകാശമോ വിമാനചാര്‍ജ്ജ് കുറക്കലോ അല്ല ഗള്‍ഫു മലയാളിയുടെ അടിസ്ഥാന പ്രശ്‌നമെന്ന് 'ഈയുഗ' വുമായുള്ള ഒരു ടെലഫോണ്‍ അഭിമുഖത്തില്‍ ഹാഫിസ് മുഹമ്മദ് പറഞ്ഞു.

'സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് ഗള്‍ഫുകാരന്റെ പ്രശ്‌നങ്ങള്‍. കേരളത്തിന്റെ സാമ്പത്തിക ഘടനയെ താങ്ങി നിര്‍ത്തുന്നത് അവരാണ്. ഗള്‍ഫിലും നാട്ടിലും അവര്‍ അഭിമുഖീകരിക്കുന്ന സാമൂഹിക, സാംസ്‌കാരിക പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടേ പറ്റൂ' അദ്ദേഹം പറഞ്ഞു.

ഗള്‍ഫുകാര്‍ ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ക്ക് ദിനേനെ കൗണ്‍സിലിംഗ് നല്‍കിവരുന്ന ഹാഫിസ് മുഹമ്മദിന് അവരുടെ ദുഃഖങ്ങളും വേദനകളും ധര്‍മ്മസങ്കടങ്ങളും അടുത്തറിയാം.

നാനാമുഖമാണ് ഗള്‍ഫുകാരന്റെ പ്രശ്‌നങ്ങള്‍. ഏറ്റവും പുതുതായി ഉത്ഭവിച്ചിരിക്കുന്നത് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന ഗള്‍ഫുകാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും അവരുടെ പുനരധിവാസവുമാണ്. അത്തരം നിരവധി ഗള്‍ഫുകാര്‍ അവരുടെ സങ്കടങ്ങളുമായി തന്നെ സമീപിക്കുന്നുണ്ടെന്ന് ഹാഫിസ് മുഹമ്മദ് പറഞ്ഞു. സാമ്പത്തികമായ ആസൂത്രണം ഇല്ലാത്തതാണ് ഗള്‍ഫ് മലയാളിയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്. ഗള്‍ഫ് ജീവിതം, വിദ്യാഭ്യാസം കൊണ്ട് ലഭിക്കാത്ത സോഷ്യല്‍ സ്റ്റാറ്റസ് അവര്‍ക്ക് നല്‍കുന്നുണ്ട്. അത് നിലനിര്‍ത്തണമെങ്കില്‍ കണ്ടമാനം കാശു വേണം. അപ്പോള്‍ വരുമാനമറിയാതെ ചെലവഴിക്കും. കാശ് കയ്യിലില്ലാതാവുമ്പോള്‍ കടം വാങ്ങും. ഒടുവില്‍ കെണിയിലകപ്പെടും.

രണ്ടുതരം ഗള്‍ഫുകാരുണ്ട്. ഒരു കൂട്ടര്‍ വ്യക്തമായ പ്ലാനിംഗ് ഇല്ലാത്തത് കാരണം ദീര്‍ഘകാലം ഗള്‍ഫില്‍ ജീവിച്ചിട്ടും വെറുംകയ്യുമായി തിരിച്ചുവരേണ്ടി വരുന്നവര്‍. രണ്ടാമത്തെ വിഭാഗം കാശ് കയ്യിലുണ്ടായിട്ടും എന്ത് ചെയ്യണം എന്ന് അറിയാത്തവര്‍.

'ഞാന്‍ സാമ്പത്തിക വിദഗ്ദ്ധനല്ല. പക്ഷെ, ഒരുപാട് ഗള്‍ഫുകാര്‍ നാട്ടില്‍ തിരിച്ചെത്തിയിട്ട് എന്ത് ചെയ്യണം എന്ന് അന്വേഷിച്ചുകൊണ്ട് എന്റെയടുത്ത് വരാറുണ്ട്. ഒരു കാലത്ത് എല്ലാവരും കൂടി എസ്.റ്റി.ടി ബൂത്ത് തുടങ്ങി. അതിന് മാര്‍ക്കറ്റ് ഇല്ലാതായപ്പോള്‍ ഹോട്ടല്‍ ബിസിനസ്സിലേക്ക് ചുവടുമാറ്റി. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ നിറയെ റസ്റ്റോറന്റുകളാണ്. ഒന്ന് തുറക്കുമ്പോള്‍ വേറൊന്ന് പൂട്ടുന്നു, പിന്നെയും തുറക്കുന്നു. ഗള്‍ഫുകാരാണ് കാര്യമായും ഇതില്‍ പണമിറക്കുന്നത്, ' ഹാഫിസ് പറഞ്ഞു. സമൂഹം ബഹുമാനിക്കുന്നത് ഗള്‍ഫുകാരനെയല്ല, അവന്‌റെ പണത്തെയാണ്. തിരിച്ചെത്തുന്ന ഗള്‍ഫുകാരന്‍ ആര്‍ക്കും വേണ്ടാത്തവനായി മാറുന്നു. ബാപ്പയും ഉമ്മയും പോലും തിരിഞ്ഞു നോക്കില്ല. ഒടുവില്‍ 'ഗര്‍ഷോം' എന്ന സിനിമയിലെ ഗള്‍ഫുകാരന്റെ ഭാര്യ പറയുന്നപോലെ 'നിങ്ങള്‍ ഗള്‍ഫിലേക്ക് തന്നെ തിരിച്ചു പൊയ്‌ക്കോ' എന്ന വാക്കുകള്‍ക്ക് മുന്നില്‍ വീണ്ടും അവന്‍ നിസ്സഹായനാവുന്നു.

ഗള്‍ഫിലെ കാക്കത്തൊള്ളായിരം മലയാളി സംഘടനകള്‍ ഈ പ്രശ്‌നങ്ങളൊന്നും അഡ്രസ്സ് ചെയ്യുന്നില്ലെന്ന് ഹാഫിസ് മുഹമ്മദ് ചൂണ്ടിക്കാണിക്കുന്നു. കലാ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് അവരുടെ ഊന്നല്‍. സൗദിയില്‍ നിതാഖത്ത് പ്രഖ്യാപിച്ചപ്പോള്‍, അതിനെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് മലയാളികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പോലും സംഘടനകള്‍ രംഗത്തുണ്ടായിരുന്നില്ല. ഗള്‍ഫിലെ മിക്ക സംഘടനകളിലും സാധാരണക്കാര്‍ക്ക് പങ്കാളിത്തം കുറവാണ് എന്നതും ഒരു വസ്തുതയാണ്. ഒരു വ്യക്തി എന്ന നിലയില്‍ ഗള്‍ഫുകാരന്‍ അഭിമുഖീകരിക്കുന്ന മേല്‍ പ്രശ്‌നങ്ങള്‍ക്ക് പുറമെ കുടുംബ ജീവിതത്തില്‍ അതി ഗുരുതരമായ മറ്റു പലതരം പ്രശ്‌നങ്ങള്‍ അവര്‍ അഭിമുഖീകരിക്കുന്നുണ്ട്.

കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഒരു പ്രശ്‌നം. കൗമാരപ്രായക്കാരായ പ്രവാസികളുടെ മക്കള്‍ ഗള്‍ഫിലും, നാട്ടിലും അഭിമുഖീകരിക്കുന്ന മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഗള്‍ഫിലെ അടച്ചിട്ട ഫ്‌ളാറ്റ് ജീവിതത്തിന്‌റെ സൃഷ്ടിയാണ് പലതും. ബന്ധനങ്ങള്‍ ഭേദിച്ച് പലപ്പോഴും ആണ്‍കുട്ടികളും പെണ്‍കുട്ടികളം സ്വകാര്യായി ഒത്തു ചേരുന്നു, പ്രേമബന്ധങ്ങള്‍ സ്ഥാപിക്കുന്നു. അവിശുദ്ധമായ കൂട്ടുകെട്ടുകളില്‍ ചെന്നു ചാടുന്നു. നാട്ടില്‍ ഇതൊന്നും വലിയ ഇഷ്യു അല്ല. പക്ഷെ ഗള്‍ഫിലെ അടഞ്ഞ സാമൂഹിക ഘടനയില്‍ ഇത് മാതാപിതാക്കളില്‍ വലിയ പ്രശ്‌നങ്ങളും ആകുലതകളും സൃഷ്ടിക്കുന്നു.

'ഒരിക്കല്‍ ഖത്തറില്‍ ഒരു കൂട്ടം ആണ്‍കുട്ടികളും പെണ്‍കുട്ടികളും രക്ഷിതാക്കള്‍ അറിയാതെ ഒരു ഫ്‌ളാറ്റില്‍ ഒരുമിച്ചു കൂടി. അസാന്മാര്‍ഗ്ഗികമായി അവരൊന്നും ചെയ്തിട്ടില്ലെങ്കില്‍ പോലും, തന്‌റെ മകന്‍ ഇനിയും ഇത്തരം ഒരു അവസ്ഥയില്‍ ചെന്നു ചാടാതിരിക്കാന്‍ എന്ത് ചെയ്യണം എന്നാണ് അസ്വസ്ഥനായ ഒരു പിതാവ് എന്നെ വിളിച്ചു ചോദിച്ചത്, " ഹാഫിസ് പറഞ്ഞു.

ഒരേ സമയം നിരവധി പ്രേമബന്ധങ്ങളില്‍ കുടുങ്ങിയ കൗമാരപ്രായരെക്കുറിച്ച പരാതികള്‍ ഗള്‍ഫിലെ രക്ഷിതാക്കളില്‍ നിന്ന് തനിക്ക് ലഭിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപരിപഠനാര്‍ത്ഥം നാട്ടിലെത്തുന്ന കുട്ടികളുടെ പ്രശ്‌നം വ്യത്യസ്ഥമാണ്. മാതാവും പിതാവും ചിലപ്പോള്‍ ഗള്‍ഫിലായിരിക്കും. അവരുടെ മക്കളെ നോക്കാനുണ്ടാവുക പ്രായമായ അവരുടെ മാതാപിതാക്കള്‍. കൗമാരപ്രായക്കാരെ അവര്‍ക്ക് എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും?

പലപ്പോഴും പിതാവ് ഗള്‍ഫിലും മാതാവ് നാട്ടിലുമായിരിക്കും. പ്ലസ് ടു പ്രായം വരെ മക്കളെ നിയന്ത്രിച്ചു നിര്‍ത്താന്‍ മാതാവിന് കഴിഞ്ഞെന്നിരിക്കും. അത് കഴിഞ്ഞാല്‍ അവര്‍ കയര്‍ പൊട്ടിക്കും. പ്രായത്തിന് അനുയോജ്യമായ രീതിയില്‍ അവരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള വിദ്യാഭ്യാസമോ പരിചയമോ മിക്ക മാതാക്കള്‍ക്കും ഉണ്ടാവുകയില്ല. അവരെ അതിന് പരിശീലിപ്പിച്ചെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അപൂര്‍വ്വമായേ നാട്ടില്‍ നില നില്‍ക്കുന്ന മത, സാമൂഹിക സംഘടനകളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നുള്ളൂ.

മുതിര്‍ന്നവരുടെ പ്രശ്‌നം ഗള്‍ഫിലെത്തിയതിന് ശേഷം സംഭവിക്കുന്ന വിവാഹേതര ബന്ധങ്ങളാണ്. ഒരു പഴയ കാമുകിയെ കാലങ്ങള്‍ക്കുശേഷം കണ്ടുമുട്ടുന്നത് ഗള്‍ഫില്‍ വെച്ചായിരിക്കും. അത് ഒരു പുതിയ ബന്ധത്തിന് തുടക്കമാവുകയും വൈവാഹിക ജീവിതത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങളുണ്ടായാല്‍ അതിനെ എങ്ങനെ അഭിമുഖീകരിക്കണമെന്നോ കൈകാര്യം ചെയ്യണമെന്നോ ഗള്‍ഫില്‍ കുടുംബവുമായി ജീവിക്കുന്ന മലയാളികളില്‍ അധികപേര്‍ക്കും അറിയില്ല. അതിനുവേണ്ടിയുള്ള പരിശീലനമോ കൗണ്‍സിലിങ്ങോ അവര്‍ക്ക് ലഭിക്കുന്നില്ല.

കോഴിക്കോട് സര്‍വകലാശാലയില്‍ സോഷ്യോളജി വകുപ്പിന്റെ തലവനായി സേവനമനുഷ്ഠിക്കുന്ന ഹാഫിസിന്റെ അഭിപ്രായത്തില്‍ ഗള്‍ഫിലേയും നാട്ടിലേയും മലയാളികളുടെ മത, സാമൂഹിക സംഘങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ ഏറ്റെടുക്കേണ്ട കാലം വൈകി. അവരുടെ സാമൂഹിക പ്രശ്‌നങ്ങളെയും സാമ്പത്തിക പ്രശ്‌നങ്ങളെയും ഒരേ സമയം അഭിമുഖീകരിക്കുന്ന പദ്ധതികളുടെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞു.

Comments


   E-yugam [url=http://www.g85uusp7z74jq79421gs76vuy490pi9ss.org/]umbrsgtnpcp[/url] ambrsgtnpcp mbrsgtnpcp http://www.g85uusp7z74jq79421gs76vuy490pi9ss.org/

Page 1 of 1