// // // */
ഈയുഗം ന്യൂസ്
June 23, 2022 Thursday 11:22:13am
ദോഹ: അഗ്രിക്കൾച്ചർ മേഖലയിൽ ഖത്തറിനെ വൻ ശക്തിയാക്കാനും പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യാനും കഴിയുന്ന രീതിയിൽ ഖത്തറിൽ മെഗാ ഫാം നിർമിക്കുമെന്ന് ഇൻഫാം കമ്പനി സി.ഇ.ഓ എറേസ് ഗലോൻസ്ക പറഞ്ഞു.
ഫാമിന്റെ പ്രവർത്തനം അടുത്ത വർഷം തുടങ്ങും. ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയാണ് ഇൻഫാം.
ദോഹയിൽ നടക്കുന്ന ഖത്തർ ഇക്കണോമിക് ഫോറത്തിൽ 'ഭക്ഷ്യ സുരക്ഷ അപകടത്തിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗലോൻസ്ക.
വിപ്ലവകരമായ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. രാജ്യത്തെ കാലാവസ്ഥക്കനുയോജ്യമായ അത്യാധുനിക സാങ്കേതികവിദ്യയും വെർട്ടിക്കൽ ഫാർമിംഗും ഉപയോഗിക്കുന്നതിന് പുറമെ കയറ്റുമതി ചെയ്യാൻ അന്താരാഷ്‌ട്ര തലത്തിൽ നെറ്റ്‌വർക്ക് സ്ഥാപിക്കുമെന്നും കൃഷിയിൽ ഖത്തറിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കുമെന്നും ഇത് മറ്റു ഫാമുകൾക്കും കൃഷിക്കാർക്കും പ്രചോദനമാകുമെന്നനും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തിൽ തക്കാളിയും സ്ട്രോബെറിയും മറ്റു പഴങ്ങളും ഉത്പാദിപ്പിക്കും.
കഴിഞ്ഞ വർഷം ഖത്തറിൽ 102,000 ടൺ പച്ചക്കറി ഉത്പാദിപ്പിച്ചിരുന്നു. ഈ വർഷം ഉൽപ്പാദനത്തിൽ വർദ്ധനവ് രേഖപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
പ്രകൃതി ദുരന്തവും വിലക്കയറ്റവും കാരണം ഭക്ഷ്യ സുരക്ഷയിൽ ലോകം വെല്ലുവിളി നേരിടുകയാണെന്ന് സെമിനാര് വിലയിരുത്തി.