// // // */
ഈയുഗം ന്യൂസ്
June 20, 2022 Monday 05:24:37pm
ദോഹ: സർവിസുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 900 പൈലറ്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഖത്തർ അയർവേസിന് ലഭിച്ചത് 20,000 പൈലറ്റ് അപേക്ഷകൾ.
ദോഹയിൽ നടക്കുന്ന അയാട്ട സമ്മേളനം അഭിസംബോധന ചെയ്തുകൊണ്ട് ഖത്തർ അയർവേസ് സി. ഇ.ഓ അക്ബർ അൽ ബാക്കർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തെ പ്രമുഖ അയർലൈൻ കമ്പനികളിൽ നിന്നാണ് ഭൂരിപക്ഷം അപേക്ഷകളും വന്നത്. ക്യാബിൻ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ നടത്തിയ ഏക ദിന റിക്രൂട്മെന്റ് ക്യാമ്പിൽ 25,000 പേർ അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ഖത്തർ അയർവേസിനുള്ള പ്രശസ്തിയും ലോക കപ്പ് ഖത്തറിൽ നടക്കുന്നതുമാണ് ലോകമെമ്പാടുമുള്ള പൈലട്ടുമാർ ഖത്തറിൽ ജോലി ചെയ്യാൻ താല്പര്യപ്പെടാൻ കാരണം.
അതേസമയം ലോകത്തെ പല ഭാഗങ്ങളിലും, പ്രത്യേകിച്ചും പാശ്ചാത്യൻ രാജ്യങ്ങളിൽ വിമാന കമ്പനികൾ ജീവനക്കാരുടെ ക്ഷാമം നേരിടുകയാണെന്ന് അൽ ബാക്കർ പറഞ്ഞു.
"കോവിഡ് മൂലം വീട്ടിൽ നിന്ന് ജോലി ചെയ്യാം എന്ന മോശം സ്വഭാവത്തിന് പലരും അടിമപ്പെട്ടു. അതുകൊണ്ട് എവിടെയിരുന്നും ജോലി ചെയ്യാമെന്ന ധാരണ പലരിലും ഉണ്ടായി. പക്ഷെ എയർലൈൻ കമ്പനിയിൽ നേരിട്ട് ജോലി ചെയ്യുന്നവരെയാണ് ആവശ്യം," അദ്ദേഹം പറഞ്ഞു.
വിമാന കമ്പനികൾ നേരിടുന്ന ജീവനക്കാരുടെ ക്ഷാമം അല്പസമയം കൂടി നിലനിൽക്കും. ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം, അദ്ദേഹം പറഞ്ഞു.
കോവിഡ് മൂലം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം സർവിസുകൾ പൂർണമായും പുനരാരംഭിച്ചപ്പോൾ സ്റ്റാഫിനെ തിരിച്ചെടുക്കാൻ പ്രയാസപ്പെടുകയാണ് അയർലൈൻ കമ്പനികൾ.