// // // */
ഈയുഗം ന്യൂസ്
May 11, 2022 Wednesday 01:11:23pm
ദോഹ: ഖത്തർ എയർവെയ്സ് ഫ്ലൈറ്റിൽ ചായക്കപ്പ് മറിഞ്ഞ് തൻ്റെ നാല് വയസ്സുള്ള മകൾക്ക് പൊള്ളലേറ്റതായി അമ്മയുടെ പരാതി.
ദോഹയിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുമ്പോഴാണ് എയർഹോസ്റ്റസ് നൽകിയ ചൂടുള്ള ചായ ഉറങ്ങുകയായിരുന്ന മകളുടെ കാലിൽ ചിന്തിയതെന്നും ഡൈനിങ്ങ് ട്രേയുടെ മോശമായ ഡിസൈൻ ആണ് ഇതിന് കാരണമെന്നും കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പത്രപ്രവർത്തകയായ വലേറിയ പറഞ്ഞതായി സിംഗപ്പൂർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
"ഫ്ലൈറ്റ് അറ്റന്റന്റ് ചായ നൽകാൻ എത്തിയപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു. ട്രേയിലെ കപ്പ് ഹോൾഡറിൽ വെച്ചിരുന്ന ചൂടുള്ള ചായ ഞാൻ ഇരിക്കാൻ ശ്രമിച്ചപ്പോൾ എൻ്റെ കാൽ തട്ടി ഉറങ്ങുകയായിരുന്ന മകളുടെ കാലിൽ പതിച്ചു. രണ്ട് കാലിനും പൊള്ളലേറ്റ അവൾ വേദന സഹിക്കാനാവാതെ ഒരു മണിക്കൂർ കരഞ്ഞു. എയർലൈൻ ജീവനക്കാർ പ്രാഥമിക ചികിത്സ നൽകിയിരുന്നു," വലേറിയ പറഞ്ഞു.
സിംഗപ്പൂർ എയർപോർട്ടിലെ ക്ലിനിക്കിൽ എത്തിയതിന് ശേഷം ചികിത്സ ലഭിക്കാനായി അര മണിക്കൂർ കാത്തിരിക്കേണ്ടി വന്നതായും അവർ പറഞ്ഞു.
ഇത്തരം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രക്ഷിതാക്കൾ കരുതിയിരിക്കണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ട്രേ ഡിസൈൻ ചെയ്തപ്പോൾ കപ്പ് വെക്കാനുള്ള സ്ഥാനം താഴ്ഭാഗത്തു വലതു സൈഡിൽ വെച്ചതാണ് മറിയാനുള്ള കാരണമെന്നും മറ്റു വിമാനങ്ങളുടെ ട്രേ പരിശോധിച്ചപ്പോൾ കപ്പ് ഹോൾഡർ മുകൾഭാഗത്താണെന്നും വലേറിയ പറഞ്ഞു.
സംഭവത്തെക്കുറിച് അന്വേഷണം നടത്തുമെന്ന് ഖത്തർ എയർവെയ്സ് അറിയിച്ചു.