// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  09, 2018   Friday  

news



ഈയിടെ ഒരു സ്ത്രീ വിവാഹമോചനം ആഘോഷിച്ചത് കുടുംബക്കാരെ മുഴുവൻ വിളിച്ചു വരുത്തി രണ്ട് ദിവസം കുശാലായ സദ്യ നൽകിയാണ്.

whatsapp

റിയാദ്: വിവാഹം പോലെ വിവാഹ മോചനവും ആഘോഷിക്കാറുണ്ടോ? അങ്ങിനെ കൊണ്ടാടാൻ പറ്റിയ വല്ല സന്തോഷ ഘടകവും അതിലുണ്ടൊ? അതെ എന്നാണ് സൗദി അറേബ്യയിലെ പുത്തൻ അനുഭവങ്ങൾ പറയുന്നത്.

വിവാഹമോചനം കൊണ്ടാടുന്ന പ്രവണത സൗദിയിൽ ഈയിടെയായി കൂടിവരികയാണ് എന്ന് പ്രാദേശിക ഇംഗ്ളീഷ് പത്രമായ അറബ് ന്യൂസ് റിപ്പാർട്ട് ചെയ്യുന്നു. ഒരു ട്രെൻഡ് തന്നെ. 2017ൽ വിവാഹമോചന നിരക്ക് കൂടിയതായി റിപ്പോർടുകളുണ്ട്.

വിധവകളെ സമൂഹം പാർശ്വവത്കരിച്ചിരുന്ന പഴയ അവസ്ഥക്ക് മാറ്റം വരികയും അവർക്ക് സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നതാണ് ഒരു കാരണം. തങ്ങൾ ഒറ്റക്കെല്ല എന്ന തോന്നൽ അവരിൽ ഉളവായിത്തുടങ്ങിയിട്ടുണ്ട്.

ഈയിടെ ഒരു സ്ത്രീ വിവാഹമോചനം ആഘോഷിച്ചത് കുടുംബക്കാരെ മുഴുവൻ വിളിച്ചു വരുത്തി രണ്ട് ദിവസം കുശാലായ സദ്യ നൽകിയാണ്. ആടായിരുന്നു പ്രധാന വിഭവം. തബീഹ എന്ന് പറയുന്ന പ്രത്യേകതരം റോസ്റ്റ്.

കോടതി നടപടികളിലൂടെ വിവാഹ മോചനം സാധ്യമാവാതെ വരുമ്പോൾ ഭാര്യയുടെ പക്ഷത്തുനിന്നുള്ള ഖുൽഅ വഴി മോചനം നേടുന്നവരും കുറവല്ല. ഭാര്യ വിവാഹമൂല്യം (മഹ്റ് ) തിരിച്ചുനൽകി സ്വയം വേർപെടുന്ന രീതിക്കാണ് ഖുൽഅ എന്ന് പറയുന്നത്. നിയമപ്രകാരം കോടതിക്ക് ത്വലാഖിന് അനുവാദം നൽകാൻ പറ്റാതെ വരുമ്പോഴാണ് സ്ത്രീ അതിന് നിർബന്ധിത യാവുന്നത്.

അങ്ങിനെ ഖുൽഅ നടത്തിയ സ്ത്രീയോട് അതൊന്ന് ആഘോഷിക്കേണ്ടേ എന്നായി സ്വന്തം സഹോദരൻ..അങ്ങിനെ അവർ ഒരു ഫ്ളാറ്റിൽ മുറിയെടുത്ത് സദ്യ വിളമ്പി. ബന്ധുക്കളെ മാത്രമല്ല, ചിരപരിചിതരായ സുഹൃത്തുക്കളെയും ക്ഷണിച്ചു വരുത്തിയിരുന്നു. ഇതേപറ്റി അവരുടെ മകൻ പറഞ്ഞത് ഉപ്പ ഉമ്മയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു എന്നാണ്. സദ്യക്ക് മുമ്പായി കേക്ക് മുറിക്കുന്ന ഏർപ്പാടും തുടങ്ങിയിട്ടുണ്ട്. കുടുംബക്കാർ വിവാഹമോചന സമ്മാനമായി കേക്ക് നൽകും.

ഭർത്താവിൽ നിന്ന് വേർപെട്ടു കഴിയാൻ വിധിക്കപ്പെടുന്നത് ഒരു ഭാഗ്യവും സ്വാതന്ത്ര്യം നേടലുമായി തോന്നുന്നവരാണ് സൗദിയിലെ പല പെണ്ണുങ്ങളും എന്നാണ് അനുഭവസ്ഥർ പറയുന്നത്.

ഭർത്താവിന്റെ ഇരപിടുത്തത്തിൽ നിന്ന് രക്ഷ കിട്ടുന്നത് വലിയ കാര്യമല്ലേ.പിന്നെയെങ്ങിനെ ആഘോഷിക്കാതിരിക്കും? അവർ ഒറ്റക്കല്ല; ദു:ഖിക്കാനുമില്ല എന്ന് കാണിച്ചു കൊടുക്കുകയും വേണം. ഇതാണ് ഒരു വിഭാഗത്തിന്റെ ന്യായീകരണം. എന്നാൽ വേർപെട്ടു പോയവളുടെ കദന ഭാരത്താലുള്ള കരച്ചിലാണ് അത്തരം സദ്യവട്ടങ്ങൾക്കു പിന്നിലെ പ്രേരകം എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിലയിരുത്തൽ. ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവ്. അത്ര തന്നെ.

അങ്ങിനെ നിസാരമാക്കി തള്ളാനാവില്ല മറിച്ച് അസഹനീയതകളിൽ നിന്നും അനീതികളിൽ നിന്നുമുള്ള മോചനം ആഘോഷിക്കപ്പെടണം എന്ന് പറയുന്ന വേറൊരു വിഭാഗവും ഉണ്ട്.

അഭിപ്രായങ്ങൾ പലതുണ്ടെങ്കിലും, വിവാഹമോചനം അനുവദിച്ചു കൊണ്ടുള്ള കോടതി വിധി കേൾകുമ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പിടുന്നവരാണ് സൗദിയിലെ പല സ്ത്രീകളും എന്നാണ്‌ റിപ്പോർട്ട്. അതോടൊപ്പം അവരുടെ പുനർവിവാഹ സാധ്യതയും വർധിച്ചിട്ടുണ്ടത്രേ.

Comments


Page 1 of 0