ദീര്‍ഘനേരം ചടഞ്ഞിരിക്കുന്നത് ഹൃദയത്തിനു ഹാനികരം

ഈയുഗം ന്യൂസ് ബ്യൂറോ     February  08, 2018   Thursday  

newsവ്യായാമം ചെയ്യുന്നവരാണെങ്ങിലും, ദീര്‍ഘനേരം ഇരിക്കുന്നവര്‍ക്ക് ഈ ദോഷഫലത്തിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ലെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

whatsapp

ഒരുപാട് നേരം വെറുതെ ഇരുന്നാൽ അത് നിങ്ങളുടെ ഹൃദയത്തെ ഹാനികരമായി ബാധിക്കുമെന്ന് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നു. എത്ര കൂടുതൽ നേരം ഇരിക്കുന്നുവോ, അത്രയും വേഗം ഹൃദയപേശികൾക്ക് ബലക്ഷയം സംഭവിക്കാൻ വഴിയുണ്ടെന്നാണ് പഠന നിഗമനം.

ഇടയ്ക്കിടെ വ്യായാമങ്ങൾ ചെയ്യാറുണ്ടെങ്കിലും മണിക്കൂറുകളോളം ഇരുന്ന ഇരുപ്പിൽത്തന്നെ ഇരുന്നാൽ, അത് ആരോഗ്യത്തെ ബാധിക്കുമെന്ന് പല പഠനങ്ങളും ഇതിനുമുമ്പും പൊതുവായി പറഞ്ഞിട്ടുണ്ട്. പക്ഷെ ഹൃദയത്തിനു ഇത്ര ഹാനികരമാണ് വെറുതെയുള്ള ഇരിപ്പ് എന്നത് അറിഞ്ഞിരുന്നില്ല.

ഓരോ ദിവസവും ഒൻപതോ അല്ലെങ്കിൽ പത്തോ മണിക്കൂറുകൾ ഇരിക്കുന്നവർക്ക് - ഓഫീസുകളിൽ ജോലി ചെയ്യുന്ന നമ്മളിൽ പലരുമെന്ന് ചുരുക്കം - പ്രമേഹം, ഹൃദ്രോഗം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. വ്യായാമം ചെയ്യുന്നവരാണെങ്ങിലും, ദീര്‍ഘനേരം ഇരിക്കുന്നവര്‍ക്ക് ഈ ദോഷഫലത്തിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ലെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

ഹൃദയസ്തംഭനത്തിന് (ഹൃദയം ക്രമേണ ദുർബലമായി, ശരീരം നന്നായി നിലനിർത്താൻ മതിയായ രക്തം പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥ) ഒരുപാട് നേരം ഇരിക്കുന്നതുമായി ബന്ധമുണ്ടെന്നത് ഇപ്പോൾ വ്യക്തം. പക്ഷെ എങ്ങിനെയാണ് ഹൃദയത്തിന് അധിക ഭാരം കൊടുക്കാത്ത വെറുതെയുള്ള ഇരിപ്പ് അതിനെ ദോഷകരമായി ബാധിക്കുന്നതെന്ന് ഇനിയും പൂർണ്ണമായും മനസ്സിലായിട്ടില്ല.

ഇതിന്നിടയിലാണ്, ലോകമെമ്പാടുമുള്ള ഹൃദ്രോഗ വിദഗ്ദ്ധർ ട്രോപോണുകൾ എന്നൊരു പദാർത്ഥത്തെ ശ്രദ്ധിക്കാൻ തുടങ്ങുന്നത്. കാർഡിയോ-പേശി സെല്ലുകൾ മരിക്കുമ്പോഴോ, അവയ്ക്ക് വല്ല പരുക്കുകൾ പറ്റുമ്പോഴോ ഉല്‍പാദിക്കപ്പെടുന്ന പ്രോട്ടീനുകളാണ് ട്രോപോണുകൾ. ഹൃദയാഘാതം ട്രോപോണുകളുടെ ഒരു സുനാമിതന്നെ രക്തസംക്രമണത്തിലുണ്ടാക്കും.

അൽപ്പം ഉയർന്നുനിൽക്കുന്ന ട്രോപോണിന്‍റെ അളവു പോലും, ഹൃദയാഘാതത്തിന്‍റെ സമയത്തിൽ കാണുന്നതിനെക്കാളും എത്രയോ താഴെയാണെങ്കിലും, വളരെ ഗൗരവകരമായാണ് മിക്ക കാർഡിയോളജിസ്റ്റുകളും ഇപ്പോൾ കാണുന്നത്. ട്രോപോണിന്‍റെ അളവ് കൂടുന്നത് ഹൃദയപേശികളിലുള്ള കുഴപ്പത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് അവർ വിശ്വസിക്കുന്നു. അതിന്‍റെ അളവ് കുറച്ചുകൊണ്ടുവന്നില്ലെങ്ങിൽ, അത് ഹൃദയാഘാതത്തിന് കാരണമാവും എന്നാണു അവരുടെ കണക്കുകൂട്ടൽ.

ഏകദേശം 10 മണിക്കൂറോ അതിൽ കൂടുതലോ ഒരു ദിവസം ഇരിക്കുന്ന ആൾക്കാരുടെ രക്തത്തിൽ ശരാശരി ട്രോപോണിന്‍റെ അളവ് കൂടുതൽ കണ്ടുവരുന്നതായി വേറൊരു പഠനം ഇതിന്നിടയിൽ കണ്ടെത്തിയിട്ടുണ്ട്. ടെക്സാസ് യൂണിവേഴ്സിറ്റി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്റർ മേല്‍നോട്ടം വഹിച്ച ഈ പഠനത്തിൽ , ഇത് തീർച്ചയായും ഹൃദയത്തെ ബാധിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

പക്ഷെ ഒരു നിരീക്ഷണ പഠനമെന്നനിലക്ക്, ഇത് കാണിക്കുന്നത് അധികനേരം ഇരിക്കുന്നത് ട്രോപോണിന്‍റെ അതിപ്രസരവുമായി ബന്ധമുണ്ടെന്നുളളതു മാത്രമാണ്; പക്ഷെ അത് കൂട്ടാനുള്ള നേരിട്ടുള്ള ഏകകാരണമാണോ തുടർച്ചയായ ഇരിപ്പ് എന്ന് ഇനിയും വ്യക്തമാവേണ്ടിയിരിക്കുന്നു. ഇരുന്നുള്ള വിശ്രമം എങ്ങിനെയാണ് കാർഡിയാക് സെല്ലുകളെ ഹാനികരമായി ബാധിക്കുന്നത് എന്നതും ഈ പഠനത്തിനു വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ഒരു പാട് നേരം വെറുതെ ഇരിക്കുന്നതിന്‍റെ പരോക്ഷമായ ഫലങ്ങളായാണ് ടെക്സാസ് യൂണിവേഴ്സിറ്റി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ കാർഡിയോളജിസ്റ്റും പ്രൊഫസറുമായ ഡോ ജെയിംസ് ഡെ ലേമോസ് ഇതിനെ കാണുന്നത്. “എപ്പോഴും ഇരുന്നുകൊണ്ട് ദിവസങ്ങൾ തള്ളിനീക്കുന്ന ഒരാൾക്ക് സാധാരണയായി പൊണ്ണത്തടി, ഇൻസുലിനോടുള്ള പ്രതിരോധം, ഹൃദയത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവ കാണാറുണ്ട്,” ഡോ ഡെ ലേമോസ് പറയുന്നു. “സ്ഥിരമായ വ്യായാമവും, സജീവമായ ജീവിതശൈലിയും ആരോഗ്യത്തിന് പ്രധാനമാണ് എന്നത് എല്ലാ പഠനങ്ങളും കാണിക്കുന്നുണ്ട്,” അദ്ദേഹം ഉപദേശിക്കുന്നു.

ഒരേ സ്ഥലത്തുതന്നെ ഇരുന്ന് ദിവസത്തിലെ അധികസമയവും ചിലവഴിക്കുന്നത് അനാരോഗ്യകരമായ ഒരു സ്വഭാവമാണ്. അതുകൊണ്ട്, ഇരിക്കുന്ന സമയം കുറയ്ക്കുക, കൂടുതൽ വ്യായാമം ചെയ്യാൻ നോക്കുക. ലിഫ്റ്റ്‌ ഒഴിവാക്കി, കഴിയുന്നതും കോണിപ്പടികൾ ഉപയോഗിക്കുക; നടന്നിട്ടോ, നിന്നിട്ടോ മറ്റുള്ളവരുമായി സംസാരിക്കുക എന്ന ചില കാര്യങ്ങൾ സ്വഭാവമാക്കിയാൽ, അവ ആരോഗ്യത്തിനു വളരെ ഗുണകരമാവും.


Sort by